മലപ്പുറം: വിറക് ഇടപാടില്‍ പണം കിട്ടാത്ത വിരോധത്തില്‍ ഹോട്ടലില്‍ അതിക്രമിച്ചു കയറി ഉടമയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യുവാവ് പൊലീസ് പിടിയില്‍. നിലമ്പൂര്‍ ചന്തക്കുന്ന് വൃന്ദാവനം പുതിയത്ത് താജുദ്ദീനെ (37)യാണ് എസ്ഐ ഇ.എന്‍ രതീഷ് അറസ്റ്റ് ചെയ്തത്.

ചന്തക്കുന്നിലെ ഭഗവതി ആലുങ്ങല്‍ ഫിറോസ് ബാബുവിന്റെ പരാതിയിലാണ് നടപടി. വിറക് വാങ്ങിയ ഇനത്തില്‍ പരാതിക്കാരന്‍ അരലക്ഷം രൂപ പ്രതിക്ക് നല്‍കാനുണ്ടെന്ന് പൊലീസ് പറഞ്ഞു. 12ന് പുലര്‍ച്ചെ 5 ന് പ്രതി ഹോട്ടലില്‍ കയറി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും വടിവാള്‍ ഉപയോഗിച്ച് വെട്ടുകയും ചെയ്തെന്നാണു പരാതി.

ഫിറോസ് ബാബുവിന് കൈകാലുകള്‍ക്ക് വെട്ടേറ്റു. ഒഴിഞ്ഞു മാറിയതിനാല്‍ കഴുത്തിന് കൊണ്ടില്ല. ഇന്‍സ്പെക്ടര്‍ മനോജ് പറയട്ടയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. എസ്ഐ അജിത് കുമാര്‍, സീനിയര്‍ സിപിഒ ഷിഫിന്‍ കുപ്പനത്ത്, സിപി ഒമാരായ ജിതി, അജീഷ്, വിവേക്, സജിരാജ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചയ്ക്ക് കരിമ്പുഴ തേക്ക് മ്യൂസിയത്തിന് സമീപം ഹോട്ടലില്‍ നിന്നു താജുദ്ദീനെ പിടികൂടി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.