- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കില ഡയറക്ടര്‍ ജനറല്‍ സ്ഥാനത്ത് നിന്ന് ജോയ് ഇളമണിനെ നീക്കണം; സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: കില ഡയറക്ടര്‍ ജനറല്‍ സ്ഥാനത്ത് നിന്ന് ജോയ് ഇളമണിനെ നീക്കാന്‍ ഹൈക്കോടതി ഉത്തരവ്. കിലയുടെ നിയമാവലി ചട്ടം 43 പ്രകാരം കില ഡയറക്ടര്‍ ജനറലിന്റെ പ്രായപരിധി 60 വയസാണ്. ഈ ചട്ടം ലംഘിച്ചുകൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ഹൈകോടതി റദ്ദ് ചെയ്തതുകൊണ്ടാണ് നിര്‍ദേശം. മുന്‍ എംപി രമ്യാ ഹരിദാസ് ഉള്‍പ്പെടെയുള്ളവര്‍ ആണ് ഹര്‍ജി നല്‍കിയിരുന്നത്.
ജോയ് ഇളമണിന്റെ കില ഡയറക്ടര്‍ എന്ന നിലയിലുള്ള കാലാവധി 2023 മെയ് 23-നു അവസാനിച്ചിരുന്നു. 2023 ജൂലൈ നാലിന് 60 വയസ് തികഞ്ഞ ജോയ് ഇളമണിന് പ്രസ്തുത തിയതിക്ക് ശേഷവും കാലാവധി നീട്ടി നല്‍കിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് കിലയുടെ ജനറല്‍ കൗണ്‍സില്‍ അംഗമായ രമ്യ ഹരിദാസും, വിവിധ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും, കെപിസിസി സെക്രട്ടറി ജോണ്‍ വിനീഷ്യസും പരാതി നല്‍കിയിരുന്നു.
നിയമ സഭയില്‍ എംഎല്‍എമാരായ ടി സിദ്ദിഖും സജീവ് ജോസഫും ഈ വിഷയം ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ സര്‍ക്കാര്‍ നടപടി എടുക്കാത്ത സാഹചര്യത്തിലാണ് ഹൈകോടതിയില്‍ കഴിഞ്ഞ വര്‍ഷം റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ. എബ്രഹാം ജോര്‍ജും അഡ്വ. രാജേന്ദ്രനും കേസില്‍ ഹാജരായി.
ജോയ് ഇളമണ്‍ ആ സ്ഥാനത്ത് ഇരുന്നത് നിയമവിരുദ്ധമാണെന്ന് കോടതി ഉത്തരവില്‍ ചൂണ്ടികാണിക്കുന്നുണ്ടെങ്കിലും ആ കാലയളവില്‍ അദ്ദേഹം എടുത്ത തീരുമാനങ്ങളെ കോടതി റദ്ദ് ചെയ്തിട്ടില്ല. ഇത് സംബന്ധിച്ച നിയമ വശങ്ങള്‍ ആരാഞ്ഞതിനു ശേഷം തുടര്‍ നടപടികള്‍ ആലോചിക്കുമെന്ന് മുന്‍ എം.പി രമ്യ ഹരിദാസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.