- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പെയിനിലെ ടെനറീഫില്‍ കാണാതായ ബ്രിട്ടീഷ് കൗമാരക്കാരന്റെ മൃതശരീരം കണ്ടെടുത്ത് സ്പാനിഷ് പോലീസ്; മലയിടുക്കുകളില്‍ നടന്നത് ദുഷകര ദൗത്യം
ലണ്ടന്‍: യുകെയിലെ ലങ്കാഷയര്‍, ഓസ്വാള്ഡ്ട്വിസ്റ്റില് നിന്നുള്ള അപ്രന്റീസ് ബ്രിക്ക്ലയര് ആയ ജെയ് സ്ലേറ്റര്‍ എന്ന 19 കാരന്റെ മൃതദേഹം, അയാള്‍ അപ്രത്യക്ഷനായി 29 ദിവസങ്ങള്‍ക്ക് ശേഷം സ്പെയിനിലെ മലയിടുക്കുകളില്‍ നിന്നും കണ്ടെത്തി. ഇക്കഴിഞ്ഞ ജൂണ്‍ 17 ന് ആയിരുന്നു ഇയാളെ, സ്പെയിനിലെ വിനോദകേന്ദ്രമായ ടെനറീഫ് ദ്വീപില്‍ വെച്ച് കാണാതാകുന്നത്. ഫോണിലും ലഭ്യമല്ലാതായതിനെ തുടര്‍ന്ന് സ്പാനിഷ് പോലീസ് ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.
13 ദിവസം നീണ്ട് തിരച്ചിലിനൊടുവില്‍ വിവരങ്ങള്‍ ഒന്നും ലഭിക്കാതായപ്പോള്‍, തിരച്ചില്‍ ഔദ്യോഗികമായി നിര്‍ത്തിയിരുന്നു. എങ്കിലും, തിരച്ചില്‍ രഹസ്യമായി തുടര്‍ന്നു. ഇന്നലെയായിരുന്നു, മൃതദേഹം കണ്ടെടുത്ത വിവരം പോലീസ് അറിയിച്ചത്. മൃതദേഹം തിരിച്ചറിയാന്‍ ആയിട്ടില്ലെങ്കിലും, ഇത് സ്ലേറ്റര്‍ തന്നെയായിരിക്കാനാണ് സാധ്യത എന്ന് പോലീസ് ഉറപ്പിച്ചു പറയുന്നു.
കയറിച്ചെല്ലാന്‍ ഏറെ ക്ലേശകരമായ മലയിടുക്കുകളിലേക്ക് മൗണ്ടന്‍ റെസ്ക്യൂ ടീം കയറിച്ചെന്ന് തിരച്ചില്‍ നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പോലീസ് പുറത്തു വിട്ടിട്ടുണ്ട്. ചെങ്കുത്തായ കൊടുമുടികള്‍ക്കിടയിലെ ഒരു മലയിടുക്കില്‍ നിന്നായിരുന്നു മൃതദേഹം ലഭിച്ചത്. 29 ദിവസങ്ങള്‍ നീണ്ടു നിന്ന ഔദ്യോഗികവും അനൗദ്യോഗികവുമായ തിരച്ചിലിന്റെ അവസാന നിമിഷങ്ങളാണ് ഇന്നലെ വീഡിയോയിലൂടെ പോലീസ് പുറത്തു വിട്ടത്.
മാാസ്കാ ഗ്രാമത്തില്‍ നിന്നും ഏറെ മാറി ഒരു ഒറ്റപ്പെട്ട സ്ഥലത്തു നിന്നാണ് മൃതദേഹം ലഭിച്ചതെന്ന് സ്പാനിഷ് സിവില്‍ ഗാര്‍ഡ് അറിയിച്ചു. കോടതി ഉത്തരവുണ്ടായിരുന്നതിനാലാണ് ഔദ്യോഗിക അന്വേഷണം നിര്‍ത്തിയിട്ടും രഹസ്യമായ തിരച്ചില്‍ തുടര്‍ന്നതെന്ന് ഔദ്യോഗിക വൃത്തങ്ങളും അറിയിച്ചു. കയറിച്ചെല്ലാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഇടത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. അതുകൊണ്ടു തന്നെയാണ് അത് കണ്ടെത്താന്‍ വൈലിയതെന്നും ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒഴിവുകാലം ആഘോഷിക്കാന്‍ എത്തിയ സ്ലേറ്റര്‍ സുഹൃത്തുക്കള്‍ക്ക് ഒപ്പം എന്‍ ആര് ജി മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുത്തിരുന്നു. പിന്നീടാണ് കാണാതാവുന്നത്. ഇയാളുടെ താമസസ്ഥലത്തു നിന്നും 11 മണിക്കൂര്‍ യാത്ര ചെയ്താലെത്തുന്ന ഡി ടെനൊ പാര്‍ക്കില്‍ വെച്ചായിരുന്നു ഇയാളെ അവസാനമായി കാണുന്നത്. അവിടെ നിന്നും ഇയാള്‍, തനിക്ക് വഴി തെറ്റിയെന്നും, നിര്‍ജ്ജലീകരണം മൂലം അവശനായെന്നും ഇയാളുടെ സുഹൃത്തിനെ ഫോണിലൂടെ വിളിച്ച് അറിയിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ ബാറ്ററി ചാര്‍ജ്ജ് തീരുകയാണെന്നും അറിയിച്ചിരുന്നു.