ലണ്ടന്‍: ബ്രിട്ടണിലെ ഒരു വീട്ടില്‍ നിന്നും നല്‍കിയ മാലിന്യ കൂടയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കൊലപാതക ശ്രമത്തിനും ബാല അവഗണനയ്ക്കും, പ്രസവം മറച്ചു വെച്ചതിനും ഒരു 26 കാരനെയും കുഞ്ഞിനെ കൊന്നതിന് ഒരു 29 കാരിയേയും അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

കേസിന്റെ അന്വേഷണം തുടരുകയാണ്. ലണ്ടന്‍, കാംഡണിലെ ടാവിറ്റോണ്‍ സ്ട്രീറ്റിലേക്ക് പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. ആംബുലന്‍സ് സര്‍വ്വീസും പോലീസിനൊപ്പം എത്തിയിരുന്നെങ്കിലും കുഞ്ഞ് മരണപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്, ആ മാലിന്യ കൂട ഇരുന്നിരുന്നതിന്റെ സമീപമുള്ള വീട്ടില്‍ പോലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ഫൊറെന്‍സിക് പരിശോധനയിലൂടെയാണ് കുട്ടിയുടെ ജനനം പൂര്‍ണ്ണമായും വീടിനകത്താണ് നടന്നതെന്ന് മനസ്സിലായതെന്ന് മെട്രോപോലിറ്റന്‍ പോലീസ് വെളിപ്പെടുത്തി.

അന്വേഷണത്തില്‍ പൂര്‍ണ്ണമായും സഹകരിച്ച പ്രദേശവാസികളോട് നന്ദി രേഖപ്പെടുത്തിയ പോലീസ്, ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നവര്‍ പോലീസുമായി ബന്ധപ്പെടണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നും, തീര്‍ത്തും ആശങ്കയുണര്‍ത്തുന്നതാണെങ്കിലും ആരും പരിഭ്രമിക്കേണ്ടതില്ല എന്നും പോലീസ് പറയുന്നു. സംഭവ സ്ഥലത്ത് മറ്റ് പരിശോധനകള്‍ നടക്കുന്നതിനാല്‍ പുറത്തുള്ളവര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.