ന്യൂഡല്‍ഹി: വിവാഹസമയത്ത് സമ്മാനമായി നല്‍കുന്ന സ്ത്രീധനം പെണ്‍കുട്ടിയുടെ മാത്രം സ്വത്താണെന്നും വ്യക്തമായ അനുമതിയില്ലാതെ അത് തിരിച്ചുപിടിക്കാന്‍ പിതാവിന് കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സ്ത്രീധനത്തിന്റെ ഏക ഉടമ എന്ന നിലയില്‍ അവകാശം സ്ത്രീക്കു മാത്രമാണ്. അതില്‍ മറ്റാര്‍ക്കും അവകാശമില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

വിവാഹമോചനം നേടിയ സ്ത്രീയുടെ പിതാവ് മുന്‍ ഭര്‍ത്താക്കന്മാരില്‍ (2 തവണ വിവാഹം ചെയ്തു) നിന്ന് സ്ത്രീധനം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

പിതാവിന്റെ പരാതിയില്‍ തെലങ്കാന പൊലീസ് മുന്‍ ഭര്‍ത്താക്കന്മാര്‍ക്കെതിരെ കേസെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍, അന്വേഷണ നടപടി തെലങ്കാന ഹൈക്കോടതി റദ്ദാക്കി. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ പിതാവ് അപ്പീല്‍ നല്‍കിയത്.