പാരിസ്: പാരിസ് ഒളിംപിക്സിലെ വനിതാ ടേബിള്‍ ടെന്നീസ് സിംഗിള്‍സില്‍ ഇന്ത്യയുടെ മണിക ബത്ര ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ ജപ്പാന്റെ മ്യൂ ഹിറാനോയോട് 1-4നാണ് ബത്ര തോറ്റത്. പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ഹിറാനോ എട്ടും ബത്ര 18 ഉം സീഡായിരുന്നു.

2020ലെ ടോക്യോ ഒളിംപിക്സില്‍ വെള്ളി നേടിയ ജാപ്പനീസ് ടീമിലെ അംഗമായ മ്യൂ ഹിറാനോയ്‌ക്കെതിരെ ആദ്യ ഗെയിം മണിക ബത്രയ്ക്ക് കടുപ്പമായി. ആദ്യ ഗെയിം 6-11നാണ് ബത്രയ്ക്ക് നഷ്ടമായത്. ഹിറാനോയുടെ ഫോര്‍ഹാന്‍ഡ് ആക്രമണത്തിന് മുന്നില്‍ മണികയ്ക്ക് മറുപടി ഇല്ലാതെവന്നു. രണ്ടാം ഗെയിമില്‍ 9-9ന് തുല്യതയില്‍ എത്തിയിരുന്നെങ്കിലും ഒടുവില്‍ 9-11ന് ബത്രയുടെ കയ്യില്‍ നിന്ന് വഴുതിപ്പോയി.

ഇതോടെ ഹിറാനോയ്ക്ക് അനുകൂലമായി ലീഡ് 0-2. മൂന്നാം ഗെയിമില്‍ ഒരുവേള 6-2ന് മുന്‍തൂക്കം മണിക ബത്ര നേടിയതോടെ മത്സരത്തിലേക്ക് ഇന്ത്യ ശക്തമായി തിരിച്ചുവരും എന്ന പ്രതീക്ഷയായി. എന്നാല്‍ ഹിറാനോ തിരിച്ചടിച്ചതോടെ മത്സരം ഗെയിം പോയിന്റുകളിലൂടെ നീണ്ടു. ഒടുവില്‍ ആവേശ മൂന്നാം ഗെയിം 14-12ന് എടുത്ത് മണിക ബത്ര ഇന്ത്യന്‍ പ്രതീക്ഷ നിലനിര്‍ത്തിയതോടെ ഗെയിംനില 1-2. നാലാം ഗെയിം 8-11ന് നേടി ഹിറാനോ ലീഡ് 1-3 ആക്കിയതോടെ ബത്ര വീണ്ടും പ്രതിരോധത്തിലായി.

നിര്‍ണായകമായ അഞ്ചാം ഗെയിമില്‍ തുടക്കത്തിലെ മ്യൂ ഹിറാനോ പിടിമുറുക്കി. 3-8ന് ആദ്യമേ ജപ്പാന്‍ താരം മുന്‍തൂക്കം നേടി. അവസാനം ഈ ഗെയിമും 11-6ന് നേടി ഹിറാനോ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു. തോറ്റെങ്കിലും ഒളിംപിക്സ് ചരിത്രത്തില്‍ പ്രീ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് താരം എന്ന റെക്കോര്‍ഡ് മണിക ബത്രയുടെ എന്നെന്നും ഓര്‍ത്തിരിക്കാം.

നേരത്തേ ഒളിംപിക്‌സ് ടേബിള്‍ ടെന്നിസില്‍ പ്രീക്വാര്‍ട്ടറില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് മനിക സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ വംശജയായ ഫ്രഞ്ച് താരം പ്രീതിക പാവഡെയെ 40ന് തോല്‍പിച്ചാണ് മനിക നേട്ടത്തിലെത്തിയത്. 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവാണ് മനിക ബത്ര.

ടേബിള്‍ ടെന്നിസ് വനിതാ സിംഗിള്‍സില്‍ സിംഗപ്പുര്‍ താരം സെങ് ജിയാനെ വീഴ്ത്തി ഇന്ത്യയുടെ ശ്രീജ അകുല പ്രീക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. ആവേശകരമായ മത്സരത്തില്‍ 42നാണ് ശ്രീജയുടെ വിജയം. ആദ്യ ഗെയിം നഷ്ടമാക്കിയ ശേഷം തിരിച്ചടിച്ചാണ് ശ്രീജ, സിംഗപ്പുര്‍ താരത്തെ വീഴ്ത്തിയത്.

അതേസമയം അശ്വാഭ്യാസത്തില്‍ ഇന്ത്യന്‍ താരം അനുഷ് അഗര്‍വല്ല പുറത്തായി. ഡ്രസ്സേജ് വ്യക്തിഗത ഇനത്തില്‍ 10 താരങ്ങള്‍ മത്സരിച്ചപ്പോള്‍ അനുഷ് ഒന്‍പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഷൂട്ടിങ് ട്രാപ് ഇനത്തില്‍ ഇന്ത്യന്‍ താരങ്ങളായ രാജേശ്വരി, ശ്രേയസി എന്നിവര്‍ ഫൈനല്‍ കാണാതെ പുറത്തായി. യഥാക്രമം 22,23 സ്ഥാനങ്ങളിലാണ് യോഗ്യതാ റൗണ്ടില്‍ ഇരുവരും ഫിനിഷ് ചെയ്തത്.