ലണ്ടന്‍: വേനല്‍ക്കാലത്ത് യുകെയിലെ കാര്‍ വാഷുകളിലും ചില സൗന്ദര്യ വര്‍ദ്ധക കേന്ദ്രങ്ങളിലും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുമെന്ന് ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രഖ്യാപിച്ചു. അനധികൃത കുടിയേറ്റക്കാരെ ജോലിക്കായി നിയമിക്കുന്നത് തടയുന്നതിനുള്ള നടപടിയുടെ ഭാഗമായി ഉദ്യോഗസ്ഥരെ പുനര്‍വിന്യസിച്ചതായും സണ്‍ ഓണ്‍ സണ്‍ഡേ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ഹോം സെക്രട്ടറി വിശദമാക്കി. കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് അയയ്ക്കുന്നതിനുള്ള പദ്ധതിയില്‍ 1000 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നു എന്നത് തന്നില്‍ ഞെട്ടലുളവാക്കി എന്നും യുവറ്റ കൂപ്പര്‍ എഴുതിയിട്ടുണ്ട്.

കഴിഞ്ഞ് കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായ റുവാണ്ടന്‍ പദ്ധതി ലേബര്‍ സര്‍ക്കാര്‍ അധികാരത്തിലേറെ ഏറെ വൈകാതെ നിര്‍ത്തലാക്കിയിരുന്നു. ഇപ്പോള്‍, ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റിനോട് വേനല്‍ക്കാലത്ത് അവരുടെ പൃവര്‍ത്തനം ശക്തമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും യുവറ്റ് കൂപ്പര്‍ പറഞ്ഞു. യു കെ യില്‍ നിയമ വിരുദ്ധമായി ജോലി ചെയ്ത് ക്രിമിനല്‍ സംഘങ്ങള്‍ക്ക് ധനാഗമന മാര്‍ഗ്ഗമാകുന്നവരില്‍ ആയിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. കാര്‍ വാഷുകള്‍, സൗന്ദര്യ വര്‍ദ്ധക മേഖല തുടങ്ങിയവയാണ് അവയില്‍ പ്രധാനം.

ശരിയായ രീതിയില്‍ നിയന്ത്രിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു കുടിയേറ്റ സംവിധാനം ഉണ്ടാകണമെന്നാണ് രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. സംഘര്‍ഷങ്ങളില്‍ നിന്നും അടിച്ചമര്‍ത്തലുകളില്‍ നിന്നും രക്ഷപ്പെട്ട് ഓടിയെത്തുന്നവരെ ബ്രിട്ടന്‍ സഹായിക്കണം എന്ന് അവര്‍ ആഗ്രഹിക്കുന്നു. അതേസമയം, രാജ്യത്ത് തുടരാന്‍ അര്‍ഹതയില്ലാത്തവരെ ഉടനടി നാടുകടത്തണം എന്നും അവര്‍ ആഗ്രഹിക്കുന്നു.

അതിര്‍ത്തി സുരക്ഷ ലേബര്‍ സര്‍ക്കാരിന്റെ പ്രഥമ പരിഗണനയിലുള്ള കാര്യങ്ങളില്‍ ഒന്നാണെന്ന് പറഞ്ഞ അവര്‍, തെരെഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത ബോര്‍ഡര്‍ സെക്യൂരിറ്റി കമാന്‍ഡ് രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും അറിയിച്ചു. ചെറു യാനങ്ങളില്‍ കടല്‍ കടന്നെത്തുന്നവരെ തടയാന്‍ കുറച്ചധികം സമയം എടുക്കുമെന്ന് പറഞ്ഞ അവര്‍ തൊലിപ്പുറത്തെ ചികിത്സ പോരെന്നും ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടികളാണ് ആവശ്യമെന്നും പറയുന്നു.