തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തമുഖത്ത് സര്‍ക്കാരിന്റെ വീഴ്ച പറയാത്തത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മൂല്യമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍.

ദുരിതാശ്വാസനിധിയിലേക്ക് നാട്ടുകാര്‍ മുഴുവന്‍ പണം കൊടുക്കുന്ന സാഹചര്യത്തില്‍ ഈ തുക വകമാറ്റില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കണമെന്ന് സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇപ്പോള്‍ രാഷ്ട്രീയം പറയാത്തത് കോണ്‍ഗ്രസിന്റെ മര്യാദ കൊണ്ടാണ്. ദുരന്തമുഖത്ത് സിപിഎം കൊടിയുടെ നിറം നോക്കി പ്രവര്‍ത്തിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായി മുഖ്യമന്ത്രിയും സിപിഎമ്മും ദുരന്തത്തെ ഉപയോഗിക്കുന്നു. ദുരന്ത ഭൂമിയിലേക്ക് ആദ്യ ദിവസങ്ങളില്‍ ഭക്ഷണവും വസ്ത്രങ്ങളും ഒക്കെ എത്തിച്ചവരുടെ രാഷ്ട്രീയം നോക്കിയിട്ട് ഇനിമുതല്‍ അത് വേണ്ട എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ദുരിതബാധിതരോട് കാണിക്കുന്ന അങ്ങേയറ്റത്തെ ക്രൂരതയാണ് .

ഷിരൂര്‍ ദൗത്യത്തില്‍ കര്‍ണാടക സര്‍ക്കാരിനെ സിപിഎം അനാവശ്യമായി പഴിച്ചു. എന്നിട്ടും വയനാട്ടില്‍ ദുരന്തമുണ്ടായപ്പോള്‍ കര്‍ണാടക സര്‍ക്കാര്‍ സഹായിച്ചെന്നും സുധാകരന്റെ പോസ്റ്റില്‍ പറയുന്നു.