വയനാട്ടില്‍ വീണ്ടും മയക്കു മരുന്ന് വേട്ട; കാറില്‍ കടത്താന്‍ ശ്രമിച്ച മയക്കുമരുന്നുമായി നഴ്സിംഗ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ച് യുവാക്കള്‍ പിടിയില്‍
- Share
- Tweet
- Telegram
- LinkedIniiiii
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. എക്സൈസ് നടത്തിയ പരിശോധനയില്‍ ബാവലി ചെക്ക്പോസ്റ്റില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച മയക്കുമരുന്നുമായി നഴ്സിംഗ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തു. 204 ഗ്രാം മെത്താഫിറ്റാമിനാണ് പിടിച്ചെടുത്തത്. വയനാട് സ്വദേശികളായ ഫൈസല്‍ റാസി, മുഹമ്മദ് അസനൂല്‍ ഷാദുലി, സോബിന്‍ കുര്യാക്കോസ്, മലപ്പുറം സ്വദേശി ഡെല്‍ബിന്‍ ഷാജി ജോസഫ്, എറണാകുളം സ്വദേശി മുഹമ്മദ് ബാവ എന്നിവരാണ് പിടിയിലായത്.
രണ്ട് ലക്ഷം രൂപയ്ക്ക് ബെംഗളൂരുവിലെ മൊത്ത വിതരണക്കാരനില്‍ നിന്നും വാങ്ങിയ മെത്താഫിറ്റമിന്‍ ഗ്രാമിന് 4000 രൂപ നിരക്കില്‍ ചില്ലറ വില്‍പ്പന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. കല്‍പ്പറ്റ വൈത്തിരി മേഖലകളില്‍ ചില്ലറ വില്‍പ്പനക്കാണ് ഇവര്‍ മയക്കു മരുന്ന് കടത്തിയതെന്ന് എക്സൈസ് പറഞ്ഞു.
ഹ്യുണ്ടായ് ഇയോണ്‍ കാറിന്റെ സ്റ്റിയറിംഗിനു താഴെയുള്ള കവറിംഗിനുള്ളില്‍ ഇന്സുലേഷന് ടേപ്പ് വച്ച് ഒട്ടിച്ചാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്.
മാനന്തവാടി എക്സൈസ്, എക്സൈസ് ചെക്ക് പോസ്റ്റ് ടീം, വയനാട് എക്സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ടീം എന്നിവര്‍ സംയുക്തമായി നടത്തിയ വാഹനപരിശോധനയില്‍ ആണ് മെത്താഫിറ്റമിന്‍ പിടിച്ചെടുത്തത്. ജൂലൈ മാസം വയനാട് ജില്ലയില്‍ എക്സൈസ് കണ്ടെടുക്കുന്ന മൂന്നാമത്തെ ലഹരി മരുന്ന് കേസ് ആണിത്. 20 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് യുവാക്കള്‍ നടത്തിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്നും വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും എക്സൈസ് സംഘം വ്യക്തമാക്കി.