തിരുവനന്തപുരം: ആ അമ്മ കാത്തിരിപ്പിലാണ്. രാവിലെ ജോലിക്കു പോകുമ്പോള്‍ വൈകീട്ട് അഞ്ചുമണിക്കു തിരികെയെത്തുമെന്ന് പറഞ്ഞ് മലഞ്ചരിവിറങ്ങിപ്പോയ മകന്‍. വീട്ടിലേക്ക് കൃത്യമായ വഴിയുമില്ല. ആ വഴിയിലൂടെ ഇനിയും മകന്‍ വന്നില്ല. 24 മണിക്കൂറായിട്ടും മകനെ കാത്തിരിപ്പാണ് അമ്മ മെല്‍ഗി. പെരുങ്കടവിള പഞ്ചായത്തിലെ വടകര മലഞ്ചരിവിലെ ഒറ്റമുറി ഷീറ്റിട്ട, ഭാഗികമായി തകര്‍ന്ന വീട്ടിലാണ് മെല്‍ഗിയുടെ കാത്തിരിപ്പ്. ലൈഫ് മിഷന്‍ വീടും സാമൂഹിക ക്ഷേമ പെന്‍ഷനുമെല്ലാം ചര്‍ച്ചയാക്കുന്ന സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ വലിയ ചോദ്യചിഹ്നമായി ഈ അമ്മ മാറും.

മകന്‍ ജോയി കഴിക്കാനുള്ള ഭക്ഷണവുമായി മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ഈ അമ്മ. ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയി അവിവാഹിതനാണ്. നാട്ടില്‍ പണിയില്ലാത്തപ്പോള്‍ നഗരത്തിലും ജോലിക്ക് പോകും. മൂന്നുദിവസം മുന്‍പാണ് ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്ന ജോലിക്ക് ജോയിയെ കരാറുകാരന്‍ വിളിച്ചത്. കഴിഞ്ഞ മൂന്ന് ദിവസവും ജോലിക്കു പോയിരുന്നു. സഹോദരനുണ്ട്. സഹോദരന്റെ ഭാര്യ ഈയിടെ മരിച്ചിരുന്നു. ഈ വേദനയിലുള്ള കുടുംബത്തേ തേടിയാണ് ജോയിയുടെ കാണാതകല്‍ വാര്‍ത്തയും എത്തിയത്. അപ്പോള്‍ മുതല്‍ പ്രാര്‍ത്ഥനയിലാണ് ജോയിയുടെ കുടുംബം,

ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായുള്ള തിരച്ചില്‍ പ്രതിസന്ധിയിലാണ്. റെയില്‍വേയുടെ വര്‍ഷങ്ങള്‍ പഴക്കമുള്ള മാലിന്യം രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവുകയാണെന്നാണ് മേയര്‍ പറയുന്നത്. മാലിന്യം മാറ്റാനാവശ്യമായ നടപടി റെയില്‍വേ സ്വീകരിക്കണമെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. അതിനിടെ തോട്ടിലെ ടണലിനുള്ളില്‍ റോബോട്ടിക് ക്യാമറ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ജോയിയുടെ ശരീരഭാഗങ്ങള്‍ അല്ലെന്ന് സ്ഥിരീകരിച്ചു. സ്‌കൂബാ ടീം സ്ഥലത്ത് പരിശോധന നടത്തി. ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് കാണാതായ ജോയിയുടെ കാല്‍പ്പാദമാണെന്ന് നേരത്തെ സംശയമുയര്‍ന്നിരുന്നു.

റോബോട്ടിക് ക്യാമറ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ശരീരഭാഗങ്ങളെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് സ്‌കൂബാ ടീം അംഗങ്ങള്‍ ടണലിനുള്ളിലേക്ക് പ്രവേശിച്ച് നടത്തിയ പരിശോധനയില്‍ ഇത് മനുഷ്യശരീരമല്ലെന്നും മാലിന്യമാണെന്നും സ്ഥിരീകരിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് താത്കാലിക തൊഴിലാളിയായ മാരായമുട്ടം സ്വദേശി ജോയിയെ തോട്ടില്‍ കാണാതായത്. തോട് വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം.

റെയില്‍വേ പാളം കടന്നുപോകുന്ന ആമയിഴഞ്ചാന്‍ തോട് ശുചീകരണത്തിനായി റെയില്‍വേ, കരാറുകാരെ ഏര്‍പ്പെടുത്തിയിരുന്നു. കരാര്‍ നല്‍കിയ വ്യക്തിയുടെ ശുചീകരണത്തൊഴിലാളിയായിരുന്നു ജോയി. അപകടസമയത്ത് ജോയി മാത്രമായിരുന്നു ടണലിന്റെ ഭാഗത്ത് ഉണ്ടായിരുന്നത്. മാലിന്യം നീക്കം ചെയ്യുന്നതിനിടെ ശക്തമായ മഴ പെയ്തു.

ഒഴുക്ക് കൂടിയപ്പോള്‍ സൈറ്റ് സൂപ്പര്‍വൈസര്‍ അമരവിള സ്വദേശി കുമാര്‍, ജോയിയോട് തിരികെ കയറാന്‍ നിര്‍ദേശിച്ചു. ടണലില്‍ കല്ലില്‍ക്കയറി നില്‍ക്കുന്നതിനിടെയാണ് ഒഴുക്കില്‍പ്പെട്ടത്. സൂപ്പര്‍വൈസര്‍ കയറിട്ടു നല്‍കിയെങ്കിലും രക്ഷപ്പെടാനായില്ല.