രാജകുമാരി: പ്രായം വെറും അഞ്ചു മാസം… പക്ഷേ ഈ ചെറിയ പ്രായത്തില്‍ ആള് ചില്ലറക്കാരിയല്ല. ജനിച്ച് ദിവസങ്ങള്‍ പിന്നിട്ടതിന് പിന്നാലെ ഇന്റര്‍നാഷനല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചിരിക്കുകയാണ് ക്ലാരിസ ജെഫാലിയ എന്ന ഈ അത്ഭുത കുഞ്ഞ്. 33 പഴവര്‍ഗങ്ങളുടെ ചിത്രങ്ങള്‍ തിരിച്ചറിഞ്ഞാണ് ഇടുക്കിയിലെ ഈ അത്ഭുത കുരുന്ന് ഇന്റര്‍നാഷനല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരിക്കുന്നത്.

ചിന്നക്കനാല്‍ സ്വദേശികളായ ചിലമ്പഴകന്റെയും ജെനിഫറിന്റെയും മകളാണ് ക്ലാരിസ. വസ്തുക്കള്‍ തിരിച്ചറിയാനുള്ള കുഞ്ഞിന്റെ കഴിവ് തിരിച്ചറിഞ്ഞ്, മൂന്നാം മാസം മുതല്‍ അമ്മ ജെനിഫര്‍ കുട്ടിക്കു പരിശീലനം നല്‍കി. ജെനിഫര്‍ പേര് പറയുന്ന പഴത്തിന്റെ ചിത്രം കുട്ടി കൃത്യമായി തൊട്ടുകാണിക്കുകയോ കയ്യില്‍ വാങ്ങുകയോ ചെയ്യും. ഗിന്നസ് റെക്കോര്‍ഡാണ് അടുത്ത ലക്ഷ്യം. കോയമ്പത്തൂരില്‍ ഐടി കമ്പനിയില്‍ ജീവനക്കാരനാണ് ചിലമ്പഴകന്‍. ബയോടെക്‌നോളജി പഠനം പൂര്‍ത്തിയാക്കിയ ജെനിഫര്‍ ബോട്ടില്‍ ആര്‍ട്ടിലും വിദഗ്ധയാണ്.