ദാവൂദ് ഇബ്രാഹീമൊക്കെ ചെയ്യുന്നതുപോലെ വിദേശരാജ്യങ്ങളില്‍ ഇരുന്നുകൊണ്ട് ബിസിനസ് ലോകത്തെ നിയന്ത്രിക്കാന്‍ കഴിയുന്ന, ഇതുവരെ മാധ്യമങ്ങളുടെ മുന്നില്‍ വരാത്ത, ഒരു ഫോട്ടോപോലും ആരുടെയും കൈയില്‍ ഇല്ലാത്ത അജ്ഞാതനായ മാഫിയാ തലവന്റെ വിവരങ്ങള്‍ വെളിപ്പെടുത്തുകയാണ്, വ്യവസായി വി എം രാധാകൃഷ്ണന്‍. മറുനാടന്‍ മലയാളിക്ക് അനുവദിച്ച പ്രത്യേക വീഡിയോ അഭിമുഖത്തിലാണ്, കേരളത്തിലെ ആരും അറിയാത്ത പവര്‍ ബ്രോക്കര്‍മാരെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തുന്നത്. ഒപ്പം താന്‍ എങ്ങനെയാണ് വിജിലന്‍സ് കേസുകളില്‍പെട്ടത് എന്നതും, അഴിമതി ആരോപണങ്ങളുടെ നിജസ്ഥിതിയെന്താണെന്നും വി എം രാധാകൃഷ്ണന്‍ വെളിപ്പെടുത്തുന്നു.

ചാക്ക് രാധാകൃഷ്ണന്‍ ആയത് എങ്ങനെ?

മലബാര്‍ സിമന്റ്സിലേക്കുള്ള തന്റെ വരവും, തുടര്‍ന്നുണ്ടായ വിജിലന്‍സ് കേസുകളും, തനിക്ക് ചാക്ക് എന്ന് ഇരട്ടപ്പേര് വരാനുണ്ടായ കാരണവുമൊക്കെ വി എം രാധാകൃഷ്ണന്‍ ഇങ്ങനെ വിശദീകരിക്കുന്നു.- "1992-93 കാലത്താണ് മലബാര്‍ സിമന്റ്സിലേക്ക് ഞാന്‍ ചില പ്രോഡക്റ്റുകളുടെ ഏജന്റായി പോകുന്നത്. അവിടെ മാത്രല്ല വെറെയും സ്വകാര്യ ഫാക്ടറികളിലും, പൊതുമേഖലാ സ്ഥാപനങ്ങളിലും സപ്ളൈ ഉണ്ടായിരുന്നു. അങ്ങനെയാണ് മലബാര്‍ സിമന്റ്സിലും എത്തുന്നത്. പാലക്കാട്ടെ പ്രമുഖനായ ഒരു വ്യക്തി കുറേക്കാലം അവിടെ ഉന്നത പദവിയില്‍ ഇരുന്നിരുന്നു. അദ്ദേഹത്തിന്റെ അനിഷ്ടത്തിന് ഞാന്‍ പാത്രമായി എന്നതാണ് വസ്തുത. ഭരണ-രാഷ്ട്രീയ- മാധ്യമ രംഗത്തൊക്കെ വളരെ, വലിയ ബന്ധങ്ങളുണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഈ ഉടക്കിനെതുടര്‍ന്നാണ് എന്നെ ഇരട്ടപ്പേര് വിളിക്കാനും, മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്.

അക്കാലത്ത് വളരെ മോശമായ പ്രചാരണമാണ് എന്നെപ്പറ്റിയുണ്ടായത്. സൈക്കിളില്‍ കാലിച്ചാക്ക് കൊണ്ടുനടന്ന് വില്‍ക്കയായിരുന്നൂ, എന്റെ ആദ്യകാല തൊഴില്‍ എന്നുവരെ പ്രചരിപ്പിച്ചവരുണ്ട്. മരിയാദക്ക് സൈക്കിള്‍ ചവിട്ടാന്‍പോലും അറിയാത്ത ആളാണ് ഞാന്‍ എന്നതാണ് വസ്തുത. സിമന്റും, വളവും, കാലിത്തീറ്റയുെമാക്കെ പാക്ക് ചെയ്യുന്നതിന് ഉപയോഗിക്കുന്ന, ഇന്‍ഡസ്ട്രിയല്‍ ബാഗ്സാണ് ഞാന്‍ വിതരണം ചെയ്തത്. ഇതൊക്കെ ഒരു ഇരട്ടപ്പേരായി വരുമെങ്കില്‍ ഇവിടെ ബാര്‍ നടത്തുന്നവരെയൊക്കെ ബാര്‍ രാധാകൃഷ്ണന്‍, കോഴിക്കച്ചവടം ചെയ്യുന്ന മുസ്തഫയെ കോഴിമുസ്തഫ എന്നിങ്ങനെയൊക്കെ വിളിക്കുന്നത് കേട്ടിട്ടുണ്ടോ?

എനിക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രങ്ങളിലെല്ലാം, ഡിവൈഎസ്പി സഫിയുള്ള സെയ്ദ് ഈ ഇരട്ടപ്പേര് ബോധപൂര്‍വം എഴുതിച്ചേര്‍ത്തു. സര്‍ക്കാറിന്റെ ഒരു ഉത്തരവിലും അലിയാസ് എന്ന് പറഞ്ഞ് ഇങ്ങനെ ഒരു പേര് എഴുതിച്ചേര്‍ത്തു. ഞാന്‍ ഇതിനെതിരെ പരാതി നല്‍കി. കോടതിയില്‍ പോവുമെന്ന് പറഞ്ഞു. അങ്ങനെ കേരള സര്‍ക്കാര്‍ ഒരു ഉത്തരവിലുടെ, ഞങ്ങള്‍ അലിയാസ് എന്ന പേരില്‍ പറഞ്ഞ് ഉപയോഗിച്ച പദം പിന്‍വലിക്കുന്നു, ഇദ്ദേഹത്തിന്റെ പേര് വി എം രാധാകൃഷ്ണനാണ് എന്ന് പറഞ്ഞിട്ടുണ്ട്.

എനിക്ക് ആ പേര് വിളിക്കുന്നതില്‍ അപമാനം തോന്നിയിട്ടില്ല. ദീര്‍ഘകാലം, ഞാന്‍ കേരളത്തിനകത്തും പുറത്തും, ഇന്‍ഡസ്ട്രിയല്‍ ബാഗ്സ്, വിതരണം ചെയ്തിട്ടുണ്ട്. പക്ഷേ മറ്റുള്ളവരെ ആരെയും വിളിക്കാത്ത രീതിയില്‍ എന്നെ മാത്രം ഇരട്ടപ്പേര് വിളിച്ചപ്പോള്‍, അതിന്റെ ശരിയെന്താണെന്ന് ഉറപ്പുവരുത്തനാണ് സര്‍ക്കാറുമായി ഗുസ്തിക്ക് പോയത്.

എന്നെ വിവാദ വ്യവസായി എന്ന് വിളിക്കുന്നതും എന്തിനാണെന്ന് മനസ്സിലാവുന്നില്ല. വെല്ലുവിളിക്കുന്നു, ഞാന്‍ മൂലം ഒരു പൊതുമേഖലാ സ്ഥാപനത്തിന് ഒരു രുപപോലും, നഷ്ടമുണ്ടായി എന്ന് രേഖകള്‍ സഹിതം ബോധ്യപ്പെടുത്താന്‍, മാധ്യമങ്ങളോ വിജിലന്‍സ് ഉദ്യോഗസ്ഥരോ, മറ്റാരെങ്കിലുമോ മുന്നോട്ട് വരട്ടെ. എന്റെ സര്‍വ സ്വത്തുക്കളും അവര്‍ക്ക് എഴുതിക്കൊടുക്കും. ഞാന്‍ നല്‍കിയതിനേക്കാളും, ഒരു രൂപ കുറച്ച് അതിന് മുമ്പോ പിമ്പോ മലബാര്‍ സിമന്റ്സില്‍ നിന്ന് ഞാന്‍ നല്‍കിയ ഒരു ഉല്‍പ്പന്നം വാങ്ങാന്‍ കഴിഞ്ഞെങ്കില്‍, അതിന്റെ രേഖ ഹാജരാക്കാന്‍ വെല്ലുവിളിക്കുന്നു"- വി എം രാധാകൃഷ്ണന്‍ വ്യക്തമാക്കി.

മലബാര്‍ സിമന്റ്സ് അഴിമതിയുടെ വസ്തുത?

"2004 മുതല്‍ 2010വരെയുള്ള കാലയളവില്‍ മലബാര്‍ സിമന്റ്സില്‍ നിന്ന് 400-500 കോടിരൂപയുടെ അഴിമതി നടന്നുവെന്നൊക്കെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. അക്കാലത്ത് മലബാര്‍ സിമന്റ്സിന്റെ, അസംസ്‌കൃത വസ്തുക്കളുടെ വാങ്ങല്‍, ഒരു വര്‍ഷം ശരാശരി 70 കോടി രൂപയാണ്. അഞ്ചുവര്‍ഷം കൊണ്ട് വാങ്ങാവുന്നത് 350 കോടി രൂപയാണ്. 350 കോടി രൂപയുടെ പര്‍ച്ചേസ് നടക്കുമ്പോള്‍, 400-500 കോടിയുടെ അഴിമതി നടത്തുക സാധ്യമാണോ? ഈ പറയുന്നതിനൊക്കെ ഒരു ലോജിക്ക് വേണ്ടേ. ഇതൊക്കെ എഴുതുന്നതാണോ, മാധ്യമ പ്രവര്‍ത്തനം. എനിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍, അതില്‍ മൊത്തം അഴിമതി 23 കോടിയായി. 400-500 കോടി ആവിയായി.

മലബാര്‍ സിമന്റ്സില്‍ മൂന്ന് കരാറുമായി ബന്ധപ്പെട്ടാണ്, എനിക്കെതിരെ വിജിലന്‍സ് കേസും കുറ്റപത്ര സമര്‍പ്പണവും ഉണ്ടായത്. ചുണ്ണാമ്പു ഖനി പാട്ടത്തിനെടുത്തതാണ് ഒരു കേസ്. ഫിറോസ് മുഹമ്മദ് എന്ന തമിഴ്നാട്ടുകാരന്റെ ചുണ്ണാമ്പുഖനിയാണ് പാട്ടത്തിനെടുത്തത്. രണ്ടു ട്രാന്‍സ്പോര്‍ട്ട് കരാറുകാരും, ഒരു മൈനിങ്് എക്സ്ട്രാക്ഷന്‍ കരാറും, പാട്ടത്തിനെടുത്ത ഭുവുടമയുമായുള്ള കരാറുമാണ് അത്. അതില്‍ ഭൂവുടമക്ക് ഒരു ബാങ്ക് ഗ്യാരണ്ടി ലഭിക്കുന്നതിനായി, ഒരു പങ്കാളിത്ത ഉടമ്പടി ഒപ്പിട്ടു എന്ന പേരില്‍ എന്നെയും സമര്‍ത്ഥമായി ഇവര്‍ പ്രതിചേര്‍ത്തു. മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടിയ വിലയില്‍ വാങ്ങിയതിനാല്‍ 25ലക്ഷം രൂപ കമ്പനിക്ക് നഷ്ടപ്പെട്ടുവെന്നാണ് വിജിലന്‍സ് ആരോപണം.

621 രൂപക്കാണ് നേരത്തെ വാങ്ങിക്കൊണ്ടിരുന്നത് എന്നാണ് ഇവര്‍ പറയുന്നത്. അതില്‍ കൂടുതല്‍ വിലയ്ക്കാണ് ഈ പാട്ടക്കരാറിന്റെ ഭാഗമായി വാങ്ങിയത് എന്നാണ് ആരോപണം. വാസ്തവത്തില്‍ അവര്‍ തന്നെ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം, നേരത്തെ വാങ്ങിയതിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് പാട്ടക്കരാര്‍ വഴി വാങ്ങിയതെന്ന് വ്യക്തമാണ്. ഭൂമുടമസ്ഥന്‍ ഞാനല്ല, ട്രാന്‍സ്പോര്‍ട്ട് കാരറുകള്‍ ഒന്നും എനിക്കല്ല. കല്ലുകുഴിച്ചെടുക്കാനുള്ള കരാറില്‍ ഏര്‍പ്പെട്ടത് ഞാനല്ല. ഇതുമായി ഒന്നും ബന്ധമില്ലാത്ത എന്നെ പാലക്കാട്ടെ, ഒരു ബാങ്കില്‍നിന്ന് ബാങ്ക് ഗ്യാരണ്ടി എടുത്തുകൊടുക്കാന്‍ സഹായിച്ചു എന്നതിന്റെ പേരില്‍, പ്രതിചേര്‍ത്തു. നഷ്ടമില്ലാത്ത ഒരു കരാര്‍ നഷ്ടത്തിലാണ് എന്ന് വരുത്തിത്തീര്‍ത്തു. ഞാന്‍ വെല്ലുവിളിക്കുന്നു, ഇതിനേക്കാള്‍ കുറഞ്ഞ വിലയിലാണ് മലബാര്‍ സിമന്റ്സ് നേരത്തെ വാങ്ങിയത് എന്ന് തെളിയിക്കാന്‍. രേഖകള്‍ മറച്ചുവെച്ചും മൂടിവെച്ചും ആര്‍ക്കെതിരെയും, കേസുണ്ടാക്കാന്‍ പറ്റിയ സ്ഥലമാണ് കേരളം."- വി എം രാധാകൃഷ്ണന്‍ പറയുന്നു.

ആരാണ് കേരളത്തിലെ ദാവൂദ് ഇബ്രാഹീം?

കേരളീയ സമുഹത്തില്‍ മറഞ്ഞുകിടക്കുന്ന, ഒരിക്കലും മാധ്യമങ്ങളില്‍ വന്നിട്ടില്ലാത്ത അജ്ഞാതരായ ചില പവര്‍ ബ്രോക്കര്‍മാക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും വി എം രാധാകൃഷ്ണന്‍ നടത്തുന്നുണ്ട്്്-"13ഓളം വിജിലന്‍സ് എന്‍ക്വയറികള്‍ എനിക്കെതിരെ ഉണ്ടായിട്ടുണ്ട്. അതെല്ലാം ചില തല്‍പ്പര കക്ഷികളുടെ ഇടപെടല്‍ ആയിരുന്നു. അതുകൊണ്ടുതന്നെ അവയൊക്കെ തുടര്‍ നടപടികള്‍ ഇല്ലാതെ അവസാനിക്കയായിരുന്നു. വേറൊരു ദുരൂഹമായ കഥാപാത്രം കൂടി ഈ കേസുകള്‍ക്കൊക്കെ പിറകിലുണ്ട്. കെഎംഎംഎല്‍-ടിടിപിയിലെ കരാറുകാരനായ, ഇന്നും വെളിച്ചത്തില്ലാത്ത ഒരു വ്യക്തി. ഇയാള്‍ക്കെതിരായ വിജിലന്‍സ് കേസ,് സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയെങ്കിലും അത് സിബിഐ ഏറ്റെടുക്കാന്‍ തയ്യാറായില്ല. ആ കേസിലെ അജ്ഞാതനായ കുറ്റാരോപിതനെക്കുറിച്ചാണ് പറയുന്നത്. ഗ്രിന്‍ടെക്സ് എന്ന സ്ഥാപനത്തിന്റെ ഉടമ രാജീവ് ആണത്. അദ്ദേഹത്തിന്റെ അച്ഛന്‍ മലയാളിയും, അമ്മ ബംഗാളിയും ആയിരുന്നു.

https://www.youtube.com/watch?v=R8Liqz4wIls&t=222s

ഒരു പവര്‍ഫുള്‍ ബ്രോക്കര്‍ എന്നോ, അധികാര ദല്ലാള്‍ എന്നൊക്കെയൊ പറയാവുന്ന ഒരു കഥാപാത്രം. വലിയ ബന്ധങ്ങളും സൗഹൃദങ്ങളുമുള്ളയാളാണ്. നിര്‍ഭാഗ്യവശാല്‍ എനിക്ക് ഒരു പ്രശ്നത്തിന്റെ പേരില്‍ ഇദ്ദേഹവുമായി ഉടക്കേണ്ടിവന്നു. അതോടെ അയാള്‍ക്ക് എന്നോട് വലിയ പകയായി. കൊടു ക്രൂരതകള്‍ ചെയ്യാന്‍ പോലും കഴിയുന്നയാളാണ് ഈ രാജീവന്‍. അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥതലത്തിലുള്ള, ഭരണതലത്തിലുള്ള, സിവില്‍ സര്‍വീസ് തലത്തിലുള്ള എല്ലാ സ്വാധീനങ്ങളും എനിക്കെതിരെ തിരിച്ചുവിട്ടു. അതോടെയാണ് എനിക്കെതിരെ വിജിലന്‍സ് കേസുകളുടെ നീണ്ട നിര ഉണ്ടായത്.

രാജീവന്‍ അക്കാലത്തെ മാത്രമല്ല, ഇന്നും അധികാര കേന്ദ്രമാണ്. മാധ്യമങ്ങളില്‍ ഇതുവരെ അയാള്‍ വന്നിട്ടില്ല. പലതും തമസ്‌ക്കരിക്കുന്ന കൂട്ടത്തില്‍ മാധ്യമങ്ങള്‍ ഇതും തമസ്‌ക്കരിക്കുന്നു. വിദേശയാത്ര സ്പോണ്‍സര്‍ ചെയ്യും, മദ്യ പാര്‍ട്ടികള്‍ ഒഴുക്കും, മദിരാക്ഷികളെ ഇറക്കും. കോടാനുകോടി കൊള്ളചെയ്യുമ്പോള്‍ അതിന്റെ ഒരു ചെറുവിഹിതം എന്ന് പറയുന്നത് തന്നെ കോടിക്കണിക്ക് രൂപയാണ്. ടൈറ്റാനിയം കമ്പനിയില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയെ തുടര്‍ന്ന് വിജിലന്‍സ് കേസ് നടക്കുന്നു. സകല ആളുകുടെയും മൊഴി രേഖപ്പെടുത്തി. ഇദ്ദേഹത്തെ മൊഴി രേഖപ്പെടുത്താന്‍ കിട്ടിയല്ല എന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. ഇദ്ദേഹം ജീവനോടെ ദുബൈയിലുണ്ട്. നേരെത്ത ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, എന്നിവടങ്ങളില്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചതെങ്കില്‍ ഇപ്പോള്‍ ഇയാള്‍ ദുബൈയിലുള്ള എന്‍ആര്‍ഐയാണ്.

ഇയാള്‍ എവിടെയും ചിത്രത്തിലില്ല. പക്ഷേ ദുബൈയില്‍ ഇരുന്നുകൊണ്ടുതന്നെ കേരളാ സെക്രട്ടറിയേറ്റിനെ വിറപ്പിക്കാന്‍ ഇദ്ദേഹത്തിന് കഴിയും. ഇദ്ദേഹത്തിന്റെ ഫോട്ടോപോലും ഒരു ചാനലും കാണിക്കില്ല. സ്ഥാപനത്തെക്കുറിച്ച് പറയില്ല. കേരളം കണ്ട ഏറ്റവം വലിയ വാട്ടര്‍ഗേറ്റുകളാണ് അത്. പക്ഷേ ആരും പ്രസിദ്ധീകരികരിച്ച ചരിത്രമില്ല. കേരളത്തിലെ ഉന്നതനായ സിപിഐ നേതാവിന്റെ ബംഗാള്‍ ബന്ധത്തിന്റെ വകയിലാണ് അദ്ദേഹം ഉള്ളത്. മാധ്യമങ്ങള്‍ക്ക് അജ്ഞാതാനായി തുടരുമെങ്കിലും, കരാറുകളില്‍ ഇന്നും ഉണ്ട്. കര്‍ട്ടനുപിറകില്‍ വളരെ പവര്‍ഫുള്‍ ആണ്. ആര്‍ക്കും പിടികൊടുക്കാതെ ദുബൈയില്‍ ഇരുന്നുകൊണ്ട് ദാവുദ് ഇബ്രാഹീമൊക്കെ ചെയ്യുന്നതുപോലെ കേരളത്തിലെ വലിയ വലിയ ഇടപാടുകള്‍ നിയന്ത്രിക്കുന്നത്, കഥാപാത്രമാണ് ഇദ്ദേഹം. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെയും, പൊലീസ് ഉദ്യോസ്ഥരുടെയുമൊക്കെ ഇടയില്‍ വലിയ സ്വാധീനമാണ് ഇയാള്‍ക്ക്. അതുകൊണ്ട് എറ്റവും വലിയ തട്ടിപ്പ് നടന്ന കെഎംഎംഎല്ലുമായി ബന്ധപ്പെട്ട കേസിലും, ടിപിപിയുമായി ബന്ധപ്പെട്ട കേസുകള്‍ ഒന്നും എവിടെയും എത്താത്തത്. അത്രമാത്രം ബന്ധങ്ങളാണ് അദ്ദേഹത്തിന് തിരുവനന്തപുരം മുതല്‍ ഡല്‍ഹിവരെ ഉള്ളത്. നിര്‍ഭാഗ്യവശാല്‍ ഞാന്‍ അയാളുടെ അപ്രീതിക്ക് വിധേയനായി എന്നേയുള്ളു. "- വി എം രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

വിഎസും ശത്രുപക്ഷത്ത്

"ഇതോടൊപ്പം മറ്റൊരു പ്രശ്നം കൂടിയുണ്ടായി. ഞാന്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ശത്രുപട്ടികയില്‍ പെട്ടു. അതിനുകാരണം ചില പ്രാദേശിക നേതാക്കളും ഞാനുമായിട്ടുള്ള അഭിപ്രായ വ്യത്യാസമായിരുന്നു. അവര്‍ പോയി ഇദ്ദേഹത്തോട് എന്നെക്കുറിച്ചുള്ള വളരെ മോശം കാര്യങ്ങള്‍ പറഞ്ഞുകൊടുക്കയാണ്. ഒപ്പം വിഎസിന്റെ പാര്‍ട്ടിയിലെ എതിരാളികളുമായുള്ള എന്റെ ബന്ധവും അദ്ദേഹത്തെ സംശയാലുവാക്കി. വിഎസിന്റെ മുഖ്യശത്രുവായ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉന്നത നേതാവുമായുള്ള എന്റെ ബന്ധവും, എരിതീയില്‍ എണ്ണയൊഴിച്ചു. ഇവരുടെയൊക്കെ സുഹൃത്തായ എന്നെ ശരിപ്പെടുത്തിയാല്‍, അവരിലേക്ക് എത്താമെന്നും മറ്റുള്ളവര്‍ അദ്ദേഹത്തെ ധരിപ്പിച്ചു. അതോടെ ഈ ഗ്യാങ്ങില്‍ വിഎസും ഊര്‍ജിതമായി പ്രവര്‍ത്തനം തുടങ്ങി.

എനിക്കെതിരെയുള്ള ശത്രുക്കളുടെ പട്ടികയില്‍ ഒരു മുഖ്യമന്ത്രി ഉള്‍പ്പെട്ടാലുള്ള അവസ്ഥ ആലോചിച്ചുനോക്കൂ? ഞാന്‍ ഇന്നും ജീവിച്ചിരിക്കുന്നത് ഒരു മഹാത്്ഭുതമായി മാത്രമേ കാണാന്‍ കഴിയൂ. "- വി എം രാധാകൃഷ്ണന്‍ പറയുന്നു.

ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്നു

"വിജിലന്‍സിലെ പല ഉദ്യോഗസ്ഥരും ക്വട്ടേഷന്‍ സംഘങ്ങളെപ്പോലെയാണ് പ്രവര്‍ത്തിച്ചത്. റിട്ടയേഡ് ഡിവൈഎസ്പിയായ സഫിയുള്ളാ സെയ്ദ് തന്റെ സേവന കാലത്ത് പലവിധ അച്ചടക്ക നടപടികള്‍ക്കും, ഹൈക്കോടതിയുടെ പ്രതികൂല പരാമര്‍ശത്തിനും വിധേയനായ വ്യക്തിയാണ്. അദ്ദേഹം മലബാര്‍ സിമന്‍സിലെ ഈ കേസുകള്‍ തുടങ്ങുന്ന കാലത്ത് അദ്ദേഹത്തിന്റെ ചില ശിങ്കിടികള്‍ വഴി എന്നെ ബന്ധപ്പെട്ടു. അങ്ങനെ ഞാന്‍ സഫിയുള്ള സെയ്ദിനെ നേരിട്ട് കണ്ടു. ഒരു രൂപയുടെ അഴിമതിപോലും നടത്തിയിട്ടില്ലെന്നും, രേഖകള്‍ പരിശോധിച്ച അങ്ങനെ തെളിഞ്ഞാല്‍ നിങ്ങള്‍ക്ക് കേസുമായി മുന്നോട്ട് പോകാമെന്നും പറഞ്ഞു. പക്ഷേ മറിച്ച് തെളിഞ്ഞാല്‍, സത്യസന്ധനായ ഒരു മനുഷ്യനെ ക്രൂശിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് ഫീസ് ഉണ്ടെങ്കില്‍, ഞാന്‍ അത് ഞാന്‍ തരാമെന്ന് പറഞ്ഞു. രേഖകളുടെ പകര്‍പ്പുകളൊക്കെ ഞാന്‍ കൊടുത്തു. പക്ഷേ എനിക്ക് ഒരിക്കലും നിവര്‍ത്തിച്ചുകൊടുക്കാന്‍ കഴിയാത്ത വലിയ ഒരു ഓഫറാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.

സത്യവും നീതിയും ഉള്ളപ്പോള്‍ ഞാന്‍ എന്തിന് പേടിക്കണം എന്നായിരുന്നു, അന്ന് എന്റെ വിചാരം. പക്ഷേ ഇത് ഇത്രയും ദീര്‍ഘകാലം നീണ്ടുപോവുമെന്ന് അന്ന് എനിക്ക് അറിയില്ലായിരുന്നു. ഇതിലും തുഛമായ തുക വക്കീലിന് കൊടുക്കാം, എനിക്ക് കൈയില്‍ എല്ലാ രേഖയുമുണ്ട്. ഞാന്‍ എന്തിന് ഇവന് വഴങ്ങിക്കൊടുക്കണം, എനിക്ക് കോടതിയില്‍ വിജയിക്കാം എന്നായിരുന്നു എന്റെ ധാരണ.

ഞാന്‍ ഇക്കാര്യങ്ങളൊക്കെ പറഞ്ഞ് പാലക്കാട്ട് പത്രസമ്മേളനം വിളിച്ചു. എഴുതിതയ്യാറക്കിയ പത്രപ്രസ്താവന മാധ്യമങ്ങള്‍ക്ക് കൊടുത്തു. പരസ്യമായി സഫിയുള്ളയുടെയും കിങ്കരന്റെയും റോള്‍ വെളിപ്പെടുത്തി. ഞാന്‍ സഫിയുള്ളയുടെ വീട്ടില്‍വരെ പോയിട്ടുണ്ട്. അന്ന് എന്നെ കൂട്ടിക്കൊണ്ടുപോയ ഉദ്യോഗസ്ഥന്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. ഈ കാര്യങ്ങളെല്ലാം പറഞ്ഞാണ് പത്രസമ്മേളനം നടത്തിയത്. ഇതെല്ലാം സര്‍ക്കാറിനും അയച്ചുകൊടുത്തു. പക്ഷേ സഫിയുള്ളയില്‍നിന്ന് ഒരു വിശദീകരണം തേടി മാത്രം വിജിലന്‍സിലെ ഉന്നതര്‍ നടപടി അവസാനിപ്പിച്ചു.

എന്റെ വാര്‍ത്താ സമ്മേളനത്തിനെതിരെ, സഫിയുള്ള സെയ്ദ് സര്‍ക്കാറിന് പരാതി കൊടുത്തു. എനിക്കെതിരെ ഡിഫാമേഷന്‍ സ്യൂട്ടിന് സര്‍ക്കാര്‍ അനുമതി നല്‍കണം എന്നായിരുന്നു ആവശ്യം. സര്‍ക്കാര്‍ അനുമതി കൊടുത്ത് ഉത്തരവിട്ടു. പക്ഷേ നാളിതുവരെ സഫിയുള്ള സെയ്ദ് എനിക്കെതിരെ ഒരു നോട്ടീസ് പോലും അയച്ചിട്ടില്ല.

https://www.youtube.com/watch?v=h3BKdrvGtks

ഞാന്‍ വെല്ലുവിളിക്കുന്നു. മരണംവരെ എനിക്കെതിരെ നോട്ടീസ് അയക്കാനുള്ള ചങ്കുറ്റം അദ്ദേഹത്തിന് ഉണ്ടാവില്ല. കാരണം അദ്ദേഹം ചെയ്തത് മുഴുവന്‍ തന്റെ അധികാരത്തെ ദുരുപയോഗം ചെയ്യയാണ്. പച്ച ഭാഷയില്‍ പറഞ്ഞാല്‍ വ്യഭിചരിക്കയാണ്. ഇന്ന് നോട്ടീസ് അയച്ചാലും ഞാന്‍ നേരിടും. സഫിയുള്ളയെ ഞാന്‍ ചങ്കൂറ്റത്തോടെ വെല്ലുവിളിക്കുന്നു. ഏതെങ്കിലും ഒരു ഇടപാടില്‍ മലബാര്‍ സിമന്‍സിന് ഒരു രൂപപോലും നഷ്ടമുണ്ടാക്കിയെന്നതിന്റെ ഒരു രേഖ കാണിക്കാന്‍. ഇന്ന് അദ്ദേഹത്തിന് ഡിഫാമേഷന്‍ സ്യൂട്ട് ഫയല്‍ ചെയ്യാന്‍ സര്‍ക്കാറിന്റെ അനുമതി ആവശ്യമില്ല. പരസ്യമായി ഒരു ചാനലിലോ, പത്രത്തിലോ, അദ്ദേഹം ഒരു രേഖ ഹാജരാക്കി കാണിക്കട്ടെ. ഞാന്‍ വെല്ലുവിളിക്കുന്നു. സഫിയുള്ളക്ക് കേസിനുപോകാന്‍ ധൈര്യമുണ്ടോ? "- വി എം രാധാകൃഷ്ണന്‍ ചോദിക്കുന്നു.

നഷ്ടം ആരോപിച്ച മറ്റൊരു കരാര്‍ ഡ്രൈ ഫ്ളൈ ആഷ് വിതരണത്തിന് എന്റെ കമ്പനിയുമായി ഒപ്പ് വച്ച ദീര്‍ഘകാല കരാറാണ്. എന്റെ കരാറിലേര്‍പ്പെടുന്ന കാലത്ത് മലബാര്‍ സിമന്റ്സിന് കിട്ടിക്കൊണ്ടിരുന്ന വിലയേക്കാള്‍ കുറഞ്ഞ വിലക്കാണ് എന്റെ കമ്പനി ഫ്ളൈ ആഷ് വിതരണം ചെയ്തത്. എന്റെ കരാര്‍ റദ്ദ് ചെയ്ത ശേഷം വാങ്ങിയതോ, ടണ്ണോന്നിന് നൂറ് കണക്കിന് രൂപ കൂടുതല്‍ നിരക്കില്‍. രേഖകള്‍ സഹിതം മറിച്ച് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു. ബാഗ് ഇടപാടില്‍ എന്റെ സ്ഥാപനം കമ്മീഷന്‍ കൈപ്പറ്റി എന്നതാണ് മറ്റൊരു ആരോപണം. മലബാര്‍ സിമന്റ്സിനാവശ്യമായ ബാഗുകള്‍ അവര്‍ തന്നെ ഉത്പാദിപ്പിക്കുവാന്‍ പദ്ധതിയിട്ടിരുന്നു. ഇതിനായി പഠനം നടത്തി, അവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം അന്ന് കമ്പനി വാങ്ങിക്കൊണ്ടിരുന്ന വിലയേക്കാള്‍ ബാഗൊന്നിന് 50 പൈസ കൂടിയ നിരക്കില്‍ മാത്രമെ അവര്‍ക്ക് ബാഗ് ഉത്പാദിപ്പിക്കുവാന്‍ കഴിയു എന്നായിരുന്നു.

ഞാന്‍ വീണ്ടും, വെല്ലുവിളിക്കുന്നു, ഈ കരാറുമായി ബന്ധപ്പെട്ട് വില നിശ്ചയിക്കുന്നതിനോ വിതരണത്തിനോ എന്റെ സ്ഥാപനം എന്തെങ്കിലും കരാറുകളില്‍ ഒപ്പിടുകയോ കമ്പനിയില്‍ നിന്നും ഒരു രൂപയെങ്കിലും കൈപ്പറ്റിയിട്ടുണ്ടോ എന്നതും തെളിയിക്കാന്‍.ഒരു സ്വകാര്യ കമ്പനിയും സ്വകാര്യ സ്ഥാപനവും തമ്മില്‍ കരാറുണ്ടാക്കി നികുതികള്‍ ഒടുക്കി ബാങ്ക് വഴി മാത്രം ഇടപാട് നടത്തിയതിന് പൊതു ഖജനാവിന് എന്താണ് നഷ്ടം. വിവാദമായ ഒരു സമീപകാല ഇടപാടില്‍ സര്‍ക്കാരും വിജിലന്‍സും സ്വീകരിച്ച നയം ഇതല്ലെ? ഓരോരുത്തര്‍ക്ക് ഓരോ നീതിയാണോ"- വി എം രാധാകൃഷ്ണന്‍ ചോദിക്കുന്നു.

( തുടരും)