ധാക്ക : ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റു. നൊബേല്‍ സമ്മാനജേതാവായ മുഹമ്മദ് യൂനുസിന്റെ (84) നേതൃത്വത്തിലുള്ളതാണ് ഇടക്കാല സര്‍ക്കാര്‍. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ സത്യവാചകം ചൊല്ലികൊടുത്തു. ഇടക്കാല സര്‍ക്കാരില്‍ രാഷ്ട്രീയക്കാരുടെ പ്രതിനിധികള്‍ ആരുമില്ല. സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭത്തെ തുടര്‍ന്ന് ഷെയ്ഖ് ഹസീന രാജിവച്ചതിനെ തുടര്‍ന്നാണ് ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റത്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കണമെന്നായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം. ഇതാണ് അംഗീകരിക്കപ്പെട്ടത്.

സാമൂഹിക, മനുഷ്യാവകാശ പ്രവര്‍ത്തകരും വിദ്യാര്‍ഥി, സൈനിക പ്രതിനിധികളുമാണുള്ളത്. വിദ്യാര്‍ഥി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ വിവേചനവിരുദ്ധ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവ് നഹിദ് ഇസ്ലാമും ആസിഫ് മുഹമ്മദും ഇടക്കാല സര്‍ക്കാരില്‍ ഇടം നേടിയിട്ടുണ്ട്. 16 അംഗങ്ങളാണ് ഉപദേശക സമിതിയിലുള്ളത്. യൂനുസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ബംഗ്ലദേശ് വളരെപ്പെട്ടെന്ന് സാധാരണനിലയിലെത്തുമെന്നും ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുമെന്നും പ്രതീക്ഷിക്കുന്നതായി മോദി എക്‌സില്‍ പറഞ്ഞു. 17 വര്‍ഷത്തിനുശേഷമാണ് ബംഗ്ലദേശില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. ഷെയ്ഖ് ഹസീനയുടെ പതനത്തെ രണ്ടാം വിമോചന ദിവസമെന്നാണ് യൂനുസ് വിശേഷിപ്പിച്ചത്.

തൊഴില്‍നിയമം ലംഘിച്ചെന്ന കേസില്‍ മുഹമ്മദ് യൂനുസിനെതിരായ ശിക്ഷാവിധി ബംഗ്ലദേശ് കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. 6 മാസം തടവിനു കഴിഞ്ഞ ജനുവരിയിലാണു യൂനുസിനെ ശിക്ഷിച്ചത്. ഷെയ്ഖ് ഹസീനയുടെ ശക്തനായ വിമര്‍ശകനായിരുന്നു യൂനുസ്. സര്‍ക്കാരിന്റെ വിമര്‍ശകനായി മാറിയതോടെ ഷെയ്ഖ് ഹസീനാ സര്‍ക്കാര്‍ യൂനസിനെ വേട്ടയാടി. രാഷ്ട്രീയപാര്‍ട്ടിയുമായി യൂനുസ് എത്തുമെന്നും തനിക്കു ഭീഷണിയാകുമെന്നും ഹസീന കരുതി. 2011 ല്‍ ഗ്രാമീണ ബാങ്കിന്റെ മാനേജിങ് ഡയറക്ടര്‍ പദവിയില്‍ നിന്ന് പുറത്താക്കപ്പെട്ടു.

നൊബേല്‍ സമ്മാനമായി ലഭിച്ച തുകയും പുസ്തകത്തിന്റെ റോയല്‍റ്റിയും സ്വീകരിച്ചതിന് സര്‍ക്കാര്‍ അനുമതിയില്ലാതെ ഫണ്ട് സ്വീകരിച്ചുവെന്ന കുറ്റം ചുമത്തപ്പെട്ടു.

ഇടക്കാല സര്‍ക്കാര്‍ അംഗങ്ങള്‍

ഡോ. സലേഹുദ്ദീന്‍ അഹമ്മദ്ബംഗ്ലദേശ് ബാങ്ക് മുന്‍ ഗവര്‍ണര്‍
ബ്രിഗേഡിയര്‍ ജനറല്‍ എം.സഖാവത്ത് ഹുസൈന്‍
മുഹമ്മദ് നസ്‌റുല്‍ ഇസ്ലാംനിയമ ഗവേഷകന്‍, സാമൂഹികപ്രവര്‍ത്തകന്‍
അദിലുര്‍ റഹ്‌മാന്‍ ഖാന്‍മനുഷ്യാവകാശ പ്രവര്‍ത്തകന്‍, മനുഷ്യാവകാശ സംഘടനയായ ഒധികറിന്റെ സ്ഥാപകന്‍
എ.എഫ്, ഹസന്‍ ആരിഫ്മുന്‍ അറ്റോണി ജനറല്‍
മുഹമ്മദ് തൗഹീദ് ഹുസൈന്‍മുന്‍ വിദേശകാര്യ സെക്രട്ടറി
സയീദ റിസ്വാന ഹസന്‍ബംഗ്ലദേശ് എന്‍വയോണ്‍മെന്റല്‍ ലോയേഴ്‌സ് അസോസിയേഷന്‍ (ബെല)
സുപ്രദിപ് ചക്മചിറ്റഗോങ് ഹില്‍ ട്രാക്ട്‌സ് ഡെവലപ്‌മെന്റ് ബോര്‍ഡ്
ഫരീദ അക്തര്‍കാര്‍ഷികഫിഷറീസ് ഗവേഷക
ബിധാന്‍ രഞ്ജന്‍ റോയ്മനഃശാസ്ത്ര വിദഗ്ധ
ഷര്‍മീന്‍ മുര്‍ഷിദ്മനുഷ്യാവകാശ പ്രവര്‍ത്തക
എ.എഫ്.എം. ഖാലിദ് ഹുസൈന്‍ഇസ്ലാമിക് പണ്ഡിതന്‍
ഫറൂഖ് ഇ അസംസ്വാതന്ത്ര്യ സമര സേനാനി
നൂര്‍ജഹാന്‍ ബീഗംഗ്രാമീന്‍ ബാങ്ക് ട്രസ്റ്റി
നഹിദ് ഇസ്ലാംവിവേചനവിരുദ്ധ വിദ്യാര്‍ഥി പ്രസ്ഥാനം നേതാവ്
ആസിഫ് മുഹമ്മദ്‌വിവേചനവിരുദ്ധ വിദ്യാര്‍ഥി പ്രസ്ഥാനം നേതാവ്