ന്യൂഡല്‍ഹി: കര്‍ഷക സമരം വീണ്ടും ശക്തമാക്കാന്‍ ഒരുങ്ങി വിവിധ കര്‍ഷക സംഘടനകള്‍. ഇതിന്റെ ഭാഗമായി സ്വാതന്ത്ര്യ ദിനമായ നാളെ രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്താന്‍ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി തീരുമാനിച്ചു. പഞ്ചാബില്‍ അട്ടാരിയില്‍നിന്ന് അമൃത്സറിലെ ഗോള്‍ഡന്‍ ഗേറ്റ് വരെയാകും പ്രധാന മാര്‍ച്ച് നടക്കുക.

അതേസമയം പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ശംഭുവിലേക്കു മാര്‍ച്ച് നടത്താന്‍ സംയുക്ത കിസാന്‍ മോര്‍ച്ചയും (രാഷ്ട്രീയേതരം) തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 15നു ഹരിയാനയില്‍ ദേശീയ തലത്തിലുള്ള കിസാന്‍ മഹാപഞ്ചായത്ത് നടത്താനും രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍നിന്നു ലക്ഷക്കണക്കിനു കര്‍ഷകരെ ഇതില്‍ ഭാഗമാക്കാനും തീരുമാനിച്ചു.

നേരത്തേ കര്‍ഷകരുടെ നേതൃത്വത്തില്‍ പഞ്ചാബില്‍ നിന്നാരംഭിച്ച ട്രാക്ടര്‍ റാലി പഞ്ചാബ്-ഹരിയാന അതിര്‍ത്തികളില്‍ തടഞ്ഞിരുന്നു. ഇതു സംഘര്‍ഷാവസ്ഥയ്ക്കു കാരണമാകുകയും അക്രമങ്ങളില്‍ ഏതാനും പേര്‍ കൊല്ലപ്പെടുകയും ചെയ്തു. പൊലീസ് ഉപരോധം തീര്‍ത്തതോടെയാണു കര്‍ഷകര്‍ക്കു ഡല്‍ഹിയിലേക്കു കടക്കാന്‍ സാധിക്കാതെ വന്നത്. ശംഭുവില്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനു ചര്‍ച്ച നടത്താന്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.