ബാങ്കിലെ പണം തട്ടാന്‍ റോഡപകടം സൃഷ്ടിച്ച് വയോധികനെ കൊലപ്പെടുത്തി; മുത്തൂറ്റ് മിനി ഗോള്‍ഡ് മാനേജര്‍ അടക്കം നാലുപേര്‍ അറസ്റ്റില്‍
കൊല്ലം: മക്കളും ബന്ധുക്കളുമായി പിണങ്ങി കഴിഞ്ഞിരുന്ന വയോധികനെ സ്വകാര്യ ബാങ്കിലുള്ള നിക്ഷേപം തട്ടിയെടുക്കാന്‍ വേണ്ടി റോഡ് അപകടം സൃഷ്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ മാനേജരായ വനിതയും ക്രിമിനല്‍ കേസ് പ്രതിയും അടക്കം നാലു പേര് അറസ്റ്റില്‍. കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊല്ലം ടൗണിലുള്ള മുത്തൂറ്റ് മിനി ഗോള്‍ഡ് മാനേജര്‍ സരിത, അരുംകൊലയ്ക്ക് ക്വട്ടേഷനെടുത്ത അനി എന്ന് വിളിക്കുന്ന അനിമോന്, കൊലയ്ക്ക് ഉപയോഗിച്ച കാര്‍ വാടകയ്ക്ക് കൊടുത്ത ആസിഫ്, ബാങ്കിലെ അക്കൗണ്ടന്റ് അനൂപ് എന്നിവര്‍ […]
- Share
- Tweet
- Telegram
- LinkedIniiiii
കൊല്ലം: മക്കളും ബന്ധുക്കളുമായി പിണങ്ങി കഴിഞ്ഞിരുന്ന വയോധികനെ സ്വകാര്യ ബാങ്കിലുള്ള നിക്ഷേപം തട്ടിയെടുക്കാന്‍ വേണ്ടി റോഡ് അപകടം സൃഷ്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ മാനേജരായ വനിതയും ക്രിമിനല്‍ കേസ് പ്രതിയും അടക്കം നാലു പേര് അറസ്റ്റില്‍. കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊല്ലം ടൗണിലുള്ള മുത്തൂറ്റ് മിനി ഗോള്‍ഡ് മാനേജര്‍ സരിത, അരുംകൊലയ്ക്ക് ക്വട്ടേഷനെടുത്ത അനി എന്ന് വിളിക്കുന്ന അനിമോന്, കൊലയ്ക്ക് ഉപയോഗിച്ച കാര്‍ വാടകയ്ക്ക് കൊടുത്ത ആസിഫ്, ബാങ്കിലെ അക്കൗണ്ടന്റ് അനൂപ് എന്നിവര്‍ കുടുങ്ങിയത്.
കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം ജൂണ്‍ 19നുണ്ടായ വാഹനാപകടത്തില്‍ പാപ്പച്ചന് (80) എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. പാപ്പച്ചന് സഞ്ചരിച്ചിരുന്ന സൈക്കിളില്‍ വാഗണര്‍ കാര്‍ തട്ടിയാണ് അപകടം സംഭവിച്ചത്. അപകടമുണ്ടാക്കിയ കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ഡ്രൈവറായ അനിയെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. സ്വാഭാവികമായ അപകടം എന്ന നിലയിലാണ് കേസ് മുന്നോട്ടു പോയത്. പാപ്പച്ചന് ബിഎസ്എന്‍എല്ലില്‍ നിന്ന് വിരമിച്ചയാളാണ്. കുടുംബവും മക്കളുമായി പിണങ്ങി കഴിയുകയായിരുന്നു. ജോലി ചെയ്തതും വിരമിച്ചപ്പോള്‍ കിട്ടിയ ആനുകൂല്യങ്ങളുമടക്കം വലിയ തുക പാപ്പച്ചന്റെ പേരില്‍ ഉണ്ടായിരുന്നു. പിതാവ് മരിച്ചതോടെ മക്കള്‍ ഈ സമ്പാദ്യം എവിടെ എന്ന് അന്വേഷിച്ച് രംഗത്തു വന്നു. അപ്പോഴാണ് കേരളം ഞെട്ടിയ അരുംകൊലയുടെ കഥകള്‍ പുറത്തു വന്നത്.
മുത്തൂറ്റ് മിനി ഗോള്‍ഡ് ബ്രാഞ്ചില്‍ ഒരു കോടിയോളം വരുന്ന തുക പാപ്പച്ചന് നിക്ഷേപമുണ്ടായിരുന്നുവെന്ന് മക്കള്‍ മനസിലാക്കി. ബ്രാഞ്ചിലെ ജീവനക്കാരുമായി പാപ്പച്ചന് നല്ല ബന്ധമായിരുന്നു. മക്കളും ബന്ധുക്കളുമായി പിണങ്ങി കഴിയുന്ന പാപ്പച്ചന് തന്റെ സമ്പാദ്യത്തിന് ആരെയും നോമിനി വച്ചിരുന്നില്ല. തന്റെ കഥകള്‍ മുഴുവന്‍ ബ്രാഞ്ച് മാനേജര്‍ സരിതയോടും മറ്റ് ജീവനക്കാരോടും പാപ്പച്ചന് പറഞ്ഞിരുന്നു. ഇദ്ദേഹം ഇല്ലാതായാല്‍ ആരും തിരക്കി വരാന്‍ സാധ്യതയില്ലെന്ന് മനസിലാക്കിയ സരിത കൊടുംക്രിമിനലായ അനിയുമായി ചേര്‍ന്ന് പാപ്പച്ചനെ കൊലപ്പെടുത്താന്‍ പദ്ധതി തയാറാക്കി.
പാപ്പച്ചന് ബാങ്കില്‍ ഇട്ടിരുന്ന തുകയുടെ പകുതിയോളം പണം വ്യാജ ഒപ്പിട്ട് സരിതയും അനൂപും ചേര്‍ന്ന് വായ്പയായി എടുത്തിരുന്നു. പാപ്പച്ചന് മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു പണം തട്ടിയത്. ഈ പണം ഉപയോഗിച്ചാണ് അനിയെ നിയോഗിച്ച് കൊലപാതകം ആസൂത്രണം ചെയ്തത്.
കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന് പരിധിയില്‍ ഒട്ടേറെ കേസുകളില്‍ പ്രതിയായ അനിയെ രണ്ടുലക്ഷം പ്രതിഫലമായി നല്‍കാം എന്നു വാഗ്ദാനം ചെയ്താണ് ക്വട്ടേഷന്‍ ഉറപ്പിച്ചത്. ഇതുപ്രകാരം അനി ജൂണ്‍ 19ന് ആസിഫ് എന്നയാളില്‍ നിന്ന് വാടകക്കെടുത്ത കാര്‍ പാപ്പച്ചന് ഉപയോഗിച്ച സൈക്കിളിലേക്ക് ഇടിച്ചു കയറ്റിയാണ് അപകടം ഉണ്ടാക്കിയത്. ആശ്രാമം മൈതാനത്തിന് തൊട്ടടുത്ത ഇടവഴിയില്‍ ആയിരുന്നു അപകടം. സ്ഥിരമായി സൈക്കിള്‍ മാത്രം ഉപയോഗിച്ചിരുന്ന ആളാണ് പാപ്പച്ചന്.
പാപ്പച്ചന് സൈക്കിളിലേ യാത്ര ചെയ്യൂവെന്നും പ്രതികള്‍ക്ക് നന്നായി അറിയാമായിരുന്നു. ജൂണ്‍ 19ന് പാപ്പച്ചന്റെ സൈക്കിളിലേക്ക് നീല നിറത്തിലുള്ള വാഗണ്‍ആര്‍ കാര്‍ ചെന്നിടിക്കുന്നതിന്റെ സിസിടിവി വീഡിയോ അന്നുതന്നെ പോലീസിന് കിട്ടിയിരുന്നു. എന്നാല്‍ അപ്പോഴും ഇത് ആസൂത്രിതമാണെന്ന് ആരും കരുതിയില്ല. കാറിന്റെ കളറും നമ്പറുമെല്ലാം നോക്കി ഓടിച്ചയാളെ അറസ്റ്റ് ചെയ്ത് കൊണ്ടു വന്നപ്പോഴും കൊലപാതകമാണെന്ന സൂചനകള്‍ ഒന്നും ഉണ്ടായിരുന്നില്ല.
പാപ്പച്ചന്റെ പണം അന്വേഷിച്ച് ചെന്ന മക്കളോട് പാപ്പച്ചന്റെ നിക്ഷേപത്തുകയില്‍ നിന്ന് പകുതിയോളം മരിക്കുന്നതിന് ഒരാഴ്ച മുന്‍പ് വായ്പയായി എടുത്തിട്ടുണ്ടെന്ന് മാനേജരും അക്കൗണ്ടന്റും അറിയിച്ചു. ഇത്ര വലിയ തുക ആര്‍ക്ക് വേണ്ടിയാണ് പിതാവ് എടുത്തത് എന്നറിയാന്‍ വേണ്ടി ബന്ധുക്കളോടും പരിചയക്കാരോടും മക്കള്‍ അന്വേഷണം നടത്തി. ഒരു പൈസ പോലും വെറുതെ ആര്‍ക്കും നല്‍കുന്നയാളല്ല പാപ്പച്ചന്. ആ സ്ഥിതിക്ക് പണം എവിടെ പോയി എന്ന് മക്കള്‍ക്ക് സംശയം ഉയര്‍ന്നു. അങ്ങനെ മകള്‍ കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്കി. കമ്മിഷണര്‍ വിവേക് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ഒരു വലിയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ബാങ്കില്‍ പോലീസ് നടത്തിയ പരിശോധനയില്‍ പാപ്പച്ചന്റെ സ്ഥിര നിക്ഷേപത്തില്‍ നിന്ന് പണം തട്ടിയത് വ്യാജ ഒപ്പിട്ടാണെന്ന് വ്യക്തമായി. ഒരു പാട് ഒപ്പ് രേഖപ്പെടുത്തേണ്ട സ്ഥലത്ത് അതൊന്നും ഉണ്ടായിരുന്നില്ല. ബാങ്ക് ജീവനക്കാരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. മാനേജര്‍ സരിതയും ക്രിമിനലായ അനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് കാള്‍ രേഖകളില്‍ നിന്ന് വ്യക്തമായി. തുടര്‍ന്ന് അനിയുടെ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഇതിലേക്ക് പണം എത്തിയത് കണ്ടെത്തി.
കൃത്യം ആസൂത്രണം ചെയ്യാന്‍ വേണ്ടി അനിയും സരിതയും രണ്ട് പുതിയ സിം കാര്‍ഡുകള്‍ എടുത്തിരുന്നു. ഇത് ഉപയോഗിച്ചാണ് ഇവര്‍ തമ്മില്‍ ആശയ വിനിമയം നടത്തിയിരുന്നത്. ഈ സിം കാര്‍ഡുകള്‍ പോലീസ് കണ്ടെടുത്തതാണ് വഴിത്തിരിവായത്. വിശദമായ ചോദ്യം ചെയ്യലില്‍ കൊല ആസൂത്രണം ചെയ്തത് പ്രതികള്‍ പൊലീസിനോട് പറയുകയായിരുന്നു.