കൂത്തുപറമ്പ്: സ്വര്‍ണവ്യാപാരികളെ തട്ടിക്കൊണ്ടുപോയി 50 ലക്ഷം രൂപ കവര്‍ന്നതായി പരാതി. മഹാരാഷ്ട്ര സാംഗ്‌ളി സ്വദേശികളായ സന്തോഷ് മിശ്ര, അമല്‍ സാഗര്‍ എന്നിവരാണ് കൂത്തുപറമ്പ് പോലീസില്‍ പരാതി നല്‍കിയത്. കുറ്റ്യാടി കേന്ദ്രീകരിച്ച് പഴയ സ്വര്‍ണം വാങ്ങി വില്പന നടത്തുന്നവരാണ് കവര്‍ച്ചയ്ക്കിരയായത്. സംഭവത്തില്‍ കൂത്തുപറമ്പ് പോലീസ് കേസെടുത്തു.

ശനിയാഴ്ച രാത്രി ഏഴോടെ നിര്‍മലഗിരിയിലാണ് സംഭവം. ഇരിട്ടി ഭാഗത്തുനിന്ന് കാറില്‍ വരികയായിരുന്ന വ്യാപാരികളെ പിന്തുടര്‍ന്നെത്തിയ അക്രമിസംഘം നിര്‍മലഗിരി എത്തിയപ്പോള്‍ കാര്‍ തടഞ്ഞുനിര്‍ത്തി പണം കൊള്ളയടിക്കുകയായിരുന്നുവെന്നാണ് പരാതി. അക്രമിസംഘം കാറില്‍ കയറ്റിക്കൊണ്ടുപോയ വ്യാപാരികളെ പിന്നീട് വഴിയില്‍ ഇറക്കിവിട്ടു. പരിഭ്രാന്തരായ നിലയില്‍ വഴിയില്‍ നില്‍ക്കുന്നതുകണ്ട് നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഇവരെ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ചോദ്യംചെയ്തപ്പോഴാണ് പണം നഷ്ടപ്പെട്ട കാര്യം സ്വര്‍ണവ്യാപാരികള്‍ പറഞ്ഞത്. സംഭവത്തില്‍ കൂത്തുപറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.