തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റിലേക്കു ഗവര്‍ണര്‍ പുതിയ 5 പേരെ നാമനിര്‍ദേശം ചെയ്തു. 4 വിദ്യാര്‍ഥി പ്രതിനിധികളെയും ഒരു അദ്ധ്യാപക പ്രതിനിധിയെയുമാണു നിര്‍ദേശിച്ചത്. നേരത്തെ സെനറ്റിലേക്കുളള ഗവര്‍ണ്ണരുടെ നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കിയിരുന്നു. സര്‍ക്കാരിന്റെ ശുപാര്‍ശ ഇല്ലാതെ ചാന്‍സലറെന്ന നിലയില്‍ സ്വന്തം തീരുമാനപ്രകാരം സെനറ്റ് നിയമനം നടത്താമെന്ന ഗവര്‍ണറുടെ വാദമാണ് ഹൈക്കോടതി റദ്ദാക്കിയത്. യോഗ്യതയുടെ അടിസ്ഥാനത്തില്‍ പുതിയ നാമനിര്‍ദേശം നല്‍കാനും കോടതി ആവശ്യപ്പെട്ടിരുന്നു.

അധ്യാപക പ്രതിനിധിയായി തോന്നക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ സുജിത്ത് എസിനെയാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചത്. മികച്ച വിദ്യാര്‍ഥികളുടെ വിഭാഗത്തില്‍ കേരള സര്‍വകലാശാലയിലെ ഹ്യുമാനിറ്റീസ് വിഭാഗം ഗവേഷക ദേവി അപര്‍ണ ജെ.എസ്, കാര്യവട്ടം ക്യാമ്പസിലെ കെമിസ്ട്രി ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി കൃഷ്ണപ്രിയ ആര്‍, പന്തളം എന്‍.എസ്.എസ് കോളേജിലെ എം.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥി രാമാനന്ദ് ആര്‍, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി ജി.ആര്‍.നന്ദന എന്നിവരെയുമാണ് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തത്.