ഇരിട്ടി: ഇരിട്ടി സ്വദേശിനിക്ക് അമേരിക്കയിലെ സര്‍വകലാശലയുടെ 3.10 കോടിയുടെ ഗവേഷണ സ്‌കോളര്‍ഷിപ്പ്. വിളക്കോട് സ്വദേശിനിയായ പി.എ. സങ്കീര്‍ത്തനയ്ക്കാണ് അമേരിക്കയിലെ ഇന്‍ഡ്യാന സര്‍വകലാശലയില്‍ നിന്നും 3.10 കോടിയുടെ ഗവേഷണ സ്‌കോളര്‍ഷിപ്പ്് ലഭിച്ചത്. കെമിക്കല്‍ ബയോളജിയില്‍ അഞ്ചുവര്‍ഷത്തേക്കുള്ള റിസര്‍ച്ച് ഫെലോഷിപ്പ് ഉള്‍പ്പെടെ വിദ്യാഭ്യാസ ആനുകൂല്യമാവും ലഭിക്കുക.

പഠനത്തിനായി സങ്കീര്‍ത്തന ഉടന്‍ തന്നെ അമേരിക്കയിലേക്ക് പറ പറക്കും. ഐസറില്‍നിന്ന് ബി.എസ്., എം.എസ്. കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ സങ്കീര്‍ത്തന ജപ്പാനിലെ ടോക്യോ മെട്രോപോളിറ്റന്‍ സര്‍വകലാശാലയിലും ടോക്യോ സര്‍വകലാശാലയിലും കിടസാറ്റോ സര്‍വകലാശാലയിലും ഗവേഷണം നടത്തി.

കോഴിക്കോട് എന്‍.ഐ.ടി. പ്രൊഫസര്‍ ചിന്നയ്യ സ്വാമിയോടൊത്ത് സുപ്ര മൊളിക്കുലര്‍ വിഷയത്തില്‍ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചു. ഐസറിലെ പ്രൊഫസര്‍ സബാവതി ഗോകുല്‍ നാഥിനൊപ്പം കാന്‍സറിന്റെ ലൈറ്റ് തെറാപ്പിക്കാവശ്യമായ ഡൈകളുടെ നിര്‍മാണത്തിലാണ് ഗവേഷണം നടത്തിയത്.

മുഴക്കുന്ന് ഗവ. യു.പി സ്‌കൂളിലെ പ്രാഥമിക പഠനത്തിനുശേഷം കാവുംപടി സി.എച്ച്.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് ഉയര്‍ന്ന മാര്‍ക്കില്‍ എസ്.എസ്.എല്‍.സി.യും ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് 99 ശതമാനം മാര്‍ക്കോടെ പ്ലസ് ടു പഠനവും പൂര്‍ത്തിയാക്കി.

ആറളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക കാക്കയങ്ങാട് വിളക്കോട്ടെ സങ്കീര്‍ത്തനയില്‍ പി.സി. സവിതയുടെയും കാവുംപടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ പി.കെ. അനില്‍കുമാറിന്റെയും മകളാണ്. സഹോദരി മാളവിക.