കൊച്ചി: സൈബര്‍ തട്ടിപ്പില്‍ കുടുങ്ങിയ കൊച്ചി കാക്കനാട് സ്വദേശിക്ക് നഷ്ടമായത് ഏഴു കോടി രൂപ. വിദേശ കറന്‍സി ട്രേഡിംഗ് വഴി ലാഭം ഉണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ പണം തട്ടിയത്. ഇന്‍ഫോ പാര്‍ക്കിലെ പ്രമുഖ കമ്പനിയുടെ ഉടമയ്ക്കാണ് ഒരൊറ്റ ഗൂഗിള്‍ സെര്‍ച്ചിലൂടെ കോടികള്‍ നഷ്ടമായത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് വന്‍ തട്ടിപ്പിന്റെ തുടക്കം. പത്തു മാസം കൊണ്ടാണ് ഇത്രയധികം തുക തട്ടിയെടുത്തത്. ഈ കാലയളവില്‍ ഇദ്ദേഹത്തിന് തട്ടിപ്പിനെ കുറിച്ച് ഒരു സംശയം പോലും തോന്നിയില്ല.

തട്ടിപ്പ് കമ്പനി നിര്‍ദേശിച്ച 12 അക്കൗണ്ടുകളിലേക്കാണ് യാതൊരു സന്ദേഹവും ഇല്ലാതെ ഇദ്ദേഹം പണം അയച്ച് നല്‍കിയത്. ടെലഗ്രാമിലൂടെയായിരുന്നു പത്തു മാസത്തോളം നീണ്ടുനിന്ന കൊടുംചതി. അമേരിക്കയിലേക്ക് നേരിട്ട് പണമയക്കാന്‍ എന്ത് ചെയ്യണമെന്ന് ഗൂഗിളില്‍ പരതിയതോടെയാണ് ഇദ്ദേഹത്തിന്റെ കഷ്ടകാലത്തിന് തുടക്കമായത്. സ്റ്റാര്‍ബാനര്‍ ഗ്ലോബല്‍ എന്ന തട്ടിപ്പു സംഘത്തിന്റെ വെബ് സൈറ്റില്‍ കയറുകയും രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതോടെയാണ് തട്ടിപ്പിന് തുടക്കമായത്. ഇടപാടിന്റെ സൗകര്യാര്‍ഥം ടെലഗ്രാം ആപ്പിലും കയറിയതോടെ തട്ടിപ്പിനു തുടക്കമായി.

55കാരനായ ഇദ്ദേഹം പേര് വെളിപ്പെടുത്താന്‍ തയ്യാറല്ല. പൊതുമധ്യത്തില്‍ തനിക്കുണ്ടായ് തീരാനഷ്ടത്തെകുറിച്ച് തുറന്നു പറയാനും താത്പര്യമില്ല. കറന്‍സി ട്രേഡിങ്ങിലൂടെ വന്‍ ലാഭമുണ്ടാക്കിത്തരാമെന്നായിരുന്നു വാഗ്ദാനം. അതുവഴി വിജയിച്ചവരുടെ പരസ്യങ്ങളും പ്രമോഷനും പിന്നാലെയെത്തി. സ്റ്റാര്‍ ബാനര്‍ കസ്റ്റമര്‍ സര്‍വീസ് 12 എന്ന ടെലഗ്രാം അക്കൗണ്ടില്‍ നിന്നായിരുന്നു പിന്നീടുള്ള ആശയവിനിമയം. കോടികള്‍ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

ഫോറെക്‌സ് ട്രേഡിങ്ങിനായി പണം നിക്ഷേപിക്കാന്‍ ഓരോ തവണയും തട്ടിപ്പുകാര്‍ വിവിധ അക്കൗണ്ട് വിവരങ്ങളാണ് പരാതിക്കാരന് അയച്ചുകൊടുത്തു. എന്നിട്ടും ഒരു വട്ടം പോലും ചിന്തിക്കാതെ ഇദ്ദേഹം പണം നല്‍കിക്കൊണ്ടേയിരുന്നു. അങ്ങനെ 12 അക്കൗണ്ടുകളിലേക്ക് പണം പോയി. കഴിഞ്ഞ ജൂണ്‍ വരെ ഇതേ തട്ടിപ്പ് ആവര്‍ത്തിച്ചു. വളരെ വൈകി തട്ടിപ്പു മനസ്സിലാക്കിയെങ്കിലും പോലിസില്‍ പരാതി നല്‍കാന്‍ ആദ്യം അദ്ദേഹം തയ്യാറായില്ല. ജൂണ്‍ 28നാണ് 55 കാരന്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസിനെ സമീപിക്കുന്നത്. വൈകിയെത്തിയെങ്കിലും പരാതിയില്‍ അന്വേഷണം തുടരുകയാണ്.

പരാതിക്കാരന്റെ കാക്കനാടനുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്നും ഭാര്യയുടെ തിരുവല്ലയിലുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ടില്‍ നിന്നും അതിനോടകം ആറ് കോടി 93ലക്ഷത്തി 20,000 രൂപ നഷ്ടപ്പെട്ടിരുന്നു. പണം നഷ്ടമായെന്ന് ബോധ്യമായാല്‍ ഉടന്‍ 1930 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടണമെന്ന് പൊലീസിന്റെ നിര്‍ദേശം.