മുംബൈ: കാന്‍സറിനെ അതിജീവിച്ചവരുടെ നിരവധി കഥകള്‍ നേരത്തെ പുറത്തുവന്നിരുന്നു. മംമ്ത മോഹന്‍ദാസ് അടക്കമുള്ളവര്‍ ഇക്കൂട്ടത്തില്‍ പെട്ടവരാണ്. ഇപ്പോഴിതാ മറ്റൊരു നടികൂടി കാന്‍സറിനെ ചെറുത്തു തോല്‍പ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്. ഹിനാ ഖാനാണ ഈ നടി.

അര്‍ബുദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ആരോഗ്യപുരോഗതിയെ കുറിച്ച് പങ്കുവെച്ച് നടി ഹിനാ ഖാന്‍. കീമോതെറാപ്പി ചെയ്യാനാരംഭിച്ചതിന് ശേഷമുള്ള ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ക്കൊപ്പം ചികിത്സയുടെ പുരോഗതിയും പ്രതീക്ഷയും താരം കുറിപ്പില്‍ സൂചിപ്പിക്കുകയും ചെയ്തു.

'ഈ ചിത്രങ്ങളില്‍ നിങ്ങള്‍ എന്താണ് കാണുന്നത് എന്റെ ശരീരത്തിലെ പാടുകളോ അതോ എന്റെ കണ്ണുകളിലെ പ്രതീക്ഷയോ ആ മുറിപ്പാടുകള്‍ എന്റേതാണ്. അവയെ ഞാന്‍ ഏറെ സ്നേഹത്തോടെ ചേര്‍ത്തണയ്ക്കുന്നു, കാരണം ചികിത്സാ പുരോഗതിയുടെ ആദ്യ സൂചനകളാണവ.

എന്റെ കണ്ണുകളില്‍ കാണുന്ന പ്രതീക്ഷ എന്റെ ആത്മാവിന്റെ പ്രതിഫലനമാണ്. ഇരുണ്ട തുരങ്കത്തിന്റെ മറുവശത്ത് എനിക്ക് പ്രകാശം കാണാനാകുന്നുണ്ട്.'- എന്നായിരുന്നു ഹിനയുടെ വാക്കുകള്‍.