പീരുമേട്: ആരോഗ്യ വകുപ്പില്‍ നിന്നു വന്‍ തുക ചികിത്സാ സഹായം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ അമ്മയും മകനും അറസ്റ്റില്‍. ഏലപ്പാറ സ്വദേശിയെ കബളിപ്പിച്ച് 5.5 ലക്ഷം രൂപ തട്ടിയെടുത്ത പാലാ കിടങ്ങൂര്‍ മംഗലത്ത് കുഴിയില്‍ ഉഷ അശോകന്‍ (58), മകന്‍ വിഷ്ണു (38) എന്നിവര്‍ ആണ് പോലിസിന്റെ പിടിയിലായത്. ഏലപ്പാറ സ്വദേശി പ്രദീഷാണ് തട്ടപ്പിനിരയായത്. പ്രദീഷിന്റെ പിതാവിന്റെ ചികിത്സയ്ക്കു വേണ്ടി സ്വകാര്യ ആശുപത്രിയില്‍ ചെലവഴിച്ച 55 ലക്ഷം രൂപയില്‍ 32 ലക്ഷം ആരോഗ്യ വകുപ്പില്‍ നിന്നു വാങ്ങി നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

പ്രദീഷ് തന്റെ മകന്റെ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയപ്പോള്‍ ആണ് ഡോക്ടറുടെ വേഷത്തില്‍ ആശുപത്രി പരിസരത്തു കണ്ട വിഷ്ണുവിനെ പരിചയപ്പെടുന്നത്. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ എന്നു പറഞ്ഞ വിഷ്ണു പ്രദീഷിന്റെ മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് സഹായങ്ങള്‍ ചെയ്തു നല്‍കി വിശ്വാസം നേടിയെടുത്തു. ഇതോടെ ഇരുവരും തമ്മില്‍ നല്ല സൗഹൃദത്തിലായി. പിന്നീട് പിതാവിന്റെ ചികിത്സയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയപ്പോള്‍ പ്രദീഷ് തന്നെ വിഷ്ണുവിനെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ആരോഗ്യ വകുപ്പില്‍ നിന്നു 32 ലക്ഷം രൂപ വാങ്ങി നല്‍കാമെന്ന് പറഞ്ഞു പല തവണയായി പണം വാങ്ങി കബളിപ്പിച്ചത്.

സര്‍ക്കാര്‍ സഹായം കിട്ടാതെ വന്നതിനെ തുടര്‍ന്ന് പ്രദീഷ് പീരുമേട് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ഏറ്റുമാനൂരില്‍ വീട് വാടകയ്‌ക്കെടുത്ത് കഴിയുന്നതായി മനസ്സിലാക്കിയ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഗോപിചന്ദ്, എസ്‌ഐ ജെഫി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ 11 കേസുകള്‍ ഇവരുടെ പേരിലുണ്ടെന്നു അന്വേഷണ സംഘം പറഞ്ഞു. നോര്‍ത്ത് പറവൂര്‍ പൊലീസ് സ്റ്റേഷനിലെ കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ഇരുവരും അടുത്തയിടെ ആണ് പുറത്ത് ഇറങ്ങിയത്.