ഇടുക്കി: മൂന്നുമാസമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് അതിഥിത്തൊഴിലാളികള്‍ ദുരിതത്തില്‍. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ ലിമിറ്റഡിന്റെ വാളാര്‍ഡി എസ്റ്റേറ്റിലെ അസം സ്വദേശികളായ നാല് കുടുംബങ്ങളാണ് ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് പട്ടിണിയുടെ വക്കില്‍ കഴിയുന്നത്. കമ്പനി നല്‍കുന്ന ശമ്പളം ഇടനിലക്കാരന്‍ കൈക്കലാക്കിയെന്നാണ് സംശയം.

കുട്ടികളുള്‍പ്പടെ പത്ത് പേരാണ് ദുരിതത്തിലായത്. ഇടനിലക്കാരന്‍ മുഖേന മാസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ ഇവിടെ ജോലിക്കെത്തിയത്. ഒന്നരലക്ഷം രൂപയ്ക്ക് മുകളില്‍ ഇവര്‍ക്ക് കിട്ടാനുണ്ട്. തൊഴിലാളികള്‍ കേരള പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ഓഫീസില്‍ കാര്യം പറഞ്ഞു. നേതാക്കള്‍ ഇവരോടൊപ്പം എത്തി വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. തൊഴിലാളികള്‍ ഇടനിലക്കാരന്‍ വഴി വന്നതിനാല്‍ അയാള്‍ വഴിയാണ് ശമ്പളം കൊടുക്കുന്നതെന്ന് തോട്ടം മാനേജ്‌മെന്റ് പറഞ്ഞു. തൊഴിലാളികള്‍ക്ക് അത് കിട്ടിയില്ലെന്ന പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്നും മാനേജ്‌മെന്റ് പറഞ്ഞു.