- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്പര്‍ പ്ലേറ്റില്ലാത്ത ജീപ്പില്‍ സീറ്റ് ബല്‍റ്റില്ലാതെ യാത്ര; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍; ആകാശ് തില്ലങ്കേരിക്ക് എതിരെ കേസ് എടുത്ത് എം വി ഡി
വയനാട്: ഗതാഗത നിയമം ലംഘിച്ച ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ സവാരിക്കെതിരെ പരാതി. യൂത്ത് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഫര്സിന് മജീദ് എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിച്ച് കേസ് എടുക്കാന്‍ തീരുമാനം. മാന്തവാടി ആര്.ടി.ഒ സ്ക്വാഡിനെ ചുമതലപ്പെടുത്തി.
മോട്ടോര്‍ വാഹന നിയമം ലംഘിച്ചായിരുന്നു ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര. നമ്പര്‍ പ്ലേറ്റില്ലാത്ത, രൂപമാറ്റം വരുത്തിയ ജീപ്പില്‍ യാത്ര ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നത്. സീറ്റ് ബെല്‍റ്റ് ധരിക്കാതെയാണ് ആകാശ് തില്ലങ്കേരിയുടെ യാത്ര. വയനാട്ടില്‍ യാത്ര നടത്തുന്ന ദൃശ്യങ്ങള്‍ ആകാശ് തില്ലങ്കേരി തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
വയനാട് പനമരത്ത് നിന്നുള്ളതാണ് ദൃശ്യങ്ങള്‍. നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ സിനിമാ ഡയലോഗുകള്‍ അടക്കം ചേര്‍ത്താണ് ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ആകാശ് തില്ലങ്കേരി ഉപയോഗിച്ച ജീപ്പ് ഇയാളുടേതല്ല എന്ന വിവരവും ഇതിനോടകം പുറത്ത് വന്നു. മലപ്പുറം മൊറയൂര്‍ സ്വദേശി സുലൈമാന്റേതാണ് വാഹനം. നേരത്തെയും നിരവധി നിയമ ലംഘനങ്ങള്‍ക്ക് പിടിയിലായ വാഹനമാണിത്.
സാമൂഹിക മാധ്യമങ്ങളിലടക്കം നടത്തിയ പരിശോധനയിലാണ് വാഹനം തിരിച്ചറിഞ്ഞത്. 2021, 2023 വര്‍ഷങ്ങളിലും ഇതേ വാഹനം വിവിധ നിയമ ലംഘനങ്ങള്‍ നടത്തിയിരുന്നു. KL 10 BB 3724 എന്ന ജീപ്പാണിത്. വാഹനത്തിന്റെ രജിസ്ട്രഷന് നമ്പര്‍ ആകാശ് തില്ലങ്കേരി ഓടിച്ച സമയത്ത് പ്രദര്‍ശിപ്പിച്ചിരുന്നില്ല. വാഹനത്തിന്റെ ആര്‍സി സസ്പെന്‍ഡ് ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ക്ക് വയനാട് മോട്ടോര്‍ വാഹന വകുപ്പ് ശുപാര്‍ശ ചെയ്യും.