വളാഞ്ചേരി: കെ.എസ്.എഫ്.ഇ. വളാഞ്ചേരി ശാഖയില്‍ മുക്കുപണ്ടം പണയംവെച്ച് അപ്രൈസറടക്കമുള്ള അഞ്ചംഗസംഘം തട്ടിയെടുത്തത് ഏഴു കോടിയിലേറെ രൂപയെന്നു സംശയം. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണത്തിന് കെ.എസ്.എഫ്.ഇ. ശാഖയിലെത്തിയപ്പോഴാണ് ശാഖാ മാനേജര്‍ ലിനിമോള്‍ ഈ സംശയം പ്രകടിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വളാഞ്ചേരി എസ്.എച്ച്.ഒ. ബഷീര്‍ ചിറക്കല്‍ പറഞ്ഞു.

തട്ടിപ്പ് വളരെ ആഴത്തിലുള്ളതാണെന്ന സംശയമുള്ളതിനാല്‍ വിജിലന്‍സ് അന്വേഷണം വേണ്ടിവരുമെന്നും തട്ടിപ്പ് നടന്ന കാലഘട്ടത്തില്‍ ജോലിചെയ്തിരുന്ന ഉദ്യോഗസ്ഥരെ അന്വേഷണപരിധിയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവേഗപ്പുറ വിളത്തൂര്‍ സ്വദേശികളായ പടപ്പത്തൊടി അബ്ദുല്‍ നിഷാദ് (35), കാവുംപുറത്ത് മുഹമ്മദ് ഷെരീഫ്(32), പനങ്ങാട്ടുതൊടി റഷീദലി (40), പറത്തോട്ടില്‍ മുഹമ്മദ് അഷറഫ് (37), ബാങ്കിലെ അപ്രൈസര്‍ വളാഞ്ചേരിയിലെ രാജന്‍ (67) എന്നിവര്‍ക്കെതിരേയാണ് കേസ്. ഇവരെത്തേടി അന്വേഷണസംഘം വീടുകളില്‍ എത്തിയെങ്കിലും വീട് പൂട്ടിക്കിടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.