- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടക്കന്‍ കേരളത്തില്‍ അതിതീവ്രമഴയ്ക്ക് സാധ്യത; മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്: അടുത്ത അഞ്ച് ദിവസം മഴ ശക്തമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തില്‍ അതിതീവ്രമഴയാണ് പ്രവചിച്ചിരിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ ദിവസങ്ങളായി ശക്തമായ മഴ തുടരുകയാണ്. അത് തീവ്രമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. അടുത്ത 5 ദിവസം വ്യാപകമായി ശക്തമായ മഴയ്ക്കു സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
മഴ ശക്തമാകുമെന്നതിനാല്‍ എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. 18 വരെ സംസ്ഥാന വ്യാപകമായി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ചൊവ്വാഴ്ചയും തീവ്രമഴ തുടരാനാണ് സാധ്യത. ബുധനാഴ്ച ഈ ജില്ലകള്‍ക്ക് പുറമേ മലപ്പുറത്തു തീവ്രമഴയ്ക്ക് ഓറഞ്ച് മുന്നറിയിപ്പ് നല്കി.
കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വടക്കന്‍ കേരള തീരം മുതല്‍ ഗുജറാത്ത് തീരം വരെയായി ന്യൂനമര്‍ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. പശ്ചിമ ബംഗാളിനും, ജാര്‍ഖണ്ഡിനും ഒഡിഷക്കും മുകളിലായി ചക്രവാതച്ചുഴിയും ഉണ്ട്. കേരള തീരത്ത് പടിഞ്ഞാറന്‍, വടക്കു പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുകയാണ്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.
അതേസമയം, മഴ തുടരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, മലപ്പുറം എറണാകുളം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരക്കും. മുന്‍കൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി, പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. കാസര്‍കോട് ജില്ലയില്‍ സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും ഇന്ന് അവധിയായിരിക്കും. കോളേജുകള്‍ക്ക് അവധി ബാധകമല്ല. മാഹിയിലും വിദ്യാഭ്യാസ സ്ഥാപനങങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ യെലോ അലര്‍ട്ടും കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലും മഴ ശക്തമായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴയുടെ സാഹചര്യത്തില്‍ വയനാട്, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.