തിരുവനന്തപുരം: ഭാര്യാ മാതാവിനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു. തിരുവനന്തപുരം ആറ്റിങ്ങലില്‍ ആണ് സംഭവം. ആറ്റിങ്ങല്‍ കരിച്ചിയില്‍ രേണുക അപ്പാര്‍ട്ട്‌മെന്റ്‌സില്‍ താമസിക്കുന്ന തെങ്ങുവിളാകത്തു വീട്ടില്‍ പ്രീതയെയാണ് (50) മരുമകന്‍ കൊലപ്പെടുത്തിയത്. പ്രീതയുടെ ഭര്‍ത്താവും കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനുമായിരുന്ന ബാബു പരുക്കുകളോടെ ആശുപത്രിയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് മരുമകന്‍ വര്‍ക്കല മംഗലത്തുവീട്ടില്‍ അനില്‍ കുമാറിനെ (40) ആറ്റിങ്ങല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അനില്‍കുമാര്‍ ഭാര്യയുമായി പിണക്കത്തിലായിരുന്നു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്. ഇന്നലെ രാത്രി പത്തരയോടെ ഭാര്യയുടെ വീട്ടിലെത്തിയ അനില്‍ കുമാര്‍ കയ്യില്‍ കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച് മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു. പൊലീസ് കൊലപാതകത്തിനും വധശ്രമത്തിനും കേസെടുത്തു.