ന്യൂഡല്‍ഹി: ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം മാറിനല്‍കിയ സംഭവത്തില്‍ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രി 25 ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. 2009-ല്‍ ചികിത്സയിലിരിക്കേ മരിച്ച പുരുഷോത്തമന്റെയും കാന്തിയുടെയും മൃതദേഹങ്ങള്‍ നല്‍കിയതിലാണ് തെറ്റുപറ്റിയത്. പുരുഷോത്തമന്റെ മക്കളായ പി.ആര്‍. ജയശ്രീയും പി.ആര്‍. റാണിയും നല്‍കിയ പരാതിയിലാണ് സുപ്രീംകോടതി ഉത്തരവ്.

സംസ്ഥാന ഉപഭോക്തൃകമ്മിഷന്‍ ഇവര്‍ക്ക് 25 ലക്ഷംരൂപ 12 ശതമാനം പലിശസഹിതം നഷ്ടപരിഹാരം നല്‍കാന്‍ ആശുപത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേ ആശുപത്രി അധികൃതര്‍ ഹര്‍ജി നല്‍കി. ഹര്‍ജിയില്‍ അഞ്ചുലക്ഷം രൂപ പുരുഷോത്തമന്റെ കുടുംബത്തിനും 25 ലക്ഷം സംസ്ഥാന ഉപഭോക്തൃകമ്മിഷന്റെ നിയമസഹായ അക്കൗണ്ടിലേക്കും നല്‍കാനാണ് ദേശീയ കമ്മിഷന്‍ ആശുപത്രിയോട് ആവശ്യപ്പെട്ടത്.

ഇത് ചോദ്യംചെയ്ത് ആശുപത്രിയും പുരുഷോത്തമന്റെ മക്കളും നല്‍കിയ ഹര്‍ജികളിലാണ് ജസ്റ്റിസ് ഹിമ കോലി അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. സംസ്ഥാന കമ്മിഷന്‍ വിധിച്ച 25 ലക്ഷംരൂപ പുരുഷോത്തമന്റെ കുടുംബത്തിനുമാത്രമായി നല്‍കാന്‍ സുപ്രീംകോടതി വിധിച്ചു. പലിശ 7.5 ശതമാനമാക്കി കുറയ്ക്കുകയും ചെയ്തു. പുരുഷോത്തമന്റെ മക്കള്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി. ചിദംബരേഷനും അഡ്വ. കാര്‍ത്തിക് അശോകും ഹാജരായി.