- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴ വിവാദം പുറത്തായത് സിപിഎമ്മിലെ ഉള്പോരില്; പ്രമോദിന്റെ കാലുമാറ്റവും കാരണം; ഒത്തുതീര്‍പ്പിന് റിയല്‍ എസ്റ്റേറ്റുകാര്‍; കോക്കസ് ചര്‍ച്ചയില്‍
തിരുവനന്തപുരം: പി.എസ്.സി. അംഗത്വം വാഗ്ദാനംചെയ്ത് സി.പി.എം. നേതാവ് കോഴവാങ്ങിയെന്ന ആരോപണം സിപിഎം പോലൊരു പാര്‍ട്ടി ഒരിക്കലും വെച്ചുപൊറുപ്പിക്കുന്ന ഒന്നല്ല. എന്നാല്‍, ഇപ്പോള്‍ പുറത്തുവന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ കോഴിക്കോട് സിപിഎമ്മിനുള്ളിലെ ചേരിപ്പോരും ഒരു ആയുധമാണ്. ജില്ലയില്‍ രണ്ട് തട്ടിലാണ് സിപിഎം നേതാക്കലുള്ളത്. കോഴിക്കോട്ടെ രണ്ട് പ്രമുഖ സിപിഎം നേതാക്കളുമായി അടുത്തബന്ധമുള്ളയാളാണ് ആരോപണ വിധേയനാ പ്രമോദ് കോട്ടുളി. എന്നാല്‍, അടുത്തകാലത്തായി ഇയാള്‍ മറ്റൊരു നേതാവുമായി കൂടുതല്‍ അടുത്തു. ഇതോടയാണ് ഇപ്പോഴത്തെ വിവാദ വിഷയം പുറത്തുവന്നത് എന്നതും ശ്രദ്ദേയമാണ്.
ഈ വിഷയം ഇനിയും നീണ്ടുപോയാല്‍ അത് സര്‍ക്കാറിനും പാര്‍ട്ടിക്കും വലിയ തലവേദന ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് പാര്‍ട്ടിക്കുള്ളില്‍തന്നെ വിഷയം ഒതുക്കാന്‍ നേതാക്കളുടെ ശ്രമം. ഇതോടെ പോലീസ് കേസാകാതിരിക്കാന്‍ വീണ്ടും ശ്രദ്ധിക്കും. കോഴിക്കോട്ടെ പലനേതാക്കള്‍ക്കെതിരേയും മറ്റുപല ആരോപണങ്ങളും ഉയരാന്‍ സാധ്യതയുണ്ടെന്നത് മുന്‍നിര്‍ത്തിയാണ് ഈ നീക്കം.
പരാതി പുറത്തുന്നയിക്കുന്ന സ്ഥിതി ഇല്ലാതാക്കാന്‍ ഒത്തുതീര്‍പ്പിന് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ രംഗത്തുണ്ട്. പ്രശ്നം വഷളാവാതിരിക്കാന്‍ പാര്‍ട്ടി പതിവ് ജില്ലാ സെക്രട്ടേറിയറ്റ് യോഗം തിങ്കളാഴ്ച ഒഴിവാക്കി. അതേസമയം, ഇക്കാര്യം ഗൗരവത്തോടെയാണ് സംസ്ഥാനനേതൃത്വം കാണുന്നത്. തട്ടിപ്പുകാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വ്യക്തമാക്കി. എന്നാല്‍, പാര്‍ട്ടി സെക്രട്ടറി അന്വേഷിക്കുമെന്ന് വ്യക്തമാക്കിയിട്ടും താനൊന്നും അറിഞ്ഞില്ലെന്നാമ് മുഹമ്മദ് റിയാസ് പറയുന്നത്.
ജില്ലാകമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് ഒരു കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഉന്നയിച്ച ആരോപണം സിപിഎം ജില്ലാ നേതൃത്വത്തിലെ ചില നേതാക്കളെ ഉന്നമിട്ടാണ്. ഇത് അവര്‍ക്കും ബോധ്യമുണ്ട്. ഇവര്‍ തിരിച്ചടിക്കാന്‍ അവസരം കാത്തിരിക്കുകയുമാണ്. ഇതോടെയാണ് വിഷയം ഒത്തുതീര്‍ക്കാര്‍ നീക്കം സജീവമായിരിക്കുന്നത്. ഒരു റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന് ഓഫീസിലും പരിസരത്തും നേതാക്കള്‍ക്കൊപ്പവും നിരന്തരസാന്നിധ്യമായി നില്‍ക്കുന്നതാണ് 'കോക്കസ്' ആരോപണത്തിന്റെ അടിസ്ഥാനം. കോഴവാങ്ങിയ ഏരിയാകമ്മിറ്റി അംഗവും ഇതിന്റെ ഭാഗമാണെന്നാണ് ഒരുവിഭാഗം നേതാക്കള്‍ പറയുന്നത്.
പാര്‍ട്ടി അന്വേഷണം കടുപ്പിച്ചാല്‍ പല റിയല്‍ എസ്റ്റേറ്റ് ബിസിനസുകളിലേക്കും അത് എത്തുമെന്നതാണ് പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ 'ബിസിനസ്' ക്ലാസിലുള്ളവര്തന്നെ രംഗത്തിറങ്ങിയത്. പരാതി പുറത്തുവരില്ലെന്ന് ഉറപ്പാക്കിയതോടെയാണ് ആരോപണവിധേയനായ നേതാവ് പരസ്യമായി പ്രതികരിച്ചതെന്നാണ് സൂചന. പണം തിരിച്ചുകിട്ടുമെന്ന ഉറപ്പ് ലഭിച്ചതിനാല്‍ പരാതിക്കാരും രംഗത്തുവരില്ല.
പി.എസ്.സി. അംഗത്വത്തിന് കോഴവാങ്ങിയെന്നകാര്യം പുറത്തുവന്നതോടെ കോഴിക്കോട്ട് പാര്‍ട്ടിക്കുള്ളില്‍ പുകയുന്നത് റിയല്‍ എസ്റ്റേറ്റ് അടക്കമുള്ള വന്‍കിട ഇടപാടുകളുടെ വിവരങ്ങളാണ്. ഭൂമി ഇടപാടുകള്‍, ക്വാറി ഇടപാടുകള്‍, വന്‍കിട കെട്ടിടനിര്‍മാതാക്കളുമായുള്ള ചങ്ങാത്തം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ വാടകയ്ക്കെടുത്ത് മറിച്ചുനല്‍കുന്ന ഇടപാടുകള്‍ എന്നിവയെല്ലാം ഇതിലുണ്ട്. ചില ക്വാറി ഇടപാടുകളിലും നേതാക്കളുടെപേരില്‍ ആരോപണമുണ്ട്.
സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കൊട്ടൂളിയാണ് കോഴ വാങ്ങിയതെന്നാണ് ആരോപണം ഉയര്‍ന്നത്. വിഷയത്തില്‍ പാര്‍ട്ടി പരാതിക്കാരുടെ മൊഴിയും രേഖപ്പെടുത്തി. കോഴ ആരോപണം സംബന്ധിച്ച് മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെ പാര്‍ട്ടിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. പ്രമോദ് കൊട്ടൂളിക്കെതിരെ നടപടിക്ക് നാലംഗ കമ്മീഷനെയും സിപിഎം നിയോഗിച്ചു. സിഐടിയു നേതാവടക്കമുള്ള നാലംഗ കമ്മീഷനെയാണ് അന്വേഷണത്തിന് പാര്‍ട്ടി നിയോഗിച്ചത്.
ആരോപണത്തിന് പിന്നാലെ പ്രമോദിനെ സിപിഎം, സിഐടിയു പദവികളില്‍ നിന്ന് നീക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. സിപിഎമ്മിലെ പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളാണ് പ്രമോദ്്. മന്ത്രി മുഹമ്മദ് റിയാസിനെ ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ പല തരികിടകളും നടത്തുന്നത് എന്നാണ് ആക്ഷേപണം. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി സഹയാത്രികനില്നിന്നാണ് 22 ലക്ഷം രൂപ കൈപ്പറ്റിയത്. മന്ത്രി റിയാസിന്റെ പേര് പറഞ്ഞാണ് തട്ടിപ്പ് എന്നാണ് അറിയുന്നത്.
60 ലക്ഷം രൂപയാണ് ആദ്യം ചോദിച്ചത്. പിന്നീട് അത് 22 ലക്ഷമാക്കി കുറച്ചു. എന്നാല്‍ സിപിഎം പിഎസ്സി അംഗങ്ങളെ തീരുമാനിച്ചപ്പോള്‍ അതില്‍ ഈ വ്യക്തി ഉള്‍പ്പെട്ടിരുന്നില്ല. മന്ത്രിയുടെ അയല്‍വാസി കൂടിയാണ് പ്രമോദ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ പ്രമേദിന്റെ പേര് പുറത്തുവന്നത് കൂട്ടുകച്ചവടത്തിലെ ബലിയാടാക്കല്‍ ആണെന്ന ആക്ഷേപവും രാഷ്ട്രീയ പ്രതിയോഗികള്‍ ഉന്നയിച്ചു.
തുടര്‍ന്ന് പണം കൈപ്പറ്റിയ നേതാവ് ആയുഷില്‍ ഉയര്‍ന്ന പദവി വാഗ്ദാനം ചെയ്തെങ്കിലും അതും നടന്നില്ല. തുടര്‍ന്ന് പണം തിരിച്ചുചോദിച്ചെങ്കിലും വാങ്ങിയ പണം ഇതുവരെ തിരികെ നല്‍കിയിട്ടില്ല.പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള പരാതിക്കാരന്, സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയതിന് പിന്നാലെ പ്രാഥമിക അന്വേഷണം നടത്തി സംഭവത്തില്‍ കഴമ്പുള്ളതായി കണ്ടെത്തി. പരാതി ജില്ലാ കമ്മിറ്റിക്ക് കൈമാറിയിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടക്കട്ടെയെന്നാണ് മന്ത്രി റിയാസിന്റെയും നിലപാടെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.
അതേസമയം നേരത്തെും കോഴിക്കോട്ട് ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഭരണത്തിന്റെ തണലില്‍ ഒരു വിഭാഗം നന്നായി മുതലെടുക്കുന്നുവെന്ന് ആരോപണമുണ്ട്. മൂന് എംഎല്‍എ ജോര്‍ജ് എം തോമസിന്റെ നേരെയുണ്ടായ വിവാദം, കിനാലൂര്‍ എസ്്റ്റേറ്റ് വിവാദകാലത്ത് സിപിഎം കേന്ദ്രകമ്മറ്റിയംഗം എളമരം കീരീമിന്റെ ബന്ധുക്കള്‍ നടത്തിയ ഭൂവിവാങ്ങിക്കൂട്ടലുകള് എന്നിങ്ങനെയുള്ള നിരവധി സാമ്പത്തിക ആരോപണങ്ങള്‍ കോഴിക്കോട്ട് പാര്‍ട്ടിക്കകത്തുണ്ട്. പിണറായി പക്ഷത്തിന്റെ സമ്പൂര്‍ണ്ണ ആധിപത്യമുള്ള സിപിഎം ജില്ലാ നേതൃത്വമാണ് കോഴിക്കോട്ടേത്.