തൃശ്ശൂര്‍: ജോലിസമ്മര്‍ദവും അവധിയില്ലായ്മയും കാരണം ജയില്‍വകുപ്പില്‍ കൊഴിഞ്ഞുപോക്ക്. അഞ്ചുവര്‍ഷത്തിനിടെ 280 പേരാണ് ജോലി രാജിവെച്ച് പോയത്. മറ്റ് സര്‍ക്കാര്‍സര്‍വീസിലേക്ക് പോയവരാണേറെയും. ശമ്പളക്കുറവുള്ള ക്ലാസ് ഫോര്‍ തസ്തികയിലേക്ക് പോയവരുമുണ്ട്.

ജയില്‍നിയമപ്രകാരം ആറ് അന്തോവാസികള്‍ക്ക് ഒരു വാര്‍ഡന്‍വേണം. കേരളത്തിലെ ജയിലുകളിലുള്ളത് 8900 അന്തേവാസികളാണ്. വാര്‍ഡന്‍മാര്‍ 1000 മാത്രം. ഇവരുള്‍പ്പെടെ മൊത്തം ജീവനക്കാര്‍ 1800. രണ്ടു ഷിഫ്റ്റായാണ് ജോലിയെങ്കിലും ജീവനക്കാരുടെ കുറവുകാരണം മുഴുവന്‍സമയജോലിയെന്ന രീതിയാണിപ്പോള്‍. ആവശ്യപ്പെടുമ്പോള്‍ അവധിയും കിട്ടുന്നില്ല. കുടുംബത്തോടൊപ്പം താമസിച്ച് ജോലി ചെയ്യാന്‍ സൗകര്യങ്ങളുള്ള ജയിലും കേരളത്തില്‍ വിരളമാണ്.

എം.ടെക് ഉള്‍പ്പെടെയുള്ള ഇന്നതബിരുദം നേടി പി.എസ്.സി. പരീക്ഷ ജയിച്ചെത്തുന്ന വാര്‍ഡന്മാര്‍ക്ക് തടവുകാരെ കൈകാര്യംചെയ്യാനുള്ള പരിശീലനവും കിട്ടുന്നില്ല. മറ്റു യൂണിഫോം സര്‍വീസുകളില്‍നിന്ന് ഭിന്നമായി ജയില്‍വകുപ്പില്‍ പരിശീലനം നല്‍കാതെ നേരിട്ടുള്ള നിയമനമാണ്.

ജയില്‍ജീവനക്കാരുടെ മൂന്നു പരിശീലന കേന്ദ്രങ്ങളുണ്ടായിരുന്നതില്‍ തൃശ്ശൂരിേലത് പ്രവര്‍ത്തിക്കുന്നില്ല. കൊടുംകുറ്റവാളികളെയും ഭീകരവാദികളെയും ഉള്‍പ്പെടെ പാര്‍പ്പിക്കുന്ന അതിസുരക്ഷാ ജയിലില്‍പോലും പരിശീലനം കിട്ടാത്ത വാര്‍ഡന്മാരാണ്. ഇവിടെനിന്നുമാത്രം 30 പേരാണ് ജോലി ഉപേക്ഷിച്ചത്.