- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറി ശേഖരിക്കാന്‍ വര്‍ക്കേഴ്സ് വിസയിലെത്തിയവരെ ജോലിയുടെ സ്പീഡ് കുറവെന്ന് പറഞ്ഞ് തിരിച്ചയച്ച് ഇംഗ്ലണ്ടിലെ ഫാം; ബ്രിട്ടീഷ് ചൂഷണ കഥ
ലണ്ടന്‍: ആയിരക്കണക്കിന് പൗണ്ട് മുടക്കി, ബ്രിട്ടനിലെ തോട്ടങ്ങളില്‍ പഴങ്ങള്‍ പറിക്കുന്ന സീസണല്‍ ജോലിക്കെത്തിയ ഇന്തോനേഷ്യന്‍ തൊഴിലാളികളെ, ജോലിക്ക് വേഗത പോരെന്ന കാരണത്താല്‍ തിരിച്ചയച്ചു. യു കെയിലെ ഒട്ടുമിക്ക വന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ചെറി ഉള്‍പ്പടെയുള്ള പഴങ്ങള്‍ വിതരണം ചെയ്യുന്ന ഫാമിലാണ് സംഭവം. തൊഴിലാളികള്‍ ജോലിയില്‍ കയറി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പിരിച്ചുവിടുകയായിരുന്നു.
അതിലൊരു തൊഴിലാളി പറഞ്ഞത്, ബ്രിട്ടനിലേക്ക് വരാനുള്ള പണമുണ്ടാക്കാനായി തന്റെ സ്ഥലവും തന്റെയും പിതാവിന്റെയും ബൈക്ക് വില്‍ക്കുകയും ചെയ്തു എന്നാണ്. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ഇയാള്‍ ജോലിയില്‍ കയറിയത്. പിരിച്ചുവിട്ടതോടെ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണെന്നും അയാള്‍ പറയുന്നു. 2,000 പൗണ്ട് വരെയായിരുന്നു ഇയാള്‍ക്ക് മൊത്തം ചെലവായത്.
യു കെ യിലേക്ക് പെട്ടെന്ന് എത്താമെന്ന വാഗ്ദാനം നല്‍കി ഒരു ഇന്തോനേഷ്യന്‍ സ്ഥാപനം, 1,100 പൗണ്ട് വരെ അനധികൃത ഫീസ് ഈടാക്കിയ നിരവധി തൊഴിലാളികളില്‍ ഒരാളാണ് ഇത്. തൊഴിലാളി ചൂഷണത്തിനെതിരെ പ്രവര്‍ത്തിക്കുന്ന വാച്ച്‌ഡോഗ് ഇപ്പോള്‍ ഇക്കാര്യം അന്വേഷിക്കുകയാണു. ഇന്തോനേഷ്യയില്‍ ഭക്ഷണം വിറ്റ് പ്രതിമാസം 100 പൗണ്ട് വരെ വരുമാനമുണ്ടായിരുന്ന വ്യക്തിയാണിയാള്‍.
പെട്ടെന്ന് പണമുണ്ടാക്കുന്നതിനായി സ്വത്തെല്ലാം വിറ്റതില്‍ ഇയാളുടെ മാതാപിതാക്കള്‍ ഏറെ നിരാശരാണെന്ന് പറയുന്നു. ഇപ്പോഴത്തെ സാഹചര്യം തന്നെ ആശയക്കുഴപ്പത്തിലാക്കുക മാത്രമല്ല, കുപിതനും ഭ്രാന്തനും ആക്കുന്നു എന്നും അയാള്‍ പറയുന്നു. ഇപ്പോള്‍, ഇന്തോനേഷ്യയിലും ജോലി ചെയ്യാനുള്ള സാഹചര്യമില്ല. ഉള്ളതെല്ലാം വിറ്റാണ് യു കെ യിലെക്ക് വന്നതെന്നും അയാള്‍ പറയുന്നു.
ഇത്തരത്തില്‍ പിരിച്ചുവിടപ്പെട്ട നാലുപേരുമായി തങ്ങളുടെ പ്രതിനിധി സംസാരിച്ചതായി ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ മൂന്ന് പേരുടെ കൈയ്യിലും മൂന്നാമതൊരു കക്ഷിക്ക് ഫീസ് ഇനത്തില്‍ പണം നല്‍കിയതിന്റെ വ്യക്തമായ തെളിവുകള്‍ ഉണ്ട്. അതിനു പുറമെ 1000 പൗണ്ടോളം വിമാന ടിക്കറ്റ്, വിസ തുടങ്ങിയവയ്ക്കായി ലൈസന്‍ ഉള്ള റിക്രൂട്ടര്‍മാര്‍ക്ക് കൈമാറിയിട്ടുമുണ്ട്.
ഇന്തോനേഷ്യയില്‍ ഫീസ് നല്‍കി എന്നത്, സീസണല്‍ വര്‍ക്കര്‍ സ്‌കീമിലും തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനുള്ള സാധ്യത വലുതാണ് എന്ന സംശയം ഉയര്‍ത്തുകയാണ്. യു കെ യിലെ ഫാമുകളില്‍ ജോലി ചെയ്യുന്നതിനായി ആറു മാസത്തേക്ക് വിസ നല്‍കുന്നതാണ് സീസണല്‍ വര്‍ക്കര്‍ സ്‌കീം. എന്നാല്‍ വിസയ്ക്കുള്‍പ്പടെയുള്ള ചെലവുകള്‍ എല്ലാം തന്നെ തൊഴിലാളികള്‍ വഹിക്കണം.
ഏതായാലും, പുതിയ ഇമിഗ്രേഷന്‍ മന്ത്രി സീമ മല്‍ഹോത്ര ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്നാണ് ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സീസണല്‍ വിസ പദ്ധതിയില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണമെന്ന് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി നേരത്തേ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, അതിനേക്കാള്‍ ഉപരിയായ സംരക്ഷണം ഉറപ്പാക്കണം എന്നാണ് ഇപ്പോള്‍ ഉയരുന്ന വാദം. ചുരുങിയത് രണ്ട് മാസത്തെ തൊഴില്‍ എങ്കിലും ഉറപ്പ് നല്‍കണം എന്ന വ്യവസ്ഥ കൂടി ഉള്‍പ്പെടുത്തണം എന്ന വാദവും ഉയരുന്നുണ്ട്.
ഹിയര്‍ഫോര്‍ഡ്ഷയറിലെ ഹേഗ്രോവ് ഫാം, ജോലി തുടങ്ങി അഞ്ച് മുതല്‍ ആറ് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ജോലിക്ക് വേഗത പോരാ എന്ന് പറഞ്ഞ് നേരത്തെ പരാമര്‍ശിച്ച തൊഴിലാളിയെയും വേരെ നാലുപേരെയും പിരിച്ചുവിടുകയായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ അവരെ റിക്രൂട്ട് ചെയ്ത കമ്പനി വിമാന ടിക്കറ്റ് എടുത്ത് ഇവരെ നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. ഒരു ദിവസം 20 കിലോ ചെറി പറിക്കണം എന്നതായിരുന്നു കരാര്‍ എന്ന് പിരിച്ചുവിടപ്പെട്ട ഒരു തൊഴിലാളി പറയുന്നു. എന്നാല്‍, എല്ലാ ദിവസവും, പറിക്കാന്‍ പാകമായ പഴങ്ങള്‍ ആവശ്യത്തിന് ഇല്ലാത്തതിനാല്‍ ഈ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിയാറില്ല എന്നും അയാള്‍ പറഞ്ഞു.
അതേസമയം, അവര്‍ക്ക് മെച്ചപ്പെട്ട വേഗതയില്‍ ജോലി ചെയ്യാനുള്ള സാവകാശം നല്‍കിയെന്നും വേതനം നല്‍കിയെന്നുമാണ് ഫാം അവകാശപ്പെടുന്നത്. നേടാവുന്ന ടാര്‍ഗറ്റ് മാത്രമാണ് നല്‍കാറുള്ളതെന്നും, ചില തൊഴിലാളികള്‍ അതിന്റെ ഇരട്ടി വേഗതയില്‍ ജോലി ചെയ്യുന്നുണ്ടെന്നും ഫാം വക്താവ് പറഞ്ഞു. മെയ് മാസത്തില്‍ ജോലിക്ക് കയറിയ ഇവരെ ജൂണ്‍ 24 നാണ് പിരിച്ചു വിട്ടത്. ഇതിനോടകം തന്നെ അവര്‍ 2,55 പൗണ്ട് മുതല്‍ 3,874 പൗണ്ട് വരെ സമ്പാദിച്ചിട്ടുണ്ടെന്നും വക്താവ് അറിയിച്ചു. ഇതില്‍ രണ്ടു പേര്‍ വിമാനത്തില്‍ കയറാതെ ലണ്ടനിലേക്ക് പോയെന്നും, ഒരു കുടിയേറ്റ ക്ഷേമ പ്രവര്‍ത്തകന്റെ ഇടപെടല്‍ കാരണം ഇവര്‍ക്ക് ഒരു പാക്ക് ഹൗസില്‍ ജോലി നല്‍കിയിട്ടുണ്ടെന്നും ഫാം വക്താവ് അറിയിച്ചു.