തൃശൂര്‍: മണപ്പുറം കോംപ്‌ടെക് ആന്‍ഡ് കണ്‍സല്‍റ്റന്റ്‌സ് ലിമിറ്റഡിലെ ജീവനക്കാരി ധന്യ മോഹന്‍ പണം തട്ടിയെടുത്തത് ഓണ്‍ലൈന്‍ ഗോള്‍ഡ് പ്ലാറ്റ്‌ഫോം വഴിയെന്ന് പൊലീസ്. ആറുലക്ഷം രൂപക്കുള്ള സ്വര്‍ണം നിക്ഷേപിച്ചാല്‍ 5 ലക്ഷം വരെ ലോണെടുക്കാം എന്നതായിരുന്നു സ്‌കീം. ഈ സ്‌കീമില്‍ ആറു ലക്ഷം രൂപയുടെ സ്വര്‍ണം നിക്ഷേപിച്ചാണ് ധന്യ തട്ടിപ്പുകള്‍ നടത്തിയതെന്നാണ് പോലിസ് പറയുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു തവണ ധനകാര്യ സ്ഥാപനത്തില്‍ പോകുന്ന ഇടപാടുകാരന് വീട്ടിലിരുന്ന് ലോണെടുക്കാവുന്ന സൗകര്യത്തിലാണ് ധന്യ തട്ടിപ്പ് നടത്തിയത്.

പിടിക്കപ്പെടാതിരിക്കാന്‍ ചെറിയ തുകകള്‍ വീതം ധന്യ തന്റെ അക്കൗണ്ടിലേക്കും മാറ്റിയത്. ഇരുപത്തി അയ്യായിരം മുതല്‍ ഒരു ലക്ഷം വരെയാണ് തന്റെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക് ധന്യ മാറ്റിയത്. അതേസമയം ധന്യ മോഹന്‍ ഓഹരി വിപണിയില്‍ വന്‍ തുകയുടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് പോലിസ് പറയുന്നു. ഇവരുടെ അക്കൗണ്ട് വിവരങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചതില്‍ നിന്നാണ് പൊലീസിന് ഇക്കാര്യം വ്യക്തമായത്. ധന്യ മോഹനെ ഒരാഴ്ചത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് അനേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടു. കസ്റ്റഡി അപേക്ഷ അടുത്ത ദിവസം കൊടുങ്ങല്ലൂര്‍ കോടതി പരിഗണിക്കും.

അതേസമയം ഓണ്‍ലൈന്‍ റമ്മി കളിക്കുന്നതിനായി ധന്യ രണ്ടു കോടിയോളം രൂപയാണ് ചിലവാക്കിയത്. ഇക്കാര്യം പോലിസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇത്രയും പണം ചെലവാക്കിയെങ്കിലും ഇതുവഴി ധന്യയ്ക്ക് പലപ്പോഴായി വരുമാനവും ലഭിച്ചിട്ടുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. ധന്യ ഭര്‍ത്താവിന്റെയും അച്ഛന്റെയും ചില ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടുകളിലേക്കും വന്‍തോതില്‍ പണം കൈമാറിയെന്നു വിവരമുള്ളതിനാല്‍ ഇവരും പൊലീസ് നിരീക്ഷണത്തിലാണ്. ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടിലേക്ക് കുഴല്‍പ്പണ സംഘം വഴി പണം കൈമാറിയോ എന്നും പരിശോധിക്കുന്നുണ്ട്.

ധന്യയുടെയും ബന്ധുക്കളുടെയും നാലു വര്‍ഷത്തെ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചു. ധന്യക്ക് മാത്രം അഞ്ച് അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത്. അച്ഛന്റെ അക്കൗണ്ടിലേക്ക് നാല്പത് ലക്ഷവും ഭര്‍ത്താവിന്റെ അക്കൗണ്ടിലേക്ക് ഇരുപത്തിയഞ്ച് ലക്ഷവും കടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വലപ്പാട്ടെ വീട്ടില്‍ ധന്യ തനിച്ചായിരുന്നു താമസം. ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടിലൂടെ കുഴല്‍പ്പണ സംഘത്തിലേക്കു പണം എത്തിയെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനു വേണ്ടി തിരച്ചില്‍ ആരംഭിച്ചു.

ഏതാനും ദിവസം മുന്‍പു മൈക്രോസോഫ്റ്റ് ലോകവ്യാപകമായി തകരാറിലായപ്പോള്‍ കമ്പനി അക്കൗണ്ടില്‍ നിന്നു ധന്യ അനധികൃതമായി നടത്തിയ ഒരു പണമിടപാടിന്റെ വിവരം മണിക്കൂറുകള്‍ക്കു ശേഷം കമ്പനിയുടെ ശ്രദ്ധയില്‍പ്പെട്ടതാണു തട്ടിപ്പുകള്‍ പുറത്തുവരാന്‍ ഇടയാക്കിയതെന്നു സംശയിക്കുന്നു. എണ്‍പത് ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ തുടങ്ങിയ പൊലീസ് അന്വേഷണമാണിപ്പോള്‍ 19.94 കോടി തട്ടിയെന്ന കണ്ടെത്തലില്‍ എത്തിയിരിക്കുന്നത്.

എട്ട് അക്കൗണ്ടുകള്‍ വഴി 8000 ഇടപാടുകളിലൂടെ 20 കോടിയോളം രൂപ ധന്യ തട്ടിച്ചെന്നാണു വിവരം. ഇതില്‍ അഞ്ച് അക്കൗണ്ടുകള്‍ ധന്യയുടെ പേരിലുള്ളതാണ്. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്കു (സെബി) കമ്പനി വിശദവിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. കൊല്ലം ഈസ്റ്റ് സ്റ്റേഷനില്‍ കീഴടങ്ങിയ ധന്യയെ കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂര്‍ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. രണ്ടു കോടിക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന സര്‍ക്കുലറുള്ളതിനാല്‍ ക്രൈംബ്രാഞ്ചിന് കൈമാറും. ധന്യ പണം കടത്തിയ വഴിതേടിയുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്.