കോട്ടയം: ഭാര്യയുമായി വഴക്കുണ്ടാക്കിയെന്നു പറഞ്ഞ് പോലിസ് തല്ലിച്ചതച്ചത് അവിവാഹിതനായ വഴിയാത്രക്കാരനെ. പോലിസ് ആക്രമണത്തില്‍ പരിക്കേറ്റ ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലിസ് അന്വേഷണം തുടങ്ങി. കോട്ടയം ഗാന്ധിനഗര്‍ പോലീസ്സ്റ്റേഷനിലെ എ.എസ്.ഐ. ആണ് തന്നെ അടിച്ചതെന്ന് പരാതിക്കാരനായ അമലഗിരി ഓട്ടക്കാഞ്ഞിരം കറുകശ്ശേരി കെ.എം.മാത്യു (48) പറഞ്ഞു.

ചൊവ്വാഴ്ച രാത്രി എട്ടിന് ഓട്ടക്കാഞ്ഞിരം കവലയിലാണ് സംഭവം. രോഗിയായ മാതാവും സഹോദരനുമുള്ള മാത്യു, ഇവര്‍ക്കുള്ള മരുന്നുവാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി പോലിസ് ആക്രമിച്ചത്. പോലീസ് ജീപ്പ് അടുത്തുനിര്‍ത്തിയശേഷം പുറത്തിറങ്ങിയ എ.എസ്.ഐ. ലാത്തികൊണ്ട് അടിക്കുകയായിരുന്നെന്ന് മാത്യു ഉന്നത പോലീസ് അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

താന്‍ വിവാഹിതനല്ലെന്നും ഡിവൈ.എസ്.പി.യുടെ വീട്ടിലെ ജോലിക്കാരനാണെന്നും പറഞ്ഞപ്പോള്‍ പോലീസുകാര്‍ കേള്‍ക്കാന്‍കൂട്ടാക്കാതെ പരിഹസിക്കുകയും ചെയ്തു. ഈ ഭാഗത്തുള്ള ഒരു വീട്ടില്‍ കുടുംബകലഹം നടന്നതുസംബന്ധിച്ച് ഒരാള്‍ പോലീസിനോട് ഫോണില്‍ പരാതിപ്പെട്ടിരുന്നു. ഇത് അന്വേഷിക്കാനെത്തിയ പോലീസ് ആളുമാറിയാണ് മാത്യുവിനെ അടിച്ചതെന്ന് സംശയിക്കുന്നു.

അതേസമയം, പരാതി നല്‍കിയ വ്യക്തിയുടെ സമീപം മാത്യുവിനെ കണ്ടപ്പോള്‍ ശാസിച്ച് പറഞ്ഞുവിട്ടതേയുള്ളൂവെന്നും അടിച്ചിട്ടില്ലെന്നുമാണ് പോലീസിന്റെ വിശദീകരണം.