കോഴിക്കോട്: കോഴിക്കോട് സ്ഥിരതാമസമാക്കിയ ഉത്തരേന്ത്യന്‍ സ്വദേശിയായ ഡോക്ടറെ കബളിപ്പിച്ച് 4.08 കോടി രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ കോഴിക്കോട് സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.രഞ്ജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. രാജസ്ഥാന്‍ സ്വദേശിയാണ് തട്ടിപ്പ് നടത്തിയത്. രാജസ്ഥാന്‍ ദൂര്‍ഖാപുര്‍ സ്വദേശിയായ ഡോക്ടര്‍ 20 വര്‍ഷം മുമ്പാണ് കോഴിക്കോടെത്തി സ്ഥിര താമസമാക്കിയത്.

സമുദായത്തിന്റെ ഉന്നമനത്തിന് സഹായം നല്‍കണമെന്നാവശ്യപ്പെട്ടാണ് രാജസ്ഥാന്‍ സ്വദേശിയായ അമിത് എന്നയാള്‍ ഡോക്ടറുമായി സൗഹൃദം സ്ഥാപിക്കുന്നത്. സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യാറുള്ള ഡോക്ടര്‍ സഹായം നല്‍കി. തുടര്‍ന്ന് ചികിത്സ ആവശ്യങ്ങളുള്‍പ്പെടെ പല കാരണങ്ങള്‍ പറഞ്ഞ് വീണ്ടും തുക വാങ്ങി. ഈ വര്‍ഷം ജനുവരി 31 മുതല്‍ ഓഗസറ്റ് 23 വരെയുള്ള ദിവസങ്ങളിലാണ് 4,08,80,457 രൂപ വാങ്ങിയത്.

ഇതിനിടെ ഡോക്ടര്‍ രാജസ്ഥാനില്‍ കേസില്‍പ്പെട്ടിട്ടുണ്ടെന്നും ഒഴിവാക്കാന്‍ പൊലീസിന് കൈക്കൂലി നല്‍കാനെന്നും പറഞ്ഞ് വീണ്ടും പണം ആവശ്യപ്പെട്ടു. പണം നല്‍കാനില്ലാതെ വന്നതോടെ സ്വര്‍ണം പണയം വയ്ക്കാന്‍ മകന്റെ സഹായം തേടി. മകന്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ഓഗസ്റ്റ് 31ന് സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.