കാട്ടിക്കുളം: കാട്ടിക്കുളം മോട്ടോര്‍വാഹനവകുപ്പ് ചെക്‌പോസ്റ്റിലെ കൈയാങ്കളിയും 'കൈക്കൂലി' വിവാദവും അവസാനിക്കുന്നില്ല. കഴിഞ്ഞദിവസം ലോറിയില്‍ ലോഡുമായെത്തിയ മലപ്പുറം സ്വദേശിയും ഉദ്യോഗസ്ഥരും തമ്മിലും വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. അധികഭാരം കയറ്റിയെന്നപേരിലും വാഹനത്തില്‍ അധികം ലൈറ്റ് ഘടിപ്പിച്ചെന്നപേരിലും 25,250 രൂപ പിഴയടയ്ക്കാന്‍ നിര്‍ദേശിച്ച് ഹനീഫയ്ക്കു മോട്ടോര്‍വാഹനവകുപ്പ് നോട്ടീസ് നല്‍കി. ഇത് പകപോക്കലിന്റെ ഭാഗമായാണ് എന്നാണ് ഹനീഫയുടെ ആരോപണം.

തനിക്കു തൊട്ടുമുന്നില്‍ ചെക്‌പോസ്റ്റില്‍ രേഖകള്‍ കാണിക്കാനായി പോയ ഡ്രൈവറില്‍നിന്ന് ജോലിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ഇരുനൂറുരൂപ കൈക്കൂലിവാങ്ങിയത് മൊബൈലില്‍ പകര്‍ത്താന്‍ശ്രമിച്ച തന്നെ മര്‍ദിക്കുകയും ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് ഹനീഫയുടെ പരാതി. ഇതിന്റെ പകപോക്കാനാണ് തനിക്ക് കനത്ത തുക പിഴയിട്ടതെന്നും ഇദ്ദേഹം ആരോപിക്കുന്നു.

ഹനീഫ തങ്ങളെയാണ് മര്‍ദിച്ചതെന്ന പരാതിയുമായി ഉദ്യോഗസ്ഥരും രംഗത്തെത്തി. ചൊവ്വാഴ്ച രാവിലെയാണ് മലപ്പുറം മേലാറ്റൂര്‍ എടയത്തൂര്‍ അമ്പാട്ടുഹൗസില്‍ എ. മുഹമ്മദ് ഹനീഫയും (ഹനീഫ പാണ്ടിക്കാട്) മോട്ടോര്‍വാഹനവകുപ്പിലെ ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായത്. സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനു തിരുനെല്ലി പോലീസ് ഹനീഫയുടെപേരില്‍ കേസെടുത്തു.

ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന ഹനീഫയുടെ പരാതിയില്‍ ജോലിയിലുണ്ടായിരുന്ന എ.എം.വി.ഐ. പി. വിവേക് രാജ്, ഓഫീസ് അറ്റന്‍ഡന്റ് പി. പ്രദീപ്കുമാര്‍ എന്നിവരുടെപേരിലും കേസെടുത്തിട്ടുണ്ട്. വാഹനമുള്‍പ്പെടെ 36,750 കിലോവരെ ഭാരംവഹിക്കാമെന്നിരിക്കെ 35,540 കിലോ ഭാരമാണ് ഉണ്ടായതെന്നും ഇതിനാണ് അമിതഭാരമെന്നപേരില്‍ പിഴചുമത്തിയതെന്നും ഹനീഫ ആരോപിക്കുന്നു.

ജില്ലയിലെ മറ്റു ചെക്‌പോസ്റ്റുകളില്‍ സി.സി.ടി.വി. ക്യാമറയുണ്ടെങ്കിലും കാട്ടിക്കുളത്ത് ഇല്ല. ചെക്‌പോസ്റ്റിലൂടെ കടന്നുപോകുന്ന ചില വാഹനങ്ങള്‍ അധികഭാരവുമായെത്തി ഉദ്യോഗസ്ഥരെ സ്വാധീനിച്ചു കടന്നുപോകുന്നതായി ആരോപണമുണ്ട്. വിശദീകരണത്തിനായി വയനാട് ആര്‍.ടി.ഒ.യെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല.