- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളാപ്പള്ളിക്ക് കുരുക്ക് മുറുകുന്നോ? മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വിജിലന്‍സ് ഒരുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം: ഹൈക്കോടതി
കൊച്ചി: എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസിലെ വിജിലന്‍സ് അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. കേസിന്റെ പുരോഗതി റിപ്പോര്‍ട്ട് വിജിലന്‍സ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതു പരിഗണിച്ചു കൊണ്ടാണ് ജസ്റ്റിസ് കെ.ബാബുവിന്റെ ഉത്തരവ്.
കേസുകളില്‍ പ്രതിയായ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രസിഡന്റ് ഡോക്ടര്‍ എം എന്‍ സോമനും ചില എസ്എന്‍ഡിപി യൂണിയന് ഭാരവാഹികള്‍ക്കും എതിരായ 21 കേസുകളില്‍ കുറ്റപത്രം തയ്യാറായതായി വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിജിലന്‍സ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത് കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു.
കേസില്‍ വെള്ളാപ്പള്ളി നടേശന് ഒന്നാം പ്രതിയും യോഗം പ്രസിഡന്റ് ഡോ.എം.എന്‍ സോമന് രണ്ടാം പ്രതിയും കേരള പിന്നാക്ക വിഭാഗ വികസന കോര്പറേഷന് (കെഎസ്ബിസിഡിസി) എംഡി ആയിരുന്ന ദിലീപ് കുമാര്‍ നാലാം പ്രതിയുമായിരുന്നു. കേസില്‍ മൂന്നാം പ്രതിയായിരുന്ന എസ്എന്‍ഡിപി മൈക്രോ ഫിനാന്‍സ് വിങ്ങിന്റെ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ കെ.കെ.മഹേശനെ 2020 ജൂണില്‍ യൂണിയന് ഓഫിസില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.
കൂടാതെ, പണാപഹരണവുമായി ബന്ധപ്പെട്ടു ചിറ്റൂര്‍ യൂണിയന് ഭാരവാഹി ഫാല്ഗുനന്, മാനന്തവാടിയിലെ പ്രഭാകരന്, പുരുഷോത്തമന്, പുല്‍പ്പള്ളിയിലെ കെ എസ് സാബു, കെ എന്‍ ചന്ദ്രന്, കെ ആര് ജയരാജന് റാന്നിയിലെ പി എന്‍ സന്തോഷ്കുമാര്‍, കെ വസന്തകുമാര്‍ എന്നിവരുടെ പേരുകള്‍ കോടതി മുമ്പാകെ വിജിലന്‍സ് സമര്‍പ്പിച്ചു.
പിന്നോക്ക വിഭാഗ കോര്‍പറേഷനില്‍ (KSBDC) നിന്നും ഭീമമായ തുക നാലു ശതമാനം പലിശക്കെടുത്തു പന്ത്രണ്ടും അതില്‍ കൂടുതലും പലിശക്ക് എസ്എന്‍ഡിപി ശാഖകളില്‍ സ്ത്രീകള്‍ക്ക് കൊടുത്തതുമായി ബന്ധപ്പെട്ട തട്ടിപ്പു കേസുകള്‍ ആണ് ഇവ. ഹൈക്കോടതിയില്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് നല്കിയ കേസ്, എസ് എന്‍ ഡി പി സംരക്ഷണ സമിതിയാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. വിജിലന്‍സ് കോടതിയില്‍ കൊടുത്ത സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍, അന്വേഷണത്തിനുള്ള കേസുകള്‍ 2003 നും 2014നും മദ്ധ്യേ ഉള്ളവ ആണെന്നു പറഞ്ഞു. കേരളത്തിലെ 14 ജില്ലകളില്‍ നിന്നും തട്ടിപ്പിനെക്കുറിച്ചു പരാതി കിട്ടിയിരുന്നു. പതിനാലു കോടിയോളം തുക 2775 യൂണിറ്റുകള്‍ വഴിയായി വിതരണം നടന്നതിലാണ് തിരിമറികള്‍ ആരോപിച്ചത്.
മുണ്ടക്കയം, ഇടുക്കി, കട്ടപ്പന, പെരിങ്ങോട്ടുകര, മുകുന്ദപുരം, ചേലക്കര, നാട്ടിക, ചിറ്റൂര്‍, മാനന്തവാടി, പാലക്കാട്, അമ്പലപ്പുഴ, കുട്ടനാട്, പുല്‍പ്പള്ളി, റാന്നി, അടൂര്‍, പത്തനംതിട്ട താലൂക്ക് ടചഉജ യൂണിയനുകളില്‍ ആണ് അന്വേഷണത്തില്‍ തട്ടിപ്പുകള്‍ കണ്ടെത്തിയത്, എന്ന് വിജിലന്‍സ് ഹൈക്കോടതിയെ ബോധിപ്പിച്ചു.
വ്യാജ സ്വയം സഹായ സംഘങ്ങളുടെ പേരില്‍ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷം കെഎസ്ബിസിഡിസി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മൈക്രോ ഫിനാന്‍സ് പദ്ധതി വഴി പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള വായ്പ ചെറിയ പലിശയ്ക്കു നേടുകയും സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നുമായിരുന്നു പരാതി. മൈക്രോ ഫിനാന്‍സ് ഫണ്ടില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്നാണ് വിജിലന്‍സ് സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവിധ ജില്ലകളിലായുള്ള 16ഓളം യൂണിയനുകളിലൂടെ തുക വിതരണം ചെയ്തുവെന്നു കാണിച്ച് വ്യാജ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി തുക തട്ടിയെടുക്കുകയായിരുന്നു എന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
2003 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ 15.85 കോടി രൂപ ഇത്തരത്തില്‍ കെഎസ്ബിസിഡിസി എംഡിയുടെ കൂടി ഒത്താശയോടെ വിതരണം ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനു പുറമേ എസ്എന്‍ഡിപി ചിറ്റൂര്‍ താലൂക്ക് യൂണിയന്, മാനന്തവാടി താലൂക്ക് യൂണിയന്, പുല്‍പ്പള്ളി താലൂക്ക് യൂണിയന്, റാന്നി താലൂക്ക് യൂണിയന് എന്നിവയുടെ മുന്‍ ഭാരവാഹികള്‍ മൈക്രോ ഫിനാന്‍സ് വഴി വിതരണം ചെയ്യേണ്ട പണം സ്വന്തം ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഇതില്‍ പുല്‍പ്പള്ളി താലൂക്ക് യൂണിയന്റെ മുന്‍ ഭാരവാഹികള്‍ 2007ലും 2014ലും ഫണ്ടില്‍ വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും ഈ യൂണിയനുകളിലൂടെ വെട്ടിപ്പ് നടത്തിയ ഭാരവാഹികളും കേസില്‍ പ്രതികളാകുമെന്നും വിജിലന്‍സ് എസ്പി ഡോ. ജെ.ഹേമചന്ദ്രനാഥ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
വിജിലന്‍സ് അന്വേഷണങ്ങള്‍ ഉടനെ മുന്നോട്ടു കൊണ്ടുപോയി ഫലപ്രാപ്തിയില്‍ എത്തിക്കണമെന്ന് ഹൈക്കോടതി ഈയിടെ നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതി ഈ വര്‍്ഷം ജനുവരി 9 നും ജൂണ്‍ 3 നും ഈ കേസുകള്‍ പരിഗണിക്കുകയും പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥന് (SIT) കേസിന്റെ കാര്യങ്ങളെക്കുറിച്ചു കോടതിക്ക് റിപ്പോര്‍ട്ടു നല്‍കണം എന്നും പറഞ്ഞിരുന്നു.
കേസുകള്‍ ചാര്‍ജ് ചെയ്താല്‍ നടേശനും മറ്റു ഭരണ സമിതി അംഗങ്ങള്‍ക്കും, കമ്പനി നിയമം അനുസരിച്ചു, സ്ഥാനങ്ങളില്‍ നിന്നും ഇറങ്ങേണ്ട സ്ഥിതി ഉണ്ടാവും. ഡോക്ടര്‍ സോമന് നടേശന്റെ ഭാര്യാ സഹോദരന് ആണ്. നടേശന്റെ മകന് തുഷാര്‍ വെള്ളാപ്പള്ളിയും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.