ന്യൂഡല്‍ഹി: നര്‍മ്മദ ബചാവോ ആന്ദോളന്‍ ആക്ടിവിസ്റ്റ് മേധാ പട്കര്‍ക്ക് എതിരായ അപകീര്‍ത്തി കേസില്‍ ഡല്‍ഹി ഹൈക്കോടതിയുടെ സ്‌റ്റേ. 23 വര്‍ഷം മുമ്പുള്ള അപകീര്‍ത്തിക്കേസില്‍ മേധാ പട്കര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച നടപടിയാണ് സ്റ്റേ ചെയ്തത്.സംഭവത്തില്‍ പരാതിക്കാരനായ ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ വി.കെ. സക്സേനക്ക് കോടതി നോട്ടീസയക്കുകയും മേധ പട്കറിന് 25000 രൂപയുടെ ബോണ്ടില്‍ ജാമ്യം അനുവദിക്കുകയും ചെയ്തു. നോട്ടീസിന് സക്‌സേന സെപ്റ്റംബര്‍ നാലിന് മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.

മേധ പട്കര്‍ക്ക് മാനനഷ്ട കേസില്‍ അഞ്ചുമാസം തടവ് ശിക്ഷ വിധിച്ചത് ഡല്‍ഹി സാകേത് കോടതിയാണ്. നിലവില്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറും, നേരത്തെ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ ചെയര്‍മാനുമായിരുന്ന വി കെ സക്സേന നല്‍കിയ മാനനഷ്ടക്കേസിലാണ് വിധി. സക്സനയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. മേധാ പട്കര്‍ക്ക് മേല്‍ക്കോടതിയെ സമീപിക്കാനായി ഒരു മാസത്തേക്ക് ശിക്ഷാ നടപടി സസ്പെന്‍ഡ് ചെയ്തിരുന്നു.

സക്സേനയ്ക്ക് എതിരെ അപകരീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് കേസ്. ഹവാല ഇടപാടുകളില്‍ ഉള്‍പ്പെട്ടയാളെന്നും ഭീരുവെന്നും സക്സേനയെ മേധ അധിക്ഷേപിച്ചു എന്നായിരുന്നു പരാതി. ഇത് അപകീര്‍ത്തികരമാണെന്ന് കോടതി വിലയിരുത്തി. സക്സേനയുടെ കീര്‍ത്തിക്ക് കോട്ടം വരുത്തുന്നതാണ് പരാമര്‍ശങ്ങളെന്നും കോടതി പറഞ്ഞു. ഗുജറാത്തിലെ ജനങ്ങളെയും അവരുടെ വിഭവങ്ങളെയും വിദേശ താല്‍പര്യങ്ങള്‍ക്ക് അടിയറ വയ്ക്കുന്നുവെന്ന മേധയുടെ പരാമര്‍ശം സക്സേനയുടെ സ്വഭാവദാര്‍ഢ്യത്തിനും പൊതുജനസേവനത്തിനും എതിരെ നേരിട്ടുളള ആക്രമണമാണെന്നും കോടതി മെയ് 24 ലെ വിധിയില്‍ പറഞ്ഞിരുന്നു.

' സത്യത്തെ ഒരിക്കലും തോല്‍പ്പിക്കാനാവില്ല….ഞങ്ങള്‍ ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. ഞങ്ങളുടെ ജോലി ചെയ്യുക മാത്രമാണ് ചെയ്തത്…കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കും', മേധ പ്രതികരിച്ചു.