- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലി ഭാരത്തില്‍ മുന്നില്‍; പക്ഷേ പോലീസിന് കിട്ടുന്നത് പോലെ ഒന്നുമില്ല; ഇത് ആമയിഴഞ്ചാനിലെ സൂപ്പര്‍ ഹീറോകളുടെ അവഗണനയുടെ കഥ
ആലപ്പുഴ: ആമയിഴഞ്ചാന്‍തോട്ടിലെ രക്ഷാപ്രവര്‍ത്തനം ഫയര്‍ഫോഴ്സിനെ ഹീറോകളാക്കി. ഫയര്‍ഫോഴ്സിന്റെ സ്കൂബാ ഡൈവിംഗ് ടീം കൈയ്യടിയും നേടി. പക്ഷേ കൈയ്യടിയും അഭിനന്ദനവും ആദരിക്കലും മാത്രമേ അവര്‍ക്കുള്ളൂ. ശമ്പളക്കാര്യം വരുമ്പോള്‍ അവഗണനയാണ്.
പോലീസും ഫയര്‍ഫോഴ്സും ആഭ്യന്തര വകുപ്പിന് കീഴിലാണ്. ഒരേ വകുപ്പിന് കീഴില്‍ തുല്യയോഗ്യതയും പരീക്ഷയും ഫിസിക്കല്‍ ടെസ്റ്റും പാസായെത്തുന്ന ഫയര്‍ ഫോഴ്സിന് പൊലീസിനേക്കാള്‍ താഴ്ന്ന ശമ്പള സ്കെയിലാണ്. 2012 വരെ ഒരേശമ്പള സ്കെയിലായിരുന്നു. തുടര്‍ന്നുള്ള ശമ്പള കമ്മിഷന് പരിഷ്കരണത്തിലാണ് അടിസ്ഥാന ശമ്പളത്തില്‍ പൊലീസിനേക്കാള്‍ 3200 രൂപ കുറഞ്ഞത്. പൊലീസിന് ജോലിഭാരം കൂടുതലാണെന്ന ശമ്പളകമ്മിഷന്റെ കണ്ടെത്തലാണ് തിരിച്ചടിയായത്. ഇത് പരിഹരിക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.
ശമ്പളക്കമ്മിഷന്‍ മുന്നില്‍ ജോലിഭാരം വിശദീകരിക്കാന്‍ സാധിച്ചില്ലെന്ന് സേനയില്‍ തന്നെ ആക്ഷേപമുണ്ട്. റിസ്ക്ക്-യൂണിഫോം അലവന്‍സും പൊലീസിനെക്കാള്‍ കുറവാണ്. യൂണിഫോ അലവന്‍സിലും അവഗണന. യൂണിഫോമിനായി വര്‍ഷം രണ്ട് അലവന്‍സ് നല്‍കണമെന്നാണ് സേനയുടെ ആവശ്യം. വര്‍ഷം 5500 രൂപയാണ് നിലവിലെ അലവന്‍സ്.
കേന്ദ്രത്തിന്റെ പൊലീസ് ക്യാന്റീന് ഉപഭോക്താക്കളുടെ പുതിയ പട്ടികയില്‍ നിന്നും ഫയര്‍ ഫോഴ്സിനെ പുറത്താക്കുകയും ചെയ്തു. ഇതോടെ സബ്സിഡി സാധനങ്ങളുടെ ആനുകൂല്യവും ഇല്ലാതായി.ഫയര്‍ ഫോഴ്സിന് സ്വന്തം മാനുവല്‍ പോലുമില്ല.1963ല്‍ നിയമസഭാ പാസാക്കിയ ഫയര്‍ ഫോഴ്സ് ആക്ട് ഇതുവരെ ചട്ടമായി മാറിയിട്ടില്ല. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും അവഗണന.