- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഗ്രഹിച്ചത് ഐപിഎസ്; എത്തിയത് എന്‍ജിനിയറിംഗ് ഗ്രൂപ്പില്‍; ബെയ്ലി പാലത്തിലെ ഉരുക്കു വനിത; ഇന്ത്യന്‍ സൈന്യത്തിന്റെ പെണ് കരുത്തായി മേജര്‍ സീതാ ഷെല്‍ക
മുണ്ടക്കൈ: ചൂരല്‍മലയുടെ വീര നായികയാണ് മേജര്‍ സീത ഷെല്‍ക്കെ. മണിക്കൂറുകള്‍ക്കുള്ളില്‍ പൊങ്ങിയ ബെയ്ലി പാലമെന്ന അത്ഭുതം. അസാധ്യമെന്ന കരുതിയത് സാധ്യമാക്കിയ പെണ്‍കരുത്ത്. ചൂരല്‍മലയെയും മുണ്ടക്കൈയെയും ബന്ധിപ്പിച്ചു സൈന്യം നിര്‍മിച്ച ബെയ്ലി പാലത്തിന്റെ നിര്‍മാണത്തിനു നേതൃത്വം നല്കിയ എന്‍ജിനീയറിങ് സംഘത്തിലെ ഏക വനിതാ ഉദ്യോഗസ്ഥ മേജര്‍ സീത ഷെല്‍ക്കെ താരമായി മാറുകയാണ്. മഹാരാഷ്ട്ര സ്വദേശിനി. നേരത്തേയും ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി അനുഭവ സമ്പത്തുള്ള ഉദ്യോഗസ്ഥ. സംഘത്തെ നയിച്ചത് മലയാളിയായ മേജര്‍ ജനറല്‍ വിടി മാത്യു.
ആര്‍മി റെസ്ക്യൂ ഫോഴ്സ് കേരള ആന്‍ഡ് കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് (ജിഒസി) ആണ് മേജര്‍ ജനറല്‍ വി.ടി.മാത്യു. ആലപ്പുഴ സ്വദേശിയായ മേജര്‍ അനീഷ് മോഹനായിരുന്നു പാലത്തിന്റെ നിര്‍മാണ മേല്‍നോട്ടം. ഇവര്‍ക്കൊപ്പം മേജര്‍ സീത ഷെല്‍ക്കെയും രാപകലില്ലാതെ അധ്വാനത്തിലായിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ സ്ത്രീകള്‍ക്ക് യാതൊന്നും ചെയ്യാനില്ലെന്ന വിമര്‍ശനം ഇനി വിലപോകില്ല. മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ സൈന്യം തയ്യാറാക്കിയ ബെയ്ലി പാലത്തിന്റെ നിര്‍മ്മാണ ഘട്ടത്തില്‍ പാലത്തിന് മുകളില്‍ അഭിമാനപൂര്‍വ്വം നില്ക്കുന്ന സൈനിക ഉദ്യോഗസ്ഥയുടെ ചിത്രം വൈറലാണ് ഇന്ന്. മേജര്‍ സീത അശോക് ഷെല്‍ക്കെ എന്നാണ് ഈ ഉദ്യോഗസ്ഥയുടെ മുഴുവന്‍ പേര്.
മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ പാര്‍നര്‍ താലൂക്കിലെ ഗാഡില്‍ഗാവ് എന്ന ചെറുഗ്രാമത്തില്‍ നിന്നാണ് മേജര്‍ സീത സൈന്യത്തിലേക്ക് എത്തുന്നത്. 600 പേര് മാത്രമുള്ള ഒരു ചെറിയ ഗ്രാമം. അഭിഭാഷകനായ അശോക് ബിഖാജി ഷെല്‍ക്കെയുടെ നാല് മക്കളില്‍ ഒരാളാണ് സീത. അഹമ്മദ് നഗറിലെ ലോണിയിലെ പ്രവാര റൂറല്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും പൂര്‍ത്തിയാക്കിയ ശേഷമാണ് സീത സൈന്യത്തിലേക്ക് എത്തുന്നത്. ഐപിഎസുകാരിയാകണമെന്ന ആഗ്രഹം നടന്നില്ലെങ്കിലും സേനയെന്ന സ്വപ്നം മനസ്സില്‍ കുടിയേറി.
ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകാനുള്ള മൂന്നാം ശ്രമത്തിലാണ് സീത വിജയിച്ചത്. രണ്ട് തവണ എസ്എസ്ബി പരീക്ഷയില്‍ പരാജയപ്പെട്ടെങ്കിലും തന്റെ സ്വപ്നം ഉപേക്ഷിക്കാന്‍ സീത അശോക് ഷെല്‍ക്കെ തയാറായിരുന്നില്ല. മൂന്നാം തവണ പരീക്ഷ പാസായി. 2012 ലാണ് സീത അശോക് ഷെല്‍ക്കെ സൈന്യത്തിന്റെ ഭാഗമായത്. ചെന്നൈയിലെ ഒടിഎയില്‍ നിന്നാണ് സീത അശോക് ഷെല്‍ക്കെ പരിശീലനം പൂര്‍ത്തിയാക്കിയത്. മൂന്ന് സഹോദരിമാരാണ് സീതയ്ക്കുള്ളത്.
ചെറിയ ഗ്രാമത്തില്‍ നിന്നാണ് വരുന്നതെങ്കിലും സൈന്യത്തിന്റെ ഭാഗമാകണമെന്ന തന്റെ സ്വപ്നത്തിന് രക്ഷിതാക്കള്‍ വലിയ രീതിയില്‍ പിന്തുണ നല്‍കിയെന്നാണ് സീത പറയുന്നത്. ആര്‍മി മദ്രാസ് എന്‍ജീനീയറിങ്ങ് ഗ്രൂപ്പിലെ 250 സൈനികരാണു ബെയ്ലി പാലം നിര്‍മ്മിച്ചത്. ഇതിന്റെ നേതൃനിരയില്‍ തലയെടുപ്പോടെ മേജര്‍ സീത നില്ക്കുമ്പോള് അത് പെണ്‍കരുത്തിന് തെളിവായി. ഒരു രാത്രിയും ഒരു പകലും നീണ്ട അധ്വാനം. പെരുമഴയെയും കുത്തൊഴുക്കിനെയും അതിജീവിച്ച് സൈന്യം തയ്യാറാക്കിയ ഉരുക്ക് പാലത്തിന് 190 അടി നീളമാണുള്ളത്. അതിലൂടെ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ വാഹനങ്ങള്‍ കടന്നുപോയത് കയ്യടിയോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്.
1780 സെപ്റ്റംബര്‍ 30-ന് ബ്രിട്ടീഷുകാര്‍ രൂപവത്കരിച്ച എം.ഇ.ജി. ഇന്ന് ലോകത്തുതന്നെ ഏറ്റവും ശ്രദ്ധേയമായ സൈന്യത്തിന്റെ എന്‍ജിനിയറിങ് വിഭാഗങ്ങളിലൊന്നാണ്. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രവിശ്യയുടെ ഭാഗമായുള്ള സൈന്യത്തെ സഹായിക്കുന്ന എന്‍ജിനിയറിങ് വിഭാഗമായിട്ടാണ് മദ്രാസ് സാപ്പേഴ്സ് രൂപവത്കരിക്കുന്നത്. മദ്രാസ് സാപ്പേഴ്സിനു പുറമേ ബംഗാള്‍ സാപ്പേഴ്സ്, ബോംബെ സാപ്പേഴ്സ് എന്നീ എന്‍ജിനിയറിങ് വിഭാഗവും ഇന്ത്യന്‍ സൈന്യത്തിനുണ്ട്. കഴിഞ്ഞ 244 വര്‍ഷങ്ങള്‍ക്കിടെ ഒട്ടേറെ യുദ്ധമുഖങ്ങളിലാണ് മദ്രാസ് സാപ്പേഴ്സിന്റെ കരുത്തരായ പട്ടാളക്കാര്‍ സഹായ കരങ്ങളെത്തിച്ചിട്ടുള്ളത്.
മുണ്ടക്കൈയിലുണ്ടായിരുന്ന പാലം ഉരുള്‍പൊട്ടലില്‍ തകര്‍ന്നതോടെ മുണ്ടക്കൈയും ചൂരല്‍മലയും വേര്‍പെട്ടു. രക്ഷാപ്രവര്‍ത്തകര്‍ക്ക് ദുരന്തസ്ഥലങ്ങളിലേക്ക് എത്താന്‍ കഴിയാതെയായി. ബെയ്ലി പാലം വന്നതോടെയാണ് രക്ഷാപ്രവര്‍ത്തനം വേഗത്തിലായത്. സൈന്യത്തിന് സാങ്കേതിക സഹായം നല്കുന്ന വിഭാഗമാണിത്. പാലങ്ങള്‍ നിര്‍മിക്കുക, സൈന്യത്തിന് വഴിയൊരുക്കുക, കുഴി ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് എംഇജി ചെയ്യുന്നത്.