നെടുങ്കണ്ടം: വീട്ടില്‍ കയറി 20 ലക്ഷം രൂപ തട്ടിയെടുത്തെന്ന വീട്ടമ്മയുടെ പരാതി മണിക്കൂറുകള്‍ക്കകം പൊളിച്ച് പോലിസ്. പരാതി വ്യാജമാണെന്നു തെളിയിച്ച പൊലീസ്, വീട്ടമ്മ തയാറാക്കിയ മോഷണനാടകവും പൊളിച്ചു.വീട്ടില്‍ അതിക്രമിച്ചു കയറിയ രണ്ട് യുവാക്കള്‍ വീട്ടമ്മയുടെ കണ്ണില്‍ മുളക് പൊടി വിതറിയ ശേഷം പണം കവര്‍ന്നെന്നായിരുന്നു പരാതി. എന്നാല്‍ ചോദ്യം ചെയ്യലില്‍ പതറിയ വീട്ടമ്മയെ പോലിസ് തന്നെ കുരുക്കുക ആയിരുന്നു.

ഉടുമ്പന്‍ചോല കോമ്പയാറില്‍ ഇന്നലെ വൈകിട്ടു മൂന്നിനാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. വീട്ടില്‍ മോഷണം നടന്നതായി വീട്ടമ്മ തന്നെയാണ് പോലിസ് സ്‌റ്റേഷനില്‍ വിളിച്ച് അറിയച്ചത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന തന്റെ മുഖത്തു മുളകുപൊടി വിതറി ലക്ഷങ്ങള്‍ തട്ടിയെന്നാണു യുവതി പറഞ്ഞത്. രണ്ടംഗ സംഘമാണ് എത്തിയത്. അവര്‍ മുഖംമൂടി ധരിച്ചിരുന്നു. മുളകുപൊടി വിതറിയശേഷം അലമാരയില്‍ നിന്നു പണം എടുത്തുകൊണ്ടു പോയി എന്നാണു വീട്ടമ്മ അറിയിച്ചത്. കരഞ്ഞു വിളിച്ചു നിന്ന വീട്ടമ്മയെ പോലിസ് ചോദ്യം ചെയ്തു. എന്നാല്‍ ചോദ്യം ചെയ്യലില്‍ വീട്ടമ്മ കുഴഞ്ഞു.

മോഷണം പോയ തുകയിലും മൊഴികളിലും വൈരുധ്യം വന്നതോടെ പൊലീസ് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചു. ഫൊറന്‍സിക് സംഘം ഉള്‍പ്പെടെയുള്ളവര്‍ വരുമെന്നും കൂടുതല്‍ പ്രശ്‌നമാകുമെന്നു മനസ്സിലാക്കിയ വീട്ടമ്മ മോഷണം കെട്ടിച്ചമച്ചതാണെന്നു സമ്മതിക്കുകയായിരുന്നു. പരാതി ഇല്ലാത്തതിനാല്‍ സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല. പ്രദേശത്തു വീട്ടമ്മ ചിട്ടി നടത്തുന്നതായി നാട്ടുകാര്‍ പറഞ്ഞു. സമയബന്ധിതമായി നല്‍കേണ്ട ചിട്ടിപ്പണം കൈവശം ഇല്ലാതെ വന്നപ്പോള്‍ സൃഷ്ടിച്ച നാടകമാണെന്നാണ് സൂചന.

നെടുങ്കണ്ടം എസ്‌ഐ ടി.എസ്.ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപിന്റെ നിര്‍ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്‌മോന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിച്ചത്.