തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പഴന്തി എസ്.എന്‍. കോളേജില്‍ അധ്യാപകനെ ആക്രമിച്ച സംഭവത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കാന്‍ കോളേജ് കൗണ്‍സില്‍ തീരുമാനം. വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യാന്‍ യോഗം തീരുമാനിച്ചു. നാളെ ഉത്തരവിറങ്ങും. നാല് പേര്‍ യാത്ര ചെയ്ത ബൈക്ക്, കോളേജ് വളപ്പില്‍ കയറ്റിയത് വിലക്കിയതിനാണ് അധ്യാപകനായ ബിജുവിനെ വിദ്യാര്‍ത്ഥികള്‍ കൈയേറ്റം ചെയ്തത്.

എസ്എഫ്‌ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളാണ് അധ്യാപകനെ ആക്രമിച്ചത്. നാലു പേരെയും കേസില്‍ പ്രതി ചേര്‍ത്തതോടെയാണ് അച്ചടക്ക നടപടി. അതേസമയം പ്രതികളായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഒളിവിലാണ്. ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതേ സമയം അധ്യാപകന്‍ ശരീരനിറം വിളിച്ച് കളിയാക്കിയെന്നാരോപിച്ച് പുതിയൊരു പരാതി ഒരു വിദ്യാര്‍ത്ഥി കഴക്കൂട്ടം സ്റ്റേഷനില്‍ നല്‍കി. വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് എടുത്തതിന് പിന്നാലെയാണ് പുതിയ പരാതി നല്‍കിയിരിക്കുന്നത്.