ന്യൂഡല്‍ഹിന്മ കേന്ദ്രഭരണപ്രദേശമായ ലഡാക്കിന് പുതിയ അഞ്ച് ജില്ലകള്‍ കൂടി പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇതുസംബന്ധിച്ച തീരുമാനം എക്‌സിലൂടെ അറിയിച്ചത്. ലഡാക്കിനെ പ്രധാനമന്ത്രിയുടെ സ്വപ്നംപോലെ വികസിതവും സമൃദ്ധവുമാക്കാനുള്ള നടപടികളുടെ ഭാഗമായാണു പുതിയ ജില്ലകള്‍ രൂപീകരിച്ചതെന്നാണ് അമിത് ഷായുടെ കുറിപ്പില്‍ പറയുന്നത്. സന്‍സ്‌കാര്‍, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നിങ്ങനെയാണു ജില്ലകളുടെ പേരുകള്‍.

നിലവില്‍ ലേ, കാര്‍ഗില്‍ എന്നീ ജില്ലകള്‍ മാത്രമാണുണ്ടായിരുന്നത്. ഇവ രണ്ടും സ്വയം ഭരണാധികാരമുള്ള ജില്ലാ ഭരണകൂടമാണു ഭരിച്ചിരുന്നത്. പുതിയ ജില്ലകള്‍കൂടി വരുന്നതോടെ ലഡാക്കിലെ ജില്ലകളുടെ എണ്ണം 7 ആകും. 2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിനെ വിഭജിച്ച് ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയത്. ജമ്മു കശ്മീരിനു പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ചെയ്തിരുന്നു.

ഭരണപരമായ കാര്യങ്ങള്‍ കൃത്യമായി നടപ്പാക്കാന്‍ വേണ്ടിയാണ് അഞ്ചു ജില്ലകള്‍ കൂടി കൂട്ടിച്ചേര്‍ത്തതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാകുന്നു. കേന്ദ്രഭരണപ്രദേശത്ത് എവിടെനിന്നും ഔദ്യോഗിക കാര്യങ്ങള്‍ക്കായി ലഡാക്കില്‍ എത്തിയാലേ സ്വദേശികള്‍ക്കു കാര്യങ്ങള്‍ നടക്കുകയുള്ളൂ. ദുര്‍ഘട പാതകളിലൂടെ അങ്ങനെ എത്തിച്ചേരുകയെന്നതു ബുദ്ധിമുട്ടേറിയതാണ്. അടിസ്ഥാന സൗകര്യങ്ങളും കുറവാണ്. സംസ്ഥാന പദവി വേണമെന്ന് ആവശ്യപ്പെട്ട് ലഡാക്കില്‍ അടുത്തിടെ വലിയ പ്രതിഷേധം നടന്നിരുന്നു. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അതു ബിജെപിക്ക് തിരിച്ചടിയുമായി.

ചൈനയുമായുള്ള അതിര്‍ത്തിപ്രശ്‌നങ്ങളുള്ളതിനാല്‍ സംസ്ഥാന പദവി ലഡാക്കിന് നല്‍കാനാകില്ല. അതുകൊണ്ടുതന്നെ മേഖലയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടുകൂടിയാണ് അഞ്ച് ജില്ലകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് പുതിയ കലക്ടര്‍മാരും ഓഫിസും സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇതുവഴി മേഖലയിലേക്ക് എത്തും. കേന്ദ്ര സര്‍ക്കാരിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തെ കുറയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ.