മണര്‍കാട്: മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പാചരണത്തിന് ഞായറാഴ്ച കൊടിമരം ഉയര്‍ത്തി. നിലംതൊടാതെ വെട്ടിയെടുത്ത കൊടിമരം ഘോഷയാത്രയായി പള്ളിയിലെത്തിച്ചു. നൂറുകണക്കിന് വിശ്വാസികള്‍ കൊടിമരഘോഷയാത്രയില്‍ അണിചേര്‍ന്നു.

കരോട്ടെ പള്ളിക്കും, വലിയ പള്ളിക്കും മൂന്നുതവണ വലംവച്ച് ചെത്തിമിനുക്കി കുരിശ് തറച്ച് കൊടിതോരണങ്ങള്‍ കെട്ടി കല്‍ക്കുരിശിനുസമീപം ഉയര്‍ത്തി. യാക്കോബായ സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പൊലീത്താ ചടങ്ങുകള്‍ക്ക് പ്രധാന കാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. ഇ.ടി.കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പ ഇട്ടിയേടത്ത്, ഫാ. കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പ കിഴക്കേടത്ത്, കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പ കറുകയില്‍, ഫാ. തോമസ് മറ്റത്തില്‍ തുടങ്ങിയവര്‍ സഹകാര്‍മികരായി.

രാവിലെ കരോട്ടെ പള്ളിയിലെ കുര്‍ബാനയ്ക്കുശേഷം വലിയപള്ളിയില്‍ നടന്ന മൂന്നിന്മേല്‍ കുര്‍ബാനയില്‍ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പൊലീത്താ പ്രധാന കാര്‍മികനായി. തുടര്‍ന്ന് പ്രസംഗം, ധ്യാനം, സന്ധ്യാപ്രാര്‍ഥന എന്നിവ നടന്നു. തിങ്കളാഴ്ച രാവിലെ 8.30-ന് വലിപള്ളിയില്‍ നടക്കുന്ന മൂന്നിന്മേല്‍ കുര്‍ബാനയില്‍ മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പൊലീത്താ പ്രധാന കാര്‍മികനാകും.