കല്‍പറ്റ: മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ നടത്തിയ ജനകീയ തിരച്ചിലില്‍ മൂന്ന് ശരീര ഭാഗങ്ങള്‍ കൂടി കണ്ടെത്തി. ഇന്നലെ നടന്ന ജനകീയ തിരച്ചിലില്‍ കാന്തന്‍പാറ വനത്തിനുള്ളില്‍ നിന്നാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. സന്നദ്ധ പ്രവര്‍ത്തകരും പ്രദേശവാസികളും ക്യാംപില്‍ കഴിയുന്നവരും ജനപ്രതിനിധികളും അടക്കം രണ്ടായിരം പേര്‍ തിരച്ചിലില്‍ പങ്കെടുത്തു. ഇന്നും നാളെയും ജനകീയ തിരച്ചില്‍ തുടരും. ഇന്നലെ അട്ടമല ഭാഗത്തു നടന്ന തിരച്ചിലില്‍ കണ്ടെത്തിയ അസ്ഥികൂടം വിശദ പരിശോധനയ്ക്ക് അയച്ചു.

ദുരന്തത്തില്‍ പെട്ടവരുടെ 229 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തി. 178 പേരെ തിരിച്ചറിഞ്ഞു. 51 പേരെ കൂടി തിരിച്ചറിയാനുണ്ട്. ശരീരഭാഗങ്ങള്‍ തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധന ഉടന്‍ പൂര്‍ത്തിയാകും. അതേസമയം ക്യാംപില്‍ കഴിയുന്നവരുടെ താല്‍ക്കാലിക പുനരധിവാസത്തിനായി 253 വാടക വീടുകള്‍ കണ്ടെത്തിയെന്നും നൂറോളം വീടുകള്‍ പുനരധിവാസത്തിനു നല്‍കാമെന്ന് ഉടമകള്‍ സന്നദ്ധത അറിയിച്ചതായും മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ക്യാംപുകളിലും ആശുപത്രികളിലും കഴിയുന്നവരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചായിരിക്കും താല്‍ക്കാലിക പുനരധിവാസം സംബന്ധിച്ച തീരുമാനമെടുക്കുക.

ഇതിനായി 14 ക്യാംപുകളിലായി 18 സംഘങ്ങള്‍ സര്‍വേ നടപടികളിലാണ്. ഏതു പഞ്ചായത്തില്‍ താമസിക്കണമെന്നതു ക്യാംപില്‍ കഴിയുന്നവര്‍ക്കു തീരുമാനിക്കാം. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ രക്ഷാകര്‍ത്താവായി നിയോഗിച്ചു കൊണ്ടായിരിക്കും ബന്ധുക്കള്‍ മരിച്ചു തനിച്ചായിപ്പോയവരെ പുനരധിവസിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.