അടൂര്‍: മദ്യപിച്ച് വീട്ടിലെത്തി 29 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. അടൂര്‍ ഏഴംകുളം നെടുമണ്‍ പത്മവിലാസം വീട്ടില്‍ അനന്തകൃഷ്ണ(26)നെയാണ് അടൂര്‍ പോലീസ് അറസ്റ്റുചെയ്തത്. ബുധനാഴ്ച രാത്രി ഏട്ട് മണിയോടെയാണ് ഇയാള്‍ കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അനന്തകൃഷ്ണന്റെ ഭാര്യ താമസിക്കുന്ന പറക്കോട് ബ്ലോക്ക്പടിയിലുള്ള വാടകവീട്ടില്‍വെച്ചാണ് സംഭവം.

മദ്യപിച്ചെത്തിയ അനന്തകൃഷ്ണന്‍ ഭാര്യയുടേയും ഭാര്യാ മാതാവിന്റെയും മുന്‍പില്‍വെച്ച് കട്ടിലില്‍ കിടന്ന കുഞ്ഞിന്റെ ഇരു കാലിലും പിടിച്ച് മുകളിലേക്ക് ഉയര്‍ത്തി കൊല്ലുമെന്ന് ഭീഷണി മുഴക്കുക ആിരുന്നു. ഇതുകണ്ട് ഭയന്നു പോയ കുഞ്ഞിന്റെ അമ്മ കുഞ്ഞിനെ ബലമായി പിടിച്ചുവാങ്ങുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ അടൂര്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി അനന്തകൃഷ്ണനെ പിടികൂടി. ഈ സമയം ഇയാള്‍ പോലീസിനെ അസഭ്യം വിളിക്കുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയുംചെയ്തു. തുടര്‍ന്ന് മല്‍പ്പിടിത്തത്തിലൂടെയാണ് പോലിസ് ഇയാളെ കീഴ്പ്പെടുത്തിയത്. പോലിസ് ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടു പോകും വഴി ഇയാള്‍ പോലീസ് ജീപ്പിന്റെ പുറകിലെ ചില്ല് തല വെച്ചും കൈകൊണ്ടും ഇടിച്ചുപൊട്ടിക്കുകയും ചെയ്തു.

അനന്തകൃഷ്ണന്‍ പതിവായി മദ്യപിച്ച് വീട്ടിലെത്തി ഭാര്യയുമായി വഴക്കിടാറുണ്ടെന്ന് പോലീസ് പറഞ്ഞു. മുന്‍പും അനന്തകൃഷ്ണന്റെ ഉപദ്രവം സംബന്ധിച്ച് ഭാര്യയും മാതാപിതാക്കളും അടൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അടൂര്‍ പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരേ വധശ്രമത്തിനും ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരവും കേസെടുത്തു. കൂടാതെ പോലീസ് ജീപ്പിന്റെ ചില്ല് പൊട്ടിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിനും പോലീസിനെ ആക്രമിച്ചതിനും കേസ് എടുത്തിട്ടുണ്ട്.അടൂര്‍ എസ്.എച്ച്.ഒ. ശ്യാം മുരളി, എസ്.ഐ. ബാലസുബ്രഹ്‌മണ്യന്‍, എസ്.സി.പി.ഒ. ബി. മുജീബ്, സി.പി.ഒ. ശ്യാംകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.