അടിമാലി: കാട്ടാന ശല്യം രൂക്ഷമായിട്ടും നടപടി സ്വീകരിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ച് ചെക് പോസ്റ്റ് കെട്ടിടത്തിനുള്ളില്‍ കയറി ആത്മഹത്യാ ശ്രമം നടത്തി യുവാവ്. നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസിന് കീഴിലുള്ള എളംബ്ലാശേരി ഫോറസ്റ്റ് ചെക് പോസ്റ്റ് കെട്ടിടത്തിനുള്ളില്‍ കയറി സമീപവാസിയായ യുവാവാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

കഴിഞ്ഞ ദിവസം ചെക് പോസ്റ്റിന് സമീപം താമസിക്കുന്ന ചന്ദ്രിക പൊന്നപ്പന്റെ കുടില്‍ കാട്ടാനക്കൂട്ടം നശിപ്പിച്ചിരുന്നു. ആനക്കൂട്ടം എത്തിയ വിവരം ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും കെട്ടിടത്തിനുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ ഇവര്‍ കൂട്ടാക്കിയില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാ ഭീഷണിയുമായി സോളമന്‍ (40) ചെക്‌പോസ്റ്റ് കെട്ടിടത്തില്‍ എത്തിയത്.

ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. പെട്രോള്‍, ലൈറ്റര്‍ എന്നിവയുമായി യുവാവ് കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതിനെ എതിര്‍ത്തു. കാട്ടാനശല്യത്തെത്തുടര്‍ന്ന് കുടിലില്‍ താമസിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കെട്ടിടത്തില്‍ താമസിക്കാന്‍ വന്നതാണെന്നും തടസ്സം നിന്നാല്‍ ആത്മഹത്യ ചെയ്യുമെന്നുമായിരുന്നു നിലപാട്. ജീവനക്കാര്‍ ആവശ്യം ചെവിക്കൊള്ളുന്നില്ലെന്നു ബോധ്യപ്പെട്ടതോടെ അവിടെ ഉണ്ടായിരുന്ന പാചക വാതക സിലിണ്ടര്‍ തുറന്നു വിടുകയും പെട്രോള്‍ ദോഹത്തൊഴിക്കുകയും ചെയ്തു.

ഇതോടെ പേടിച്ചു പോയ ജീവനക്കാര്‍ പുറത്തേക്ക് ഓടി. തുടര്‍ന്ന് ഇവര്‍ പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചു. കാട്ടാന തകര്‍ത്ത വീടിന് നഷ്ടപരിഹാരം നല്‍കും, വനസംരക്ഷണ സമിതി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വനംവകുപ്പ് ചെക്‌പോസ്റ്റ് വനാതിര്‍ത്തിയിലേക്കു മാറ്റും, എളംബ്ലാശേരി മേഖലയില്‍ ആര്‍ആര്‍ടി സേവനം ലഭ്യമാക്കും എന്നീ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ പ്രശ്‌നം പരിഹരിച്ചു.