- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കസ്റ്റഡിയില്‍ ഉള്ളവര്‍ സഹകരിക്കുന്നില്ല; അനിലിനെ കിട്ടേണ്ടത് അനിവാര്യത; മാന്നാറിലെ ഇസ്രയേലിലുള്ള പ്രതിയ്ക്കായി ബ്ലൂ കോര്‍ണര്‍ നോട്ടീസ്
മാന്നാര്‍: ഇരമത്തൂര്‍ സ്വദേശിനി കല കൊല്ലപ്പെട്ടെന്ന കേസില്‍ ഇസ്രയേലിലുള്ള പ്രതിയെ നാട്ടിലെത്തിക്കാനുള്ള നടപടിയുടെ ആദ്യ ഘട്ടത്തിന് തുടക്കം. ഒന്നാം പ്രതിയായ കലയുടെ ഭര്‍ത്താവ് അനിലിനായി പൊലീസ് ബ്ലൂ കോര്‍ണര്‍ തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചു. കസ്റ്റഡിയിലുള്ള പ്രതികള്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കുന്നതായി പൊലീസിന് സംശയമുണ്ട്. പ്രതികള്‍ ഒരുമിച്ച് പുതിയ കഥകള്‍ പറയുമെന്ന സംശയത്തില്‍ ഇവരെ മൂന്നു പൊലീസ് സ്റ്റേഷനുകളിലാക്കിയിരിക്കുകയാണ്.
പോലീസ് കസ്റ്റഡിയില്‍ ലഭിച്ച 3 പ്രതികള്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സഹകരിക്കുന്നില്ലെന്നാണു വിവരം. കൂടുതല്‍ ചോദ്യം ചെയ്യാനായി ഇവരെ വീണ്ടും കസ്റ്റഡിയില്‍ കിട്ടാന്‍ നാളെ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കുമെന്നാണ് വിവരം. അനിലുമായി ബന്ധമുള്ള, സംസ്ഥാനത്തിനു പുറത്തുള്ളവരുടെയും വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അന്വേഷണത്തിനായി സംസ്ഥാനത്തിനു പുറത്തേക്കു പോകാനും പൊലീസ് ആലോചിക്കുന്നുണ്ട്.
അനില്‍കുമാറിനെ നാട്ടിലെത്തിച്ചാല്‍ മാത്രമേ കേസില്‍ വ്യക്തത വരൂ. ആദ്യം അറസ്റ്റിലായ പ്രതികളുടെ കസ്റ്റഡി കാലാവധി തീരുന്നതിന് മുമ്പ് അനിലിനെ എത്തിക്കാനാണ് പൊലീസിന്റെ നീക്കം. നിലവില്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ മൊഴികളില്‍ വൈരുദ്ധ്യം പോലീസിനെ വെട്ടിലാക്കുന്നുണ്ട്. കൊല്ലപ്പെട്ടത് കലയാണെന്ന് ഉറപ്പിക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല. സെപ്റ്റിക് ടാങ്കില്‍ നിന്നും കിട്ടിയ സാമ്പിളികളുടെ ശാസ്ത്രീയ പരിശോധന ഫലം കാത്തിരിക്കുകയാണ് പൊലീസ്. ഈ പരിശോധനാഫലം പരിശോധന ഫലം കിട്ടിയതിനുശേഷം മാത്രമായിരിക്കും മൃതദേഹം കലയുടേതാണെന്ന് ഉറപ്പിക്കാന്‍ കഴിയുക.
കൊലപാതകം നടന്ന തീയതി ഉറപ്പിക്കാനോ ആയുധം എവിടെയെന്ന് കണ്ടെത്താനോ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മൃതദേഹം കൊണ്ടുപോയി എന്ന് പറയപ്പെടുന്ന മാരുതി കാര്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 15 വര്‍ഷം മുമ്പുള്ള കാര്‍ എവിടെ എന്നും ആര്‍ക്കും അറിയില്ല. ഇതിനെല്ലാം അനില്‍കുമാറിനെ ചോദ്യം ചെയ്യേണ്ടതുണ്ട്.
അനിലാണ് കേസിലെ ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമന്, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. ഇവര്‍ നാല് പേരും ചേര്‍ന്ന് കലയെ കാറില്‍വെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പൊലീസിന്റെ നിഗമനം. യുവതിയെ പതിനഞ്ച് വര്‍ഷം മുന്‍പ് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടിയതാണെന്ന് പൊലീസ് എഫ്ഐആറില്‍ പറയുന്നത്. അതിനിടെ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. സംസ്ഥാന അതിര്‍ത്തിയിലും ഇതര സംസ്ഥാനത്തുമുള്ള അനിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
കൂട്ടുപ്രതികളെ കൂടാതെ ഒന്നാംപ്രതി അനില്‍ കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്ന് മാറ്റിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. മൃതദേഹം എങ്ങോട്ട് മാറ്റിയെന്നും മറ്റാരുടെയെങ്കിലും സഹായം തേടിയിരുന്നോ എന്നും കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. മുന്‍പ് സ്പിരിറ്റ് കടത്തല്‍ വാഹനത്തിലെ ഡ്രൈവറായിരുന്ന അനിലിന്റെ അബ്കാരി ബന്ധങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. മൃതദേഹം വാഹനത്തില്‍ ഒളിപ്പിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്താനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.