ന്യൂഡല്‍ഹി: രണ്ടുപതിറ്റാണ്ടിനിടയില്‍ ഇന്ത്യക്ക് നഷ്ടപ്പെട്ടത് 23.3 ലക്ഷം ഹെക്ടര്‍ (23,300 ചതുരശ്ര കിലോമീറ്റര്‍) വനഭൂമി. ആഗോള പരിസ്ഥിതിസംഘടനയായ ഗ്ലോബല്‍ ഫോറസ്റ്റ് വാച്ചിന്റെ പഠനറിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. 2001-2023 കാലഘട്ടത്തിലാണ് ഇത്രയധികം വനഭൂമി ഇന്ത്യയ്ക്ക് നഷ്ടമയാത്. ാജ്യത്തിന് നഷ്ടമായ വനത്തിന്റെ വിസ്തൃതി മേഘാലയ സംസ്ഥാനത്തെക്കാളും വലിപ്പം വരും.

2010-നും 2020-നുമിടെ 2.66 ലക്ഷം ഹെക്ടര്‍ വനഭൂമി (2660 ചതുരശ്ര കിലോമീറ്റര്‍) രാജ്യത്ത് കൂടിയെന്ന് ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയുടെ അവകാശവാദത്തെ തള്ളുന്നതാണ് കണ്ടെത്തല്‍. തുടര്‍ന്ന് കഴിഞ്ഞ മേയില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തോട് വിശദീകരണംതേടി. മറുപടി ഇനിയും കിട്ടിയില്ലെന്നാണ് വിവരം.

സ്വാഭാവിക വനത്തില്‍ 95 ശതമാനം വനനശീകരണവും ഇക്കാലയളവില്‍ സംഭവിച്ചു. 2019-നെ അപേക്ഷിച്ച് 1.54 ലക്ഷം ഹെക്ടര്‍ വനഭൂമി വര്‍ധിച്ചെന്ന് 2021-ല്‍ ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

കേരളം ചെയ്യുന്നത്
വിജ്ഞാപനം ചെയ്യാത്ത വനമുള്‍പ്പെട്ട സര്‍ക്കാര്‍പുറമ്പോക്കുകളെ വനമായി അടയാളപ്പെടുത്തിയിട്ടില്ല. അതിനാല്‍ 1980-ലെ വനസംരക്ഷണനിയമപ്രകാരം ഇവ കേന്ദ്രാനുമതി കൂടാതെ വനേതര ആവശ്യങ്ങള്‍ക്ക് വകമാറ്റും. ഈ രീതി കേരളത്തില്‍ പതിവാണെന്ന് പരിസ്ഥിതിവാദികള്‍ വാദിക്കുന്നു. പ്രധാനപ്പെട്ട ആനത്താരയായി മൂന്നാറിലെ ചിന്നക്കനാല്‍ അണ്‍റിസര്‍വ് ഭൂമിയെ സംസ്ഥാനവിദഗ്ധസമിതി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, ഈ ഭൂമിയിപ്പോള്‍ വാണിജ്യടൂറിസത്തിനായി വിനിയോഗിക്കുകയാണ്. ഈ മേഖലയില്‍ അരിക്കൊമ്പനെ ചൊല്ലിയുയര്‍ന്ന കോലാഹലവും മനുഷ്യ-വന്യജീവി സംഘര്‍ഷം പതിവായതുമെല്ലാം ഇക്കാരണത്താലാണെന്നാണ് വാദം.