കോഴിക്കോട്: മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നത് പലവിധ അരോപണങ്ങള്‍. കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്ത് പണം വാങ്ങി പൊലീസിന് സമാന്തരമായി അന്വേഷണം നടത്തിയെന്ന ആക്ഷേപം പോലും ഉയര്‍ന്നു. തങ്ങള്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്ന് പിന്നീട് കുടുംബം വ്യക്തത വരുത്തി. മാമിയുടെ ചില ജീവനക്കാരെ ചുറ്റിപ്പറ്റിയും ഊഹാപോഹങ്ങള്‍ ഉയര്‍ന്നു. ഇതെല്ലാം റിപ്പോര്‍ട്ട് ചെയ്തത് രണ്ടാഴ്ച മുമ്പ് മാധ്യമം പത്രമാണ്. മുഹമ്മദ് ആട്ടൂര്‍ എന്ന മാമിയെ കാണാതായി ഒരു കൊല്ലമായപ്പോള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലായിരുന്നു ഈ വാക്കുകളുണ്ടായിരുന്നു.

മാമിക്ക് ബിസിനസ് ശത്രുക്കളുണ്ടായിരുന്നോ എന്നതിലേക്ക് അന്വേഷണം നീണ്ടെങ്കിലും പൊലീസിന് സൂചനകളൊന്നും കിട്ടിയില്ല. അതിനിടെ, ചില പണമിടപാടുകളെ പറ്റിയും സംശയങ്ങളുയര്‍ന്നു. തുടക്കത്തില്‍ മാമി തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്ന ചിലര്‍ പിന്നീട് അഭിപ്രായ ഭിന്നതകളുന്നയിച്ചു. ആദ്യം കേസ് അന്വേഷിച്ച നടക്കാവ് പൊലീസ് എസ്.എച്ച്.ഒയെ വീണ്ടും കൊണ്ടുവരണമെന്നും വേണ്ടെന്നും പറഞ്ഞായിരുന്നു ഭിന്നത. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വേളയില്‍ സ്ഥലം മാറിപ്പോയ ഈ ഉദ്യോഗസ്ഥന്‍ തിരിച്ചെത്തിയപ്പോള്‍ ആദ്യം അന്വേഷണ സംഘത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും പുതിയ അന്വേഷണ സംഘത്തില്‍ ഇദ്ദേഹം ഉള്‍പ്പെട്ടതില്‍ കുടുംബം പിന്നീട് ദുരൂഹത ഉന്നയിച്ചു. അങ്ങനെ പോലീസ് ഇടപെടലുകളും വിവാദത്തിലായി.

കാക്ക രഞ്ജിത്ത് കള്ളക്കടത്ത് സ്വര്‍ണം കവരല്‍, ഹവാല-കുഴല്‍പണ കടത്ത്, ഭീഷണിപ്പെടുത്തി പണം അപഹരിക്കല്‍, വധശ്രമം എന്നിങ്ങനെ മുപ്പതോളം കേസുകളിലെ പ്രതിയാണ്. പ്രവാസിയെ തടഞ്ഞ് മൂന്നര കിലോ കള്ളക്കടത്ത് സ്വര്‍ണം കവരാന്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനി ജയിലില്‍ ഗൂഢാലോചന നടത്തിയ കേസിലുള്‍പ്പെടെ പ്രധാനിയാണ് രഞ്ജിത്ത്. അങ്ങനെ സിപിഎം ബന്ധമുള്ള പ്രതി. 2017 ജൂലൈ 16ന് രാവിലെ കരിപ്പൂരില്‍നിന്ന് കാറില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രവാസി തലശ്ശേരി ചൊക്ലി സ്വദേശി ഇസ്മയിലിനെ മോഡേണ്‍ ബസാറില്‍ തടഞ്ഞാണ് കള്ളക്കടത്ത് സ്വര്‍ണമടങ്ങിയ ബാഗ് കാക്ക രഞ്ജിത്തും സംഘവും കടന്നതെന്നായിരുന്നു ആരോപണം. ഈ കേസില്‍ പന്തീരാങ്കാവിലെ ദില്‍ഷാദ്, കൊടല്‍ നടക്കാവിലെ അതുല്‍, ചക്കുംകടവിലെ റാസിക് എന്നിവരാണ് രഞ്ജിത്തിന്റെ പങ്ക് വ്യക്തമാക്കിയത്. ഇത്തരത്തിലൊരു ക്രിമിനലും മാമിയെ തേടിയിറങ്ങിയെന്ന ആരോപണമാണ് മാധ്യമം പത്രം ചര്‍ച്ചയാക്കിയത്.

തിരോധാനത്തിന്റെ രഹസ്യം വെളിപ്പെടുത്തും എന്ന് ഇപ്പോഴും പൊലീസ് പറഞ്ഞു കൊണ്ടിരിക്കുന്നു. ഒരു വര്‍ഷം കഴിയുമ്പോഴും 'മാമി എവിടെ?' എന്ന ചോദ്യം ബാക്കി. മുഹമ്മദ് ആട്ടൂരിന്റെ ഭാര്യ വൈഎംസിഎ ക്രോസ് റോഡ് നക്ഷത്ര അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്ന, വാഴക്കാട് ഗവ.യുപി സ്‌കൂള്‍ അധ്യാപികയായ റംലത്ത് പറയുന്നു. "അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്നതു സംബന്ധിച്ചു പോലും ആരും കൃത്യമായ ഉത്തരം പറയുന്നില്ല. നീണ്ട കാത്തിരിപ്പുമായി എത്ര കാലം ജീവിക്കും?. കാണാതായ അന്നു തന്നെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. എനിക്കു ജോലിയുള്ളതു കൊണ്ടു കുടുംബത്തിന്റെ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നു. 85 വയസ്സായ ഉമ്മ ഖദീജ തീര്‍ത്തും കിടപ്പിലായി. ഉമ്മയുടെ ഓര്‍മയില്‍ നിന്നു പോലും മാമി മാഞ്ഞു തുടങ്ങി. ശാസ്ത്രീയ തെളിവുകള്‍ മാത്രമാണ് ഇപ്പോള്‍ ശേഷിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി മാമിയെ കണ്ടെത്തണം-എന്നാണ് അവരുടെ ആവശ്യം.

കഴിഞ്ഞ നവംബറില്‍ മൊബൈല്‍ ഫോണ്‍ ടവര്‍ ഡംപ് ലഭിക്കാന്‍ അന്വേഷണ സംഘം ഡിജിപി എസ്.ദര്‍വേഷ് സാഹിബിന് അപേക്ഷ നല്‍കി. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് തട്ടിക്കൊണ്ടുപോയവരെന്നു സംശയിക്കുന്നവരെ ചോദ്യം ചെയ്തു. ജനുവരിയില്‍ ടവര്‍ ഡംപ് ഡേറ്റ ലഭിക്കാന്‍ യുഎസ് അറ്റ്‌ലാന്റയില്‍ ഗൂഗിള്‍ ഓഫിസിന് അപേക്ഷ നല്‍കി. മേയ് അവസാന വാരം ഗൂഗിള്‍ ഡേറ്റയും ടവര്‍ ഡംപ് ഡേറ്റയും അന്വേഷണ സംഘത്തിനു ലഭിച്ചു. എഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം വിപുലപ്പെടുത്തി. തലക്കുളത്തൂര്‍ മൊബൈല്‍ ടവര്‍ കൂടാതെ മറ്റു രണ്ടിടത്തു നിന്നുള്ള വിവരം കൂടി പൊലീസ് അന്വേഷണത്തില്‍ ലഭിച്ചു. സംശയമുള്ള കൂടുതല്‍ മൊബൈല്‍ നമ്പറുകള്‍ പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. ഇപ്പോള്‍ ഈ നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു.

2023 ഓഗസ്റ്റ് 21ന് അരയിടത്തു പാലത്തിനു സമീപത്തെ സിഡി ടവറിന് അടുത്തുള്ള ഓഫിസില്‍ നിന്ന് വൈകിട്ട് 6നു മാമി പള്ളിയിലേക്ക് പോയി. സിഡി ടവറില്‍ സ്ഥിരമായി പാര്‍ക്ക് ചെയ്യുന്നിടത്ത് കാര്‍ നിര്‍ത്തിയിട്ടിട്ടുണ്ട്. കാറില്‍ നിന്നു ലഭിച്ച പഴ്‌സില്‍ എടിഎം കാര്‍ഡ് അടക്കമുള്ള രേഖകളെല്ലാം ഉണ്ടെങ്കിലും ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ ഇല്ല. വൈകിട്ട് 6.50ന് ഭാര്യ റംലത്ത് ഫോണില്‍ സംസാരിച്ചു. ഏഴരയോടെ എത്തുമെന്നു മാമി ഭാര്യയെ അറിയിച്ചു. 7.24നു 'കുറച്ചു ദൂരെയാണു വൈകുമെന്നു' വാട്‌സാപില്‍ വോയ്‌സ് സന്ദേശം എത്തി. പിന്നീട് രാത്രി 11.50 വരെ ഫോണ്‍ സ്വിച്ച് ഓഫ്. അന്നു രാത്രി മാമി വീട്ടിലേക്കു വന്നില്ല. ബിസിനസ് ആവശ്യങ്ങള്‍ക്കായി ദീര്‍ഘയാത്ര പതിവുള്ള മാമി വീട്ടില്‍ വരാതിരിക്കുന്നതില്‍ വീട്ടുകാര്‍ക്ക് അസ്വാഭാവികത തോന്നിയില്ല.<

തലേന്നു മുതല്‍ മാമിയെ വിളിച്ചിട്ടു കിട്ടാത്തതിനാല്‍ ചില സുഹൃത്തുക്കള്‍ രാവിലെ ഭാര്യയെ വിളിച്ചു. തുടര്‍ന്നു ഭാര്യ കുടുംബസുഹൃത്തു കൂടിയായ ഡ്രൈവറെ ഉച്ചയ്ക്ക് 1.45നു വിളിച്ചു. പ്രശ്‌നമില്ലെന്നും മാമിക്ക് ഒരു ബിസിനസുകാരനുമായി ഉച്ചയ്ക്കു 2ന് റജിസ്‌ട്രേഷന്‍ ഉണ്ട് എന്നും പറഞ്ഞു. ഈ ബിസിനസുകാരനു ഫോണ്‍ കൈമാറി റംലത്തുമായി സംസാരിപ്പിച്ചു. വൈകിട്ട് 6.30ന് കുടുംബ സുഹൃത്ത് ഭാര്യയെ വിളിച്ചു. മാമിയെ കണ്ടെത്താന്‍ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു. ഉച്ചയ്ക്കു സംസാരിച്ച ബിസിനസുകാരന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും അദ്ദേഹം സഹായിക്കുമെന്നും പറഞ്ഞു. അതിന് അദ്ദേഹത്തെ കാണാതായിട്ടല്ലല്ലോ എന്ന് വീട്ടുകാര്‍ സംശയം ഉന്നയിച്ചു.

പരാതി നല്‍കാന്‍ പിന്നീട് തയാറായെങ്കിലും മാമി കര്‍ണാടകയിലേക്കു ബിസിനസ് ആവശ്യത്തിനു പോയതാണെന്നു ബിസിനസുകാരന്‍ പറഞ്ഞതിനെത്തുടര്‍ന്നു പരാതി നല്‍കേണ്ടെന്നു തീരുമാനിച്ചു. രാത്രിയോടെ മാമിയുടെ വിദേശത്തുള്ള സുഹൃത്തും പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു. സുഹൃത്തുക്കള്‍ ആശങ്ക പങ്കുവച്ചതോടെ രാത്രി 12 മണിയോടെ നടക്കാവ് പൊലീസില്‍ പരാതി നല്‍കി. അങ്ങനെ ഒരു വര്‍ഷം മുമ്പ് നല്‍കിയ പരാതിയില്‍ ഇനിയും പോലീസിന് തുമ്പൊന്നും കിട്ടിയില്ലെന്നതാണ് വസ്തുത. മാമിയ്ക്ക് നാലു ഭാര്യമാരുണ്ട്. എല്ലാ കുടുംബാംഗങ്ങളും ഒരേ മനസ്സോടെയാണ് ഇപ്പോള്‍ അന്വേഷണ ആവശ്യവുമായുള്ളത്.