തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുകയാണ്. ഇതിന്റെ സ്വാധാനത്തില്‍ വരുന്ന അഞ്ച് ദിവസം അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിക്കു പിന്നാലെ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതാണ് കേരളത്തിലെ മഴ വര്‍ധിപ്പിക്കുന്നത്.

ഇന്നു മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ട്. ഇതിനാല്‍ തന്നെ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.

ശക്തമായ കാറ്റില്‍ മരങ്ങളും ശിഖരങ്ങളും ഒടിഞ്ഞു വീഴാന്‍ സാധ്യതയുള്ളതിനാല്‍ മരങ്ങള്‍ക്കടിയില്‍ വാഹനങ്ങള്‍ നിര്‍ത്തരുതെന്ന് കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (കെഎസ്ഡിഎംഎ) മുന്നറിയിപ്പു നല്‍കി. ഓട് മേഞ്ഞതോ ഷീറ്റിട്ടതോ സുരക്ഷിതമല്ലാത്തതോ ആയ വീടുകളില്‍ താമസിക്കുന്നവര്‍ നിര്‍ദേശങ്ങള്‍ക്കനുസൃതമായി സുരക്ഷിതമായ കെട്ടിടങ്ങളിലേക്കു മാറണം. മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ഇന്നു മുതല്‍ 17 വരെ കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ഐഎംഡി അറിയിച്ചു.

അതേസമയം, യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന വയനാട്ടില്‍ മഴ തുടരുകയാണ്. നിലവില്‍ ചൊവ്വാഴ്ച വരെ വയനാട്ടില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം മഴക്കെടുതിയില്‍ കാര്യമായ നാശ നഷ്ടങ്ങള്‍ ജില്ലയില്‍ എവിടെയും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പിണങ്ങോട് റോഡ് പുഴയിലേക്ക് ഇടിഞ്ഞുവീണ മേഖലയില്‍ ജാഗ്രത നിലനില്‍ക്കുന്നുണ്ട്.