വയനാട്: ഗൂഗിള്‍മാപ്പ് നോക്കി ഓടിച്ച കര്‍ണാടക സ്വദേശികളുടെ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം. മൂന്നുപേര്‍ക്കു പരിക്കേറ്റു. ചിക്കമഗളൂരു സ്വദേശികളായ ബെനഡിക്ട് (67), ഡിസൂസ (60), ലോറന്‍സ് (62) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 11-ഓടെ പുല്‍പള്ളി ഭാഗത്തേക്കു പോകാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.

ഗൂഗിള്‍മാപ്പ് നോക്കി വരുകയായിരുന്ന ഇവര്‍ സഞ്ചരിച്ച വാഹനം നടക്കാന്‍മാത്രം വീതിയുള്ള പാലത്തിലേക്ക് കയറി താഴ്ചയിലേക്ക് മറിയുക ആയിരുന്നു. 15 അടിയോളം താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. മാനന്തവാടി അഗ്‌നിരക്ഷാസേനാംഗങ്ങളാണ് നാട്ടുകാരുടെ സഹായത്തോടെ പരിക്കേറ്റവരെ രക്ഷിച്ചത്. പരിക്കേറ്റവരെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ബാവലി മഖാമിനു സമീപത്തുള്ള തോടിനു കുറുകെ നിര്‍മിച്ച പാലത്തിലേക്ക് കാര്‍ പാഞ്ഞുകയറുക ആയിരുന്നു. പാലത്തിനു കുറുകെയുള്ള നടപ്പാതയിലേക്ക് കയറിയ വാഹനം ബ്രേക്കിട്ടുനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ തോട്ടിലേക്കു പതിക്കുകയായിരുന്നെന്നു കരുതുന്നു.

മാനന്തവാടി അഗ്‌നിരക്ഷാനിലയത്തില്‍നിന്നുള്ള രണ്ട് യൂണിറ്റുകളെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അസി. സ്റ്റേഷന്‍ ഓഫീസര്‍മാരായ കെ. കുഞ്ഞിരാമന്‍, ഐ. ജോസഫ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഒ.ജി. പ്രഭാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ മനു അഗസ്റ്റിന്‍, കെ.ജി. ശശി, പി.കെ. രജീഷ്, ടി.ഡി. അനുറാം, കെ.ജെ. ജിതിന്‍, ഹോംഗാര്‍ഡ് ഷൈജറ്റ് മാത്യു തുടങ്ങിയവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.